തിരുവനന്തപുരം : കൊവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കാൻ സംസ്ഥാനത്ത് പരിശോധന വ്യാപകമാക്കി. ഇന്നലെ 1,33,836 പേരെ
പരിശോധിച്ചു.
അതേസമയം, വാക്സിൻ ക്ഷാമം നേരിടാൻ രണ്ട് ലക്ഷം ഡോസ് വാക്സിൻ ഇന്നലെ എത്തി.
രണ്ടര ലക്ഷം പേരെ പരിശോധിക്കുന്ന മാസ് ടെസ്റ്റിംഗ് ക്യാമ്പിന്റെ ആദ്യദിനമായ ഇന്നലെ ഏറെയും ആർ.ടി.പി.സി.ആർ പരിശോധനയായിരുന്നു. ഫലം ഇന്നുമുതൽ ലഭ്യമാകുമ്പോൾ രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധന പ്രതീക്ഷിക്കുന്നു. പരിശോധന ഇന്നും തുടരും.
ഏറ്റവും കൂടുതൽ പേരെ പരിശോധിച്ചത് കോഴിക്കോട്ടാണ് -19,300.
എറണാകുളത്ത് 16,210 പേരെയും തിരുവനന്തപുരത്ത് 14,087 പേരെയും പരിശോധിച്ചു. 3,055 പേരെ പരിശോധിച്ച ഇടുക്കിയിലാണ് ഏറ്റവും കുറവ്. തിരുവനന്തപുരത്ത് 120 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. 104 സർക്കാർ ആശുപത്രികളുടെയും വിവിധ ഓഫീസുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു ഇത്.
ഇന്നലെ രാത്രി 8.45ന് വിമാനത്താവളത്തിൽ എത്തിയ വാക്സിൻ ബോക്സുകൾ റീജിയണൽ വാക്സിൻ സ്റ്റോറിലെത്തിച്ചു. 30,000 ഡോസാണ് തിരുവനന്തപുരം ജില്ലയ്ക്കുള്ളത്.
വാക്സിൻ ഇല്ലാത്തതിനാൽ ഇന്നലെ സംസ്ഥാനത്തുടനീളം മാസ് വാക്സിനേഷൻ ക്യാമ്പുകൾ മുടങ്ങി. ഇപ്പോൾ എത്തിയ വാക്സിൻ ആശുപത്രികൾക്ക് മാത്രമേ തികയൂ. കൂടുതൽ വാക്സിൻ എത്തിയാൽ മാത്രമേ മാസ് വാക്സിനേഷൻ ക്യാമ്പുകൾ പ്രവർത്തിക്കൂ.
കൊവിഡ് വാക്സിൻ : ട്രാൻസ്പോർട്ട് ജീവനക്കാരെ സർക്കാർ അവഗണിച്ചു
തിരുവനന്തപുരം: പൊതുജനങ്ങളുമായി അടുത്തിടപഴകുന്ന ട്രാൻസ്പോർട്ട് ബസുകളിലെ കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും കൊവിഡ് വാക്സിൻ നൽകുന്ന കാര്യം സർക്കാർ മറന്നു.
പൊലീസ്, മുനിസിപ്പാലിറ്റി, റവന്യൂ, ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് രണ്ട് ഡോസ് വാക്സിൻ നൽകിയിട്ടും ട്രാൻസ്പോർട്ട് ജീവനക്കാരെ അവഗണിച്ചു..
യാത്രക്കാരുമായി നിരന്തര സമ്പർക്കത്തിൽ ഏർപ്പെടുന്നവരാണ് കണ്ടക്ടർമാരും ഡ്രൈവർമാരും. ബസുകളിൽ മിക്കവാറും തിരക്കാണ്. യാത്രക്കാരിൽ ആർക്കെങ്കിലും കൊവിഡുണ്ടെങ്കിൽ അവർക്കും പകർന്നു കിട്ടാം. ലക്ഷണങ്ങളില്ലാതെ കണ്ടക്ടർക്കോ ഡ്രൈവർക്കോ രോഗമുണ്ടെങ്കിൽ യാത്രക്കാരിലേക്കും പകരാം.
കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവർ, കണ്ടക്ടർ വിഭാഗത്തിലായി 21,000 ജീവനക്കാരാണുള്ളത്. സ്വകാര്യബസുകളിൽ 31,000 ജീവനക്കാരുണ്ട്. പൊതുജനങ്ങളിൽ 45 വയസിനു മുകളിലുള്ളവർക്ക് വാക്സിൻ ആരംഭിച്ചപ്പോഴാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ തങ്ങൾക്ക് മുൻഗണന നൽകണമെന്ന ആവശ്യം ചില ഡിപ്പോകളിൽ ഉയർത്തിയത്. അതനുസരിച്ച് ജില്ലാ മെഡിക്കൽ ഓഫീസുമായി സഹകരിച്ച് വാക്സിൻ എടുക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് അതാത് ജില്ലാ കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസ് നിർദേശം നൽകി. ചില ഡിപ്പോകളിൽ നാമമാത്രമായി വാക്സിനേഷൻ നടന്നപ്പോഴേക്കും വാക്സിൻ ക്ഷാമം കാരണം മുടങ്ങി.