ഫാക്ടറികളിൽ രാത്രിയും പകലും ഡ്യൂട്ടി വരുന്ന തസ്തികകളിൽ സ്ത്രീകൾക്ക് നിയമനം നിഷേധിക്കരുതെന്ന ഹൈക്കോടതി വിധി വളരെ പ്രസക്തമാണ്.
കരസേനയിലെ സ്ഥിരം കമ്മിഷൻ നിയമനങ്ങളിൽ സ്‌ത്രീകളോട് വിവേചനം അരുതെന്ന് അടുത്ത കാലത്ത് സുപ്രീംകോടതിയും വിധിച്ചിരുന്നു.
ഫാക്ടറികളിലെ തൊഴിലുകളുമായി ബന്ധപ്പെട്ട പല നിയമങ്ങളും സ്വാതന്ത്ര്യാനന്തരം 1947 നു ശേഷം നിലവിൽ വന്നതാണ്. അക്കാലത്ത് സ്ത്രീകളിൽ ബഹുഭൂരിപക്ഷവും വീടുകളിൽ മാത്രം ജോലി ചെയ്യുന്നവരായിരുന്നു. ഫാക്ടറികളിലെ ജോലിക്ക് ഒരു വനിത അപേക്ഷിക്കുന്നത് അന്ന് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു. സ്വാതന്ത്ര്യാനന്തരം വനിതകൾ വിവിധ മേഖലകളിൽ നേടിയ ഉന്നമനം പുരുഷന് അസൂയ ഉളവാക്കും വിധം അത്ഭുതകരമായ രീതിയിലാണെന്നതിൽ ലേശം പോലും അതിശയോക്തിയില്ല. കേരളത്തിൽ നിന്ന് ഒരു ചെറിയ ഉദാഹരണം ചൂണ്ടിക്കാണിക്കുകയാണെങ്കിൽ അത് മലപ്പുറം ജില്ലയിലെ പെൺകുട്ടികൾ വിദ്യാഭ്യാസ മേഖലയിൽ നേടിയ വമ്പൻ കുതിപ്പാണ്. മെഡിസിൻ, എൻജിനിയറിംഗ് മത്സര പരീക്ഷകളിൽ ഒന്നാം സ്ഥാനത്ത് പതിവായി മലപ്പുറത്തു നിന്നുള്ള പെൺകുട്ടികൾ വരുന്നത് വിദ്യാഭ്യാസത്തിൽ അവർ പുലർത്തുന്ന മികവിലൂടെ മാത്രമാണ്. ഇപ്പോൾ മുന്നിലെത്തുന്ന പെൺകുട്ടികളുടെ ഒരു തലമുറയ്ക്ക് മുമ്പുള്ള അമ്മമാർക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം കടക്കാൻ സമൂഹത്തിന്റെ അന്നത്തെ അർത്ഥശൂന്യമായ വിലക്കുകൾ കാരണം കഴിഞ്ഞിരുന്നില്ല എന്നതും ഇവിടെ പ്രത്യേകം സ്മരിക്കേണ്ടതാണ്.
ചവറ കെ.എം.എം.എല്ലിൽ സേഫ്‌റ്റി ഓഫീസർ തസ്തികയിൽ സ്‌ത്രീകൾക്ക് അപേക്ഷിക്കാനാവില്ലെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്നു കണ്ടാണ് ഹൈക്കോടതി ജസ്റ്റിസ് അനു ശിവരാമൻ അതു റദ്ദാക്കിക്കൊണ്ട് സുപ്രധാന വിധി പ്രസ്താവിച്ചത്. ഫാക്ടറീസ് ആക്ട് നിലവിൽ വന്നത് 1948-ൽ ആണെന്നും ലോകം പിന്നെയും ഏറെ മുന്നോട്ട് പോയെന്നും വെല്ലുവിളി നിറഞ്ഞ തൊഴിലുകളിൽ സ്ത്രീകൾ മികവ് തെളിയിച്ച കാലഘട്ടമാണിതെന്നും കോടതി നിരീക്ഷിച്ചത് വർത്തമാനകാല യാഥാർത്ഥ്യം അതേപടി പ്രതിഫലിക്കുന്നതാണ്.
ഫയർ ആൻഡ് സേഫ്‌റ്റി എൻജിനിയറിംഗിൽ ബിരുദധാരിയായ കൊല്ലം ശക്തികുളങ്ങര സ്വദേശി ട്രീസ ജോസഫൈനാണ് ഹർജി നൽകിയത്. ചവറയിലെ ഫാക്ടറിയിൽ താൻ താത്കാലിക ജോലി ചെയ്തിട്ടുണ്ടെന്നും സ്ഥിരം ഒഴിവ് വന്നപ്പോൾ നിയമം ചൂണ്ടിക്കാട്ടി വനിതകളെ ഒഴിവാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്നുള്ള ഹർജിക്കാരിയുടെ വാദമാണ് കോടതി അംഗീകരിച്ചത്. സുരക്ഷ ഉറപ്പാക്കി സ്ത്രീകൾക്ക് രാത്രിയിലും ജോലി ചെയ്യാൻ അവസരമൊരുക്കേണ്ടത് തൊഴിലുടമയുടെ ബാദ്ധ്യതയാണെന്നും കോടതി എടുത്ത് പറഞ്ഞിട്ടുണ്ട്.
ലിംഗഭേദം തൊഴിൽ നേടുന്നതിന് തടസമാകുന്ന പഴഞ്ചൻ നിയമങ്ങൾ പൊളിച്ചെഴുതണം എന്ന വസ്തുതയിലേക്കും ഈ വിധി വിരൽ ചൂണ്ടുന്നു.