തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കുന്നത് മുഖ്യമന്ത്രിയാണെന്നും, അത് പോലെ എല്ലാവരും ചെയ്താൽ വളരെ നല്ലതായിരിക്കുമെന്നും എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പറഞ്ഞു.
യു.ഡി.എഫും ബി.ജെ.പിയും യോജിച്ച് മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് . മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് നടക്കുന്ന എല്ലാ നീക്കങ്ങളിലും കൃത്യമായ രാഷ്ട്രീയമുണ്ട്. എല്ലാ കാലത്തും ഗൂഢലക്ഷ്യങ്ങളുടെ ഇരയാണദ്ദേഹം. യു.ഡി.എഫുകാരും ചില മാദ്ധ്യമപ്രവർത്തകരും അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തിയിട്ടുണ്ട്. ഭ്രാന്തമായ നിലയിലേക്ക് ഇപ്പോൾ ആക്രമണം മാറി. മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോകോൾ ലംഘനം നടത്തിയിട്ടില്ല. കേന്ദ്രമന്ത്രി വി. മുരളീധരന്റെ ആരോപണത്തെപ്പറ്റി ചോദിച്ചപ്പോൾ, ആ കേന്ദ്രമന്ത്രി ആക്ഷേപം ഉന്നയിച്ചു കൊണ്ടേയിരിക്കുകയാണെന്നായിരുന്നു മറുപടി. മുഖ്യമന്ത്രിക്കെതിരെ ആക്ഷേപമുന്നയിക്കുകയെന്ന വകുപ്പിന്റെ മന്ത്രിയെന്ന നിലയിലാണ് അദ്ദേഹത്തിന്റെ പ്രവർത്തനം.
ചെന്നിത്തലയ്ക്കും വി.മുരളീധരനും
മുഖ്യമന്ത്രിക്കെതിരെ ഒരേ സ്വരം
തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മികച്ച വിജയമുണ്ടാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ മികച്ച ഭരണനിർവ്വഹണത്തിന് ജനകീയാംഗീകാരം ലഭിക്കും. എൽ.ഡി.എഫിന്റെ നല്ല പ്രവർത്തനങ്ങളോട് നിഷേധാത്മക നിലപാടാണ് യു.ഡി.എഫെടുത്തത്. അതിന്റെ തുടർച്ചയാണ് ബി.ജെ.പിയിൽ നിന്നുണ്ടായത്. തരംതാണതും നിഷേധാത്മകവുമായ പ്രസ്താവനകൾ പ്രതിപക്ഷനേതാവ് നിരന്തരം നടത്തുമ്പോൾ അതിന്റെ അനുരണനം കേന്ദ്രമന്ത്രി വി. മുരളീധരനിൽ നിന്നുണ്ടാകുന്നു. രണ്ട് പേരും മത്സരിച്ച് ഒരേ വാക്കുകളുപയോഗിച്ച് സർക്കാരിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിക്കുന്നു.
പദാനുപദ
മറുപടി വേണ്ട
എൻ.എസ്.എസ് പറയുന്ന എല്ലാത്തിനും പദാനുപദ മറുപടി ആവശ്യമില്ലെന്ന് വിജയരാഘവൻ
പറഞ്ഞു. എൻ.എസ്.എസിനെ വിമർശിച്ചുള്ള ലേഖനത്തിനുള്ള ജനറൽസെക്രട്ടറി സുകുമാരൻ നായരുടെ മറുപടിയെപ്പറ്റി ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. എൻ.എസ്.എസിന് അവരുടെ അഭിപ്രായം പറയാൻ അവകാശമുണ്ട്. ഞങ്ങൾ ഞങ്ങളുടെ നിലപാട് വ്യക്തമാക്കും. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനമെന്ന നിലയിൽ കമ്മ്യൂണിസ്റ്റ്പാർട്ടിക്ക് സമുദായസംഘടനകളെപ്പറ്റി നിലപാടുണ്ട്.
കെ.ടി. ജലീൽ തെറ്റായ നിലയിൽ പ്രവർത്തിച്ച മന്ത്രിയായിരുന്നില്ല. മാതൃകാ പൊതുജീവിതത്തിനുടമയാണ്. ലോകായുക്ത പരാമർശമുണ്ടായപ്പോൾ ധാർമ്മികത ഉയർത്തിപ്പിടിച്ച് രാജി വച്ചെന്ന് മാത്രം.
എൽ.ഡി.എഫിന്
100 സീറ്റ് വരെ
സ്ഥിതിഗതികൾ അനുകൂലമായാൽ 100 സീറ്റ് വരെ എൽ.ഡി.എഫിന് ലഭിക്കും. മിത തരംഗമാണ് കാണുന്നത്. ബി.ജെ.പി ഒന്നും നേടില്ല. ബി.ജെ.പി- കോൺഗ്രസ് സൗഹൃദപൂർണ്ണ പാരസ്പര്യമാണുണ്ടായത്. സത്യസന്ധമായി എത്ര കണക്കാക്കുന്നുവെന്ന് ചോദിച്ചപ്പോൾ, സത്യാന്വേഷികളായ നിങ്ങൾക്ക് മുന്നിൽ സത്യസന്ധമായ കണക്കാണ് പറയുന്നതെന്നായിരുന്നു വിജയരാഘവന്റെ മറുപടി.