പഴയങ്ങാടി: ചൂട്ടാട് പാലക്കോട് അഴിമുഖത്തിന്റെ സംരക്ഷണത്തിന് പുലിമുട്ട് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഹാർബർ എൻജിനിയറിംഗ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥസംഘം ടി.വി. രാജേഷ് എം.എൽ.എയോടൊപ്പം പദ്ധതി പ്രദേശം സന്ദർശിച്ചു.
റീബിൽഡ് കേരള ഇനിഷേറ്റിവിൽ ഉൾപ്പെടുത്തി ഹാർബർ എൻജിനീയറിംഗ് വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുക.
28.6 കോടി രൂപയുടെ സമഗ്ര പദ്ധതിക്കാണ് ഫെബ്രുവരി 24ന് ചേർന്ന മന്ത്രിസഭായോഗത്തിൽ ഭരണാനുമതി ലഭിച്ചത്. പൂനയിലെ സി.ഡബ്ലു.പി.ആർ.എസ് ആണ് ഇതുസംബന്ധിച്ച മാതൃകാ പഠനം നടത്തിയത്. മാട്ടൂൽ മാടായി പാലക്കോട് തീരദേശ മേഖലയിലെ രൂക്ഷമായ കടലാക്രമണം തടയുന്നതിനും മത്സ്യബന്ധനം സുഗമമാക്കുന്നതിനും പാലക്കോട് അഴിമുഖത്ത് മണൽ അടിഞ്ഞുകൂടുന്നത് തടഞ്ഞ് മത്സ്യബന്ധന ബോട്ടുകളുടെ അപകടം ഒഴിവാക്കുന്നതിന് ശാശ്വത പരിഹാരം കാണുന്നതിനായിട്ടാണ് അഴിമുഖത്ത് പുലിമുട്ട് നിർമ്മിക്കുന്നത്. ഇതിന്റെ ഭാഗമായി വടക്ക് ഭാഗത്ത് 365 മീറ്ററും തെക്ക് 210 മീറ്ററും പുളിമുട്ട് നിർമ്മിക്കും. ഇതോടൊപ്പം പാലക്കോട് പുഴ സംരക്ഷണത്തിന് 695 മീറ്റർ സംരക്ഷണ ഭിത്തിയും നിർമ്മിക്കും.
പുലിമുട്ട് നിർമിക്കണമെന്നാവശ്യപ്പെട്ട് ടി.വി. രാജേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ സർവകക്ഷി സംഘം ഫിഷറീസ് വകുപ്പ് മന്ത്രിയെ കണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുലിമുട്ട് നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു. പുലിമുട്ടിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഇവിടെ കടലാക്രമണത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകും. മത്സ്യ തൊഴിലാളികളുടെയും തീരദേശവാസികളുടെയും ദീർഘ നാളത്തെ ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാകുക.
സർവേ പ്രവർത്തനം ഉടൻ പൂർത്തികരിച്ച് മൂന്ന് മാസത്തിനകം പ്രവൃത്തി ടെന്റർ ചെയ്ത് പുലിമുട്ടിന്റെ പ്രവൃത്തി ആരംഭിക്കാൻ സാധിക്കുമെന്ന് ചീഫ് എൻജിനീയർ അറിയിച്ചു. എം.എൽ.എയോടൊപ്പം ഹാർബർ വകുപ്പ് ചീഫ് എൻജിനിയർ ബി.ടി.വി. കൃഷ്ണൻ, ഡെപ്യൂട്ടി ചീഫ് എൻജിനിയർ ജോമോൻ കെ. ജോർജ്ജ്, സൂപ്രണ്ടിംഗ് എൻജിനിയർ കുഞ്ഞി മാമ്മു പറവത്ത്, ടി.വി. ബാലകൃഷ്ണൻ, എൻ.വി. വിനയൻ, ഡിസൈനിംഗ് വിഭാഗം ടീം അംഗങ്ങൾ, എം. രാമചന്ദ്രൻ, കെ. മധു, ഇഖ്ബാൽ പുതിയങ്ങാടി, എസ്.എ.പി. റഹ്മാൻ എന്നിവരും ഉണ്ടായിരുന്നു.