മംഗളുരു: കപ്പലിൽ മത്സ്യബന്ധന ബോട്ട് ഇടിച്ചുണ്ടായ അപകടത്തിൽ കാണാതായ ഒമ്പത് പേരിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ മംഗളുരു പുറംകടലിൽ ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. മൂന്ന് മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ അപകടം ഉണ്ടായ ദിവസം തന്നെ കണ്ടെത്തിയിരുന്നു. നാവികസേന ഹെലികോപ്റ്ററിൽ നടത്തിയ തിരച്ചിലിലാണ് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആറു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ശനിയാഴ്ചയും നാവിക സേനയുടെ തിരച്ചിൽ തുടരും. ഏപ്രിൽ 11ന് രാത്രി കോഴിക്കോട് ബേപ്പൂർ ഹാർബറിൽ നിന്ന് മീൻപിടിക്കാൻ പോയ മാമന്റകത്ത് ജാഫറിന്റെ ഉടമസ്ഥതയുള്ള ബോട്ടാണ് മുംബൈ ഭാഗത്തേക്ക് പോകുകയായിരുന്ന സിംഗപ്പൂർ ചരക്ക് കപ്പലിൽ ഇടിച്ചത്. 14 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ രണ്ട് പേരെ രക്ഷപ്പെടുത്തിയിരുന്നു. ബാക്കിയുള്ളവർക്കായി തീരദേശ സുരക്ഷാ പൊലീസിന് പുറമെ കാർവാറിലെ നാവിക താവളത്തിൽ നിന്നുള്ള കപ്പലും ഹെലികോപ്റ്ററും ഉപയോഗിച്ച് തിരച്ചിൽ തുടരുകയായിരുന്നു.
കേരളത്തിൽ നിന്നുള്ള നാല് ബോട്ടുകളും മംഗളുരുവിലെ മീൻ പിടുത്ത ബോട്ടുകളും തെരച്ചിലിന് ഉണ്ടായിരുന്നു. മുങ്ങൽ വിദഗ്ദ്ധർ ബോട്ടിന്റെ ഉൾഭാഗത്ത് എത്തി തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ലെന്ന് തീരദേശ സുരക്ഷാ പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കപ്പൽ തട്ടിയ ശേഷം ബോട് പൊങ്ങിക്കിടക്കുകയായിരുന്നു. എന്നാൽ ബുധനാഴ്ചയോടെ പൂർണമായും മുങ്ങി. അതിനാൽ തന്നെ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ കൂടുതൽ സങ്കീർണമായതായും അധികൃതർ അറിയിച്ചു. ആറു പേരും ഒഴുകി പോയിരിക്കാമെന്നും സംശയിക്കുന്നുണ്ട്. തൊഴിലാളികളെ കണ്ടെത്താനാവാത്തത് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് മംഗളുരി ബന്തർ തുറമുഖത്ത് നിന്ന് 43 നോട്ടിക്കൽ മൈൽ അകലെ പുറം കടലിൽ വെച്ച് തൊഴിലാളികൾ സഞ്ചരിച്ച ബോട്ടിലേക്ക് വിദേശ ചരക്ക് കപ്പൽ ഇടിച്ചത്. ബോട്ടിൽ ഉണ്ടായിരുന്നവരിൽ ഏഴ് പേർ തമിഴ്‌നാട് സ്വദേശികളും ബാക്കിയുള്ളവർ ബംഗാൾ, ഒഡീഷ സ്വദേശികളുമായിരുന്നു.