varavisesham

ഈ ധാർമ്മികത വല്ലാത്തൊരു പഹയനാണ്. അതെപ്പോൾ, എവിടെയാണ് കയറിപ്പിടിക്കുക എന്ന കാര്യത്തിൽ ഒരു നിശ്ചയവുമില്ല. പിടിച്ചാൽ പിടി വിടില്ല. ഉടുമ്പിന്റെ പിടുത്തമാണ്. പരമാവധി പിടി കൊടുക്കാതെ തടി കയ്ചലാക്കാൻ നോക്കുന്ന ബുദ്ധിമാൻമാർക്ക് നാട്ടിൽ കുറവൊന്നുമില്ല. അത്തരക്കാരുടെ രീതിയെന്തെന്ന് വച്ചാൽ, ധാർമ്മികത ഏതെങ്കിലും വഴിക്ക് വരികയാണെന്ന് വയ്ക്കുക. ഒഴിഞ്ഞു പോകാനാണെങ്കിൽ ഒന്നുകിൽ ആ വഴിയിലേക്ക് നോക്കാതെ ഞാൻ മാവിലായിക്കാരൻ എന്ന ഭാവത്തിൽ നടക്കുക. അല്ലെങ്കിൽ പിന്തിരിഞ്ഞ് ഓടുക. ധാർമ്മികത പിന്നാലെ ഓടിപ്പിടിക്കുന്ന ശീലമൊന്നും കാട്ടാറില്ല. അതിനാൽ പിന്തിരിഞ്ഞ് ഓടിയാൽ ഭയപ്പെടേണ്ടതില്ല.

ധാർമ്മികത കയറിപ്പിടിച്ചാൽ ആദ്യം സംഭവിക്കുക, ആ പിടിച്ച ധാർമ്മികതയെ പിടിക്കപ്പെട്ടയാൾ പിടി വിടുവിച്ചശേഷം, തിരിച്ചുപിടിച്ച് മേല്പോട്ട് ഉയർത്തിപ്പിടിക്കും എന്നുള്ളതാണ്. ഉയർത്തിപ്പിടിച്ച ധാർമ്മികതയുമായി പിന്നെ അയാൾ ചെയ്യുന്നതെന്താണെന്ന് ഒരെത്തും പിടിയും കിട്ടില്ല. ഉദാഹരണത്തിന്, ജലീൽ സായ്‌വാണെങ്കിൽ കേറിച്ചെന്നങ്ങ് രാജി വച്ചെന്നിരിക്കും. പാണ്ടിക്കടവത്തെ കുഞ്ഞാപ്പ ആ നേരം അട്ടട്ടം പൊട്ടി ചിരിച്ചെന്നിരിക്കും. ഇതൊന്നും അറിഞ്ഞുകൊണ്ട് സംഭവിക്കുന്നതല്ല. സംഭവിച്ചു പോകുന്നതാണ്.

ജലീൽ സായ്‌വിന്റെ കേസിൽ ധാർമ്മികത അങ്ങോട്ട് കയറിപ്പിടിച്ചതല്ല എന്നാണ് കേൾക്കുന്നത്. സായ്‌വ് ധാർമ്മികതയെ അങ്ങോട്ട് ചെന്ന് പുൽകുകയായിരുന്നുവത്രെ. ധാർമ്മികതയോട് സായ്‌വിന് പണ്ട് മുതൽക്കേ വിപ്രതിപത്തിയൊന്നുമില്ല. ചിലയാളുകൾ പക്ഷേ തെറ്റിദ്ധരിച്ചിട്ടുണ്ട്. സായ്‌വിന് ധാർമ്മികതയോട് അങ്ങേയറ്റത്തെ പുച്ഛമാണെന്നും ധാർമ്മികത നടന്ന് വരുന്നുവെന്ന് കണ്ടാൽ ആ വഴിയിലേക്ക് നോക്കാതെ തിരിഞ്ഞ് നടന്നുകളയുമെന്നുമൊക്കെയാണ് അത്തരം തെറ്റിദ്ധാരണകൾ. പോടാ, പുല്ലേ എന്നതാണ് അത്തരത്തിൽ തെറ്റിദ്ധരിച്ച് നടക്കുന്ന യുവാക്കളോട് സായ്‌വിന് പറയാനുള്ളത്. അല്ലെങ്കിലും ജലീൽ സായ്‌വ് വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ട് പോയ യുവാവാണ്. സായ്‌വിന് ധാർമ്മികതയോട് അങ്ങേയറ്റത്തെ ആദരവും ബഹുമാനവുമുണ്ട്. ആദ്യം ധാർമ്മികതയെ ചെന്ന് പുൽകുകയും അപ്പോൾ ധാർമ്മികത സായ്‌വിനെ കയറിപ്പിടിക്കുകയും ചെയ്യും. അടുത്ത പടിയെന്തെന്ന് വച്ചാൽ, ആ പിടിച്ച ധാർമ്മികതയെ സായ്‌വ് ബലപ്രയോഗത്താൽ പിടി വിടുവിക്കും. എന്നിട്ട് അതേ കൈയാൽ തിരിച്ച് മുറുകെപ്പിടിച്ചങ്ങ് ഉയർത്തിപ്പിടിക്കും. ഇക്കഴിഞ്ഞ ദിവസം സംഭവിച്ചത് അതാണ്. പിടിച്ചത് വെറും ധാർമ്മികത ആയിരുന്നില്ല. രാഷ്ട്രീയ ധാർമ്മികത ആണെന്നാണ് പറയുന്നത്. അതിന് വീര്യം അല്പം കൂടുതലാണ്. ആ ധാർമ്മികതയെ മേല്പറഞ്ഞ വിക്രിയകളെല്ലാം പൂർത്തിയാക്കിയാണ് സായ്‌വ് മേല്പോട്ട് ഉയർത്തിപ്പിടിച്ചത്. ശേഷം സംഭവിച്ചതെന്തെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

സായ്‌വിനെക്കൊണ്ട് ധാർമ്മികത പറയിപ്പിച്ചതെന്തൊക്കെയായിരുന്നു! "കച്ചിത്തുരുമ്പ് തേടി നടന്നവർക്ക് സകറാത്തിന്റെ ഹാലിൽ കിട്ടിയ ഒരേയൊരു പിടിവള്ളിയായിരുന്നു ഒരു വർഷത്തെ ഡെപ്യൂട്ടേഷൻ നിയമനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ സംഭവിച്ചതായുള്ള ലോകായുക്തയുടെ ചില പരാമർശങ്ങൾ. അതുവച്ച് ലീഗും കോൺഗ്രസും വലതുപക്ഷമാദ്ധ്യമ സേനയും കിട്ടിപ്പോയ് എന്ന മട്ടിൽ തൃശൂർപൂരത്തെ വെല്ലുന്ന വെടിക്കെട്ടുകൾക്ക് തിരി കൊളുത്തി. ആ വിധി ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്ന സാഹചര്യത്തിൽ തത്സംബന്ധമായ വിഷയത്തിലെ വിധിക്ക് കാത്തുനിൽക്കാതെ രാഷ്ട്രീയധാർമ്മികത ഉയർത്തിപ്പിടിച്ച് രാജിക്കത്ത് ബഹു. മുഖ്യമന്ത്രിക്ക് കൈമാറി"- സായ്‌വ് പറഞ്ഞുവച്ചു.

ഇത്രയുമാണുണ്ടായത്. ധാർമ്മികതയുടെ ശക്തിയെന്തെന്ന് പിടി കിട്ട്യാ?

............................................

- 'മുസോളിനിയുടെ കണ്ണു ചുകന്നാലബിസീനിയയിലെ കണ്ണു ചുകക്കും, കണ്ണച്ചാരുടെ കണ്ണു ചുകന്നാൽ കണ്ണാസ്പത്രീലെത്തിച്ചീടും...'- സഞ്ജയൻ പാടിയതാണ്.

കാർന്നോർക്ക് അടുപ്പിലും ആകാം എന്ന് മുരളീധർജി പാടിയതും ഏതാണ്ട് ഇമ്മട്ടിലാണ്. ഏത് കാർന്നോർ എന്ന് മുരളീധർജി പറഞ്ഞിട്ടില്ലെങ്കിലും കൊത്തുന്നത് മുരളീധർജിയാണെങ്കിൽ കൊത്ത് കൊള്ളുന്നത് പിണറായി സഖാവിനാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.

സഖാവിട്ടാൽ ട്രൗസർ, മറ്റുള്ളോരിട്ടാൽ കളസം എന്നും ചില വ്യാഖ്യാനങ്ങൾ മുരളീധർജി പാടിയ കാർന്നോർ ചൊല്ലിന് ചമയ്ക്കുന്നവരില്ലാതില്ല.

വാസ്തവം പറഞ്ഞാൽ ഇപ്പറഞ്ഞതൊന്നും വലിയ കാര്യമുള്ള കാര്യങ്ങളല്ല. പിണറായി സഖാവിനെ മുരളീധർജി ശരിയാംവണ്ണം തിരിച്ചറിയാതിരുന്നതിന്റെ കുഴപ്പമാണ്. വിജയരാഘവൻ സഖാവ് പറഞ്ഞത് പോലെ, മുഖ്യമന്ത്രിയെ ഭള്ള് പറയൽ വകുപ്പിന്റെ മന്ത്രിയാണോ അദ്ദേഹം? സംശയമില്ലാതില്ല.

പിണറായി സഖാവിന്റേത് ഇരട്ടച്ചങ്കാണ് എന്ന് ഒരുവിധപ്പെട്ടവർക്കെല്ലാം അറിയാം. പക്ഷേ മുരളീധർജി അത് തിരിച്ചറിയുന്നില്ല. എന്തു ചെയ്യാൻ! ഇരട്ടച്ചങ്കിൽ പെട്ട ഒരു ചങ്ക് കാണുമ്പോൾ കൊറോണയ്‌ക്ക് പനി പിടിക്കും. അത് പേടി കൊണ്ടുള്ള പനിയാണ്. സഖാവിന്റെ ചങ്കിനെ ദൂരെ നിന്ന് കാണുമ്പോഴേ പേടിച്ച് പനി പിടിക്കുന്ന കൊറോണ വൈറസ് അതിനാൽ ആ നാലയലത്തേക്ക് പിന്നെ പ്രവേശിക്കില്ല. മറ്റേ ചങ്കിന് അല്പം ശാന്തഭാവമുണ്ട്. അതുകൊണ്ട് കൊറോണ അതിനോട് ചെറിയ ചങ്ങാത്തം കൂടാനെത്തുന്നത് സ്വാഭാവികം. രണ്ട്, മൂന്ന് ദിവസം കഴിഞ്ഞാൽ ഏത് ചങ്ങാതിയും മടങ്ങിപ്പോകുന്നത് പോലെ കൊറോണ പോവുകയും ചെയ്തു.

അതേ സംഭവിച്ചിട്ടുള്ളൂ. മറ്റേ ചങ്കാണ് പക്ഷേ സഖാവിൽ എപ്പോഴും ആക്ടിവേറ്റ് ചെയ്ത് നിൽക്കുന്നത്. ആ ചങ്കിനടുക്കലേക്ക് ജീവനിൽ കൊതിയുള്ള ഏത് കൊറോണയും അടുക്കില്ല. അതിനാൽ ആ ചങ്കിന് ഏത് പ്രോട്ടോകോളിനെയും പേടിക്കേണ്ടതുമില്ല. മുഖ്യമന്ത്രി പാലിക്കുന്നത് പോലെ കൊവിഡ് പ്രോട്ടോകോൾ എല്ലാവരും പാലിച്ചാൽ വളരെ നന്നാവുമെന്ന് വിജയരാഘവൻ സഖാവ് പറഞ്ഞതിന്റെ പൊരുൾ തിരിച്ചറിയാത്തവർ ചിലപ്പോൾ സഞ്ജയൻ പാടിയ വരികൾ ഓർത്തെന്നിരിക്കും. അത് കാര്യമാക്കേണ്ട!

.............................

- മഹാകവി ജി.സു അടുത്തിടെ നടത്തിയ വാക്പ്രയോഗം ഇപ്പോൾ സാഹിത്യ നിരൂപകർക്കിടയിൽ കൂലങ്കഷമായ ചിന്തകൾക്ക് വിത്തുപാകിയിരിക്കുന്നു. രാഷ്ട്രീയ ക്രിമിനലുകൾ രാത്രിയിൽ ഒത്തുകൂടി മദ്യപാനത്തിലേർപ്പെട്ട് പലതും ചെയ്യുന്നുവെന്നാണ് കവി മൊഴിഞ്ഞത്. കവിമൊഴിയിൽ രൗദ്രവും കോപവും നിരാശയുമെല്ലാം ഇടകലർന്ന ഭാവത്തിലായിരുന്നുവെന്ന് കണ്ടുനിന്നവർ സാക്ഷ്യപ്പെടുത്തുന്നു.

യഥാർത്ഥത്തിൽ ഏതൊരു സാധാരണക്കാരനും പറയുന്നതേ കവിയും പറഞ്ഞിട്ടുള്ളൂ. ആരാണ് നീ ഒബാമ, പൂച്ച, ശിരസ്സിലെ കൊഞ്ചുഹൃദയം എന്നിങ്ങനെ എണ്ണിപ്പറഞ്ഞ കവിതകളിലൂടെ കവിത്രയത്തിലേക്ക് ഒഴിവുവന്ന വേക്കൻസിയിൽ കയറിപ്പറ്റിയ കവിയാണദ്ദേഹം. അത്തരമൊരാൾ മൊഴിയുമ്പോൾ സാധാരണക്കാരൻ പറയുന്ന കാര്യമാണെങ്കിൽ പോലും സാധാരണക്കാരൻ പറയുമ്പോലെ ആവില്ല കാര്യം. നത്തോലിയുടെ പ്രസംഗം പോലെയാവില്ലല്ലോ തിമിംഗലത്തിന്റെ പ്രസംഗം. അല്ലെങ്കിൽ പീരങ്കി ഗർജ്ജിക്കുന്നത് പോലെ കൈത്തോക്ക് പൊട്ടുമോ? ഇല്ലാ.

രാഷ്ട്രീയ ക്രിമിനലുകൾ എന്ന പ്രയോഗത്തിൽ അടങ്ങിയ അർത്ഥാന്തരന്യാസങ്ങൾ ഇഴ പിരിച്ചെടുക്കേണ്ടതുണ്ട്. ആ ജോലി ഏ.കെ.ജി സെന്ററിലെ സാഹിത്യവിശാരദന്മാർ സഖാവ് എം.എ.ബേബിയുടെ നേതൃത്വത്തിൽ ആരംഭിച്ചതായാണ് കേൾവി.

ഇ-മെയിൽ: dronar.keralakaumudi@gmail.com