theft

തിരുവനന്തപുരം:ഭീമാ ഗ്രൂപ്പ് ജുവലറി ഉടമ ബി.ഗോവിന്ദന്റെ വീട്ടിലെ കവർച്ചയിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ബി.ഗോവിന്ദന്റെ വീട്ടിലെ സി.സി.ടി.വിയിൽ നിന്ന് ലഭിച്ച പ്രതിയുടെ ദൃശ്യം കൂടുതൽ വ്യക്തമായി ലഭിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും ആദ്യ ശ്രമം വിഫലമായി.തുടർന്ന് വിദഗ്ദ്ധ സംഘത്തിന്റെ നേതൃത്വത്തിൽ ദൃശ്യം വലുതാക്കിയെടുക്കുവാനുള്ള ശ്രമം ആരംഭിച്ചു. ഇതിൽ നിന്ന് പ്രതിയുടെ രേഖാചിത്രം തയ്യാറാക്കും

. നിലവിൽ വീട്ടിൽ ജോലിക്കുണ്ടായിരുന്നവരെയും, ഇവിടെ മുമ്പ് ജോലിക്ക് വന്നവരേയും കേന്ദ്രീകരിച്ചാണ് അന്വേഷണം .വീട്ടിൽ മുമ്പ് പല ജോലികൾക്കായി വന്നവരിൽ അന്യ സംസ്ഥാന തൊഴിലാളികളുമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു ഇവരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടികൾ ആരംഭിച്ചു. സി.ടി.വി ദൃശ്യങ്ങളിൽ കണ്ട ആളെ തിരിച്ചറിയാൻ വീട്ടുകാർക്കോ വീട്ടിൽ ജോലി ചെയ്യുന്നവർക്കോ സമീപവാസികൾക്കോ കഴിഞ്ഞിട്ടില്ല. സി.സി.ടിവിയിൽ പതിഞ്ഞ മുഖഛായ പ്രകാരം മോഷ്ടാവ് ഉത്തരേന്ത്യക്കാരനെന്നാണു സംശയം. പ്രതിയുടെ മോഷണ രീതിയും ഇത് സൂചിപ്പക്കുന്നതായി പൊലീസ് പറഞ്ഞു. രാജ്ഭവനു സമീപം സുരക്ഷാ മേഖലയിൽ ഉയർന്ന മതിലുള്ള ഗോവിന്ദന്റെ വീടും പരിസരവും നേരത്തേ വന്നു കണ്ടു പരിചയമുള്ളവർക്കല്ലാതെ ഇത്തരത്തിൽ ഈ വീട്ടിൽ കടക്കാനാവില്ലെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.മൂന്നു വളർത്തുനായ്ക്കളും സെക്യൂരിറ്റി ജീവനക്കാരുമുള്ള വീട്ടിൽ നടന്നത് ആസൂത്രിത മോഷണമാണെന്നു പൊലീസ് ഉറപ്പിച്ച് പറഞ്ഞു. മോഷണത്തിന് വീടിനെക്കുറിച്ച് മുൻ പരിചയമുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്.

സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് ഒരാൾ മാത്രമാണ് മോഷണത്തിന് അകത്ത് കടന്നതായി കാണുന്നതെങ്കിലും ഒരാൾ കൂടി പ്രതിയെ സഹായിക്കാനുള്ള സാദ്ധ്യതയും പൊലീസ് തള്ളികളയുന്നില്ല. വീടിന്റെ ജനലോ വാതിലോ തകർക്കാതെ പിൻവശത്തെ ഡൈനിംഗ് ഹാളിന് സമീപത്തെ കോറിഡോറിലൂടെയോ ഒരാൾക്ക് കടക്കാവുന്ന വലിപ്പമുള്ള ജനലിലൂടെയാവാം ഇയാൾ അകത്ത് കടന്നതെന്നും,സമീപത്തെ വീടുകൾക്ക് മുകളിലൂടെയാകാം വീടിന്റെ കോമ്പൗണ്ടിലേക്ക് എത്തിയതെന്നും പൊലീസ് പറഞ്ഞു.ബുധനാഴ്ച വിഷുദിനത്തിൽ പുലർച്ചെയാണ് കവർച്ച നടന്നത്. 2.30 ലക്ഷം രൂപയുടെ വജ്രാഭരണങ്ങളും 60,000 രൂപയുമാണ് കവർച്ച ചെയ്തത്.ഗോവിന്ദന്റെ മകൾ വ്യാഴാഴ്ച ബംഗളൂരുവിലേക്ക് കൊണ്ടുപോകാൻ ബാഗിൽ സൂക്ഷിച്ചിരുന്ന ബ്രേസ്‌ലെറ്റ് ,മോതിരം, കമ്മൽ എന്നിവയും കവർച്ച ചെയ്തതിലുണ്ടായിരുന്നു.ഡി.സി.പി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ മ്യൂസിയം പൊലീസാണ് അന്വേഷണം നടത്തുന്നത്.