cpm

85 ഉറപ്പ്, കൂടിയാൽ 100

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർഭരണം ഇടതുമുന്നണിക്ക് ഉറപ്പെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും എൽ.ഡി.എഫിന്റെയും വിലയിരുത്തൽ. സി.പി.എം വിവിധ ജില്ലാ ഘടകങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമെത്തിയ നിഗമനം വൈകിട്ട് ചേർന്ന എൽ.ഡി.എഫ് യോഗത്തിൽ കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.

കുറഞ്ഞത് 85 സീറ്റുകൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ. ഇത് പരമാവധി 100 വരെയായി ഉയരാം. ബി.ജെ.പിയുടെ സിറ്റിംഗ് മണ്ഡലമായ നേമത്തും യു.ഡി.എഫ് സിറ്റിംഗ് മണ്ഡലമായ അരുവിക്കരയിലുമടക്കം തലസ്ഥാനജില്ലയിൽ വിജയിക്കും. മദ്ധ്യകേരളത്തിൽ കേരള കോൺഗ്രസ്-എമ്മിന്റെ സ്വാധീനം നേട്ടമാകും. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇതിന്റെ പ്രതിഫലനമുണ്ടാകും.

ബി.ജെ.പി പ്രചരണരംഗത്ത് ശക്തമായിരുന്നെങ്കിലും താഴെത്തട്ടിൽ പ്രവർത്തനം കുറവായിരുന്നു. അത് വോട്ടെടുപ്പിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് വ്യക്തമല്ല. തൃശൂരിൽ അവർ നല്ല പ്രചരണമഴിച്ചുവിട്ടെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെയത്ര ഉണ്ടായിട്ടില്ല. ബി.ജെ.പിക്ക് സ്ഥാനാർത്ഥി ഇല്ലാതിരുന്ന ഗുരുവായൂരിൽ അവരുടെ വോട്ടുകൾ പോൾ ചെയ്യപ്പെട്ടിട്ടില്ലെന്നാണ് പോളിംഗ്ശതമാനം സൂചിപ്പിക്കുന്നത്. എന്നാൽ തലശ്ശേരിയിൽ പോൾ ചെയ്യപ്പെട്ടിട്ടുണ്ട്. അതെങ്ങനെ ഫലത്തെ സ്വാധീനിക്കുമെന്ന് പറയാനാവില്ല. മലബാറിൽ ഇടത് കരുത്ത് ചോരില്ല. തെക്ക് കൊല്ലം ജില്ലയിൽ പ്രശ്നമുണ്ടാകില്ലെങ്കിലും ആലപ്പുഴ ജില്ലയിൽ ആലപ്പുഴ, അമ്പലപ്പുഴ, അരൂർ മണ്ഡലങ്ങളിൽ പോരാട്ടം കടുത്തിട്ടുണ്ടെന്നാണ് വിലയിരുത്തൽ.