കൊവിഡ് കാലത്തിന്റെ തുടക്കത്തിൽ തൊഴിലാളികളുടെ ക്ഷാമം കാരണം നിർമ്മാണ മേഖല പ്രതിസന്ധിയിലായിരുന്നു. ഇപ്പോൾ പല സ്ഥലത്തും തൊഴിലാളികൾ തിരികെ വന്നു. കുറഞ്ഞ കൂലിയിൽ പോലും അവർ ജോലി ചെയ്യാൻ തയ്യാറാണ്. ഉപകരണങ്ങളും തൊഴിലാളികളും വെറുതെ ഇരിക്കുന്നത് ഒഴിവാക്കാൻ പല കോൺട്രാക്റ്റർമാരും കുറഞ്ഞ തുകയ്ക്ക് പോലും നിർമ്മാണ കരാറുകൾ ഏറ്റെടുക്കാൻ സന്നദ്ധരാകുന്നു. എന്നിട്ടും നിർമ്മാണ മേഖല പ്രതിസന്ധിയിലാണ്. ഇതിന്റെ യഥാർത്ഥ കാരണം തിരയുമ്പോൾ കൊവിഡ് ഒരു മറ മാത്രമാണെന്ന് മനസിലാക്കാം. നിർമ്മാണ സാമഗ്രികളുടെ വില, പ്രത്യേകിച്ചും സിമന്റിന്റെ വില അടിയ്ക്കടി ക്രമാതീതമായി വർദ്ധിക്കുന്നതാണ് നിർമ്മാണ മേഖലയെ തളർത്തുന്നതെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. ഉത്‌പാദനച്ചെലവ് ഏറിയെന്ന് കാട്ടി ഈ മാസവും കമ്പനികൾ മൂന്ന് ശതമാനം വരെ സിമന്റ് വില കൂട്ടി. കഴിഞ്ഞ മാസം 360 - 370 രൂപ ചാക്കിന് ചില്ലറ വിലയുണ്ടായിരുന്നത് ഇപ്പോൾ 480 രൂപ വരെയായി. ഈ വിലയിൽ 134 രൂപ ജി.എസ്.ടിയാണ്. പുകയില ഉത‌്‌പന്നങ്ങളും ലക്ഷ്വറി ഐറ്റങ്ങളും മോട്ടോർ വാഹനങ്ങളും മറ്റും വരുന്ന ജി.എസ്.ടിയുടെ ഏറ്റവും ഉയർന്ന സ്ളാബായ 28 ശതമാനത്തിലാണ് സിമന്റും ഉൾപ്പെടുന്നത്. ഈ 134 രൂപയിൽ പകുതി സംസ്ഥാനങ്ങൾക്കും പകുതി കേന്ദ്രത്തിനും ലഭിക്കും. സാധാരണക്കാരനും അംബാനിക്കും വീട് വയ്ക്കണമെങ്കിൽ സിമന്റ് കൂടിയേ തീരൂ. ഒരു ചാക്ക് സിമന്റിന് 134 രൂപ വരെ നികുതിയായി പിരിക്കുന്നത് ഒരു തരത്തിലും നീതീകരിക്കാൻ കഴിയുന്നതല്ല. വികസന രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നവർ തന്നെ വികസനത്തിന് മാർഗതടസം സൃഷ്ടിക്കുന്നതിന് സമമാണത്. പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കണമെന്ന മുറവിളി ഉയരുന്നത് അതിനെക്കുറിച്ച് ജനങ്ങൾ ഏറെക്കുറെ ബോധവാന്മാരായതു കൊണ്ടാണ്. എന്നാൽ സിമന്റിന്റെ കാര്യത്തിലുള്ള ഈ അതിരു കടന്ന നികുതിയെക്കുറിച്ച് സാധാരണക്കാർ അത്രമാത്രം ബോധവാന്മാരല്ല. എല്ലാവരും വീട് പണിതു കൊണ്ടിരിക്കുന്നില്ല എന്നതു തന്നെ അതിന്റെ പ്രധാന കാരണം.
ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം സിമന്റ് ഉത്‌പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. വേൾഡ് സിമന്റ് അസോസിയേഷന്റെ കണക്കു പ്രകാരം ആഗോള സിമന്റ് ഉത്‌പാദനത്തിന്റെ 53 ശതമാനവും ചൈനയിലാണ്. എട്ട് ശതമാനമാണ് ഇന്ത്യയുടെ പങ്ക്. 55 കോടി ടൺ സിമന്റാണ് ഇന്ത്യ പ്രതിവർഷം ഉത്‌പാദിപ്പിക്കുന്നത്. ചൈനയിൽ വെറും മൂന്ന് ശതമാനമാണ് സിമന്റിന്റെ വില്പന നികുതി. പാകിസ്ഥാനിൽ 17 ശതമാനം. സിംഗപ്പൂരിൽ ഏഴ് ശതമാനം. ശ്രീലങ്കയിൽ എട്ട് ശതമാനം. ഇന്ത്യയിലാകട്ടെ അത് 28 ശതമാനത്തിൽ നിൽക്കുന്നു. ഇത് 12 സ്ളാബിലേക്ക് മാറ്റിയാൽ ഇന്ത്യയുടെ സിമന്റ് ഉത്‌പാദനം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകും. വില കുറയുമ്പോൾ ഡിമാൻഡ് കൂടും എന്ന സാമ്പത്തിക നിയമ പ്രകാരം അത് അനായാസം സാദ്ധ്യമാണ്.
ജി.എസ്.ടി പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് സിമന്റിന്റെ വില്പന നികുതി 31 ശതമാനമായിരുന്നു എന്നതാണ് 28 ശതമാനം നികുതി തുടരുന്നതിന് ന്യായമായി അധികാരികൾ പറയുന്നത്. ഇങ്ങനെ പറയുമ്പോൾ അത് ഏറ്റവും ദ്രോഹകരമായി മാറുന്നത് ഗ്രാമീണ മേഖലകളിലാണെന്നത് ഭരണാധികാരികൾ സൗകര്യപൂർവം വിസ്മരിക്കുന്നു. ഇന്ത്യയിലെ സിമന്റ് ഉപഭോഗത്തിൽ 30 ശതമാനവും ഗ്രാമീണ മേഖലകളിലാണ്. ഇത് കണക്കിലെടുക്കുമ്പോഴാണ് സിമന്റ് വിലവർദ്ധനയുടെ ആഴം സാധാരണക്കാരെ എത്രമാത്രം ബാധിക്കുന്നു എന്നത് മനസിലാക്കാനാവുക.
2022 ഓടെ രാജ്യത്തെ എല്ലാവർക്കും വീട് എന്ന പദ്ധതി ലക്ഷ്യമിടുമ്പോഴും സിമന്റിനെ ഇപ്പോഴും ഉയർന്ന ജി.എസ്.ടി സ്ലാബിൽ ലക്ഷ്വറി ഐറ്റങ്ങളോടൊപ്പം നിലനിറുത്തുന്നത് തികഞ്ഞ അനീതിയാണ് . പക്ഷേ പ്രതിപക്ഷം പോലും ഇതിനെ എതിർക്കുന്നില്ല എന്നതാണ് ഏറെ ഖേദകരം.