c

തിരുവനന്തപുരം: ആദ്യമായി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം പതിമൂവായിരവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനേഴും കടന്നതോടെ രോഗവ്യാപനം കേരളത്തിൽ ശക്തമായെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി മരണനിരക്ക് 0.4 ആയി കുറഞ്ഞു നിൽക്കുന്നതിനാൽ ഭീതിവേണ്ടെന്നു ആരോഗ്യ വിദഗ്ദ്ധർ. എന്നാൽ, വ്യാപനം പിടിച്ചുകെട്ടാൻ കൊവിഡ് മുൻകരുതലും മാനദണ്ഡങ്ങളും കർശനമായി പാലിക്കണം.

കൊവിഡ് ബാധയുടെ ഒന്നാം ഘട്ടത്തിൽ കഴിഞ്ഞ വർഷം ഒക്ടോബർ പത്തിന് പ്രതിദിനരോഗികളുടെ എണ്ണം 11735ൽ എത്തിയശേഷം ക്രമേണ കുറഞ്ഞുവരികയായിരുന്നു.അതാണ് രണ്ടാംഘട്ട വരവിൽ ഇന്നലെ 13835 ആയത്. രണ്ടു ദിവസമായി നടത്തിയ കൂട്ടപ്പരിശോധനയുടെ ഫലം മുഴുവൻ പുറത്തു വരുമ്പോൾ സംഖ്യ കുത്തനേ ഉയരാം.. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.04 ആയി ഇന്നലെ.

ജനിതക മാറ്റം വന്ന വൈറസ് രോഗവ്യാപനത്തിന്റെ താേത് ഉയർത്തിയെന്ന ആശങ്കയുമുണ്ട്. കഴിഞ്ഞ ജനുവരി നാലിനാണ് ജനിതക മാറ്റം വന്ന വൈറസിന്റെ സാന്നിദ്ധ്യം കേരളത്തിൽ തിരിച്ചറിഞ്ഞത്. മാർച്ച് 24 ആയപ്പോഴേക്കും പലരിലും ഈ വൈറസ് കണ്ടു. കടുത്ത നിയന്ത്രണവും ജാഗ്രതയും പുലർത്തണമെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

രണ്ടാം വരവിലെ വ്യാപനം

ഇക്കഴിഞ്ഞ മാർച്ച് അവസാനം വരെ രണ്ടായിരത്തിൽ താഴെയായിരുന്നു പ്രതിദിനരോഗികൾ. കൂടുതൽ യാത്രകൾ ചെയ്യുന്നത് ചെറുപ്പക്കാരായതിനാൽ അവരിൽ രോഗവ്യാപനം കൂടുതലാണെന്ന് സൂചനയുണ്ട്. പ്രായമായവരെയും രോഗം പിടികൂടുന്നുണ്ട്.

പ്രതിരോധ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നതാണ് രോഗവ്യാപനം കൂടാൻ കാരണം. തിരഞ്ഞെടുപ്പ് പ്രചാരണത്തോടെ സാമൂഹ്യ അകലം പാലിക്കുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചു. ഇക്കാര്യത്തിലുള്ള കേരളീയരുടെ മനോഭാവംപോലും മാറിപ്പോയി. ഇടകലർന്നുള്ള പെരുമാറ്റം സർവസാധാരണമായി. കൊവിഡ് ബാധിച്ച ഒരാളുമായി 15 മിനിട്ട് സമ്പർക്കം പുലർത്തിയാൽ അത് പടരും.

ഇരട്ട ശക്തി

കൂടുതൽ വ്യാപന ശേഷിയുള്ള വൈറസാണ് ഇപ്പോഴത്തേതെന്ന് സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ പറഞ്ഞു. പുതിയ സ്വഭാവം കൈവരിച്ച് കൂടുതൽ ശക്തിയാർജിക്കുന്നതാണ് വൈറസിലുണ്ടാകുന്ന ജനിതക മാറ്റം. പുതിയ രീതിയിലാകുന്ന വൈറസുകൾക്ക് സംഹാരശേഷി കൂടുതലാണ്. ഈ മാറ്റത്തെ സ്ട്രെയിൻ എന്ന് വിശേഷിപ്പിക്കും. യു.കെയിലും സൗത്ത് ആഫ്രിക്കയിലും പുതിയ സ്ട്രെയിനുകളുണ്ടായി. ഇന്ത്യയിൽ പുതിയ സ്ട്രെയിൻ ഉണ്ടായില്ലെങ്കിലും അതിനോട് അടുത്തു വരുന്ന ഇരട്ടശക്തിയുള്ള വൈറസുകളുണ്ടായി. അതാണ് ഇപ്പോൾ കാണുന്നത്.

ലക്ഷണം

തലവേദന, വയറിളക്കം, ശരീരവേദന, ക്ഷീണം, ഛർദ്ദി, കേൾവിക്കുറവ്, 101 ഡിഗ്രി പനി, മൂന്നാം ദിവസം ചുമ.

ആഹാരം

കഴിവതും വീടുകളിലെ ആഹാരം കഴിക്കുക. പുറത്ത് നിന്നുള്ള ഭക്ഷണം ഒഴിവാക്കുക.

മൂന്നു മാസംവരെ

രണ്ടാം വൈറസ് പിടിപെട്ടാൽ മൂന്നുമാസം വരെ നീണ്ടു നിൽക്കാം. വാക്സിൻ എടുത്താൽ ഇതിൻെറ തീവ്രത കുറയ്ക്കാനാകും.

വാക്സിനേഷൻ വ്യാപകമാക്കുന്നുണ്ട്. നിയന്ത്രണങ്ങൾ കർശനമാക്കിക്കഴിഞ്ഞു. കൂടുതൽ ചികിത്സാസൗകര്യങ്ങൾ ഒരുക്കാനും നടപടി തുടങ്ങി.പരിശോധനയിലും ചികിത്സയിലും കേരളം മുന്നിൽ തന്നെയാണ്.

കെ.കെ.ശൈലജ

ആരോഗ്യ മന്ത്രി

ഒന്നാം വരവിൻെറ അവസാനം

പ്രതിദിന രോഗികൾ

മാർച്ച് 22......1239

23......1985

രണ്ടാം വരവിൽ

രോഗികൾ

മാർച്ച് 24.........2456

28......................2216

30......................2389

31......................2653

ഏപ്രിൽ ഒന്ന് 2798

2.......................2508

3.......................2541

4.......................2802

7.......................3502

8......................4353

9......................5063

11....................6986

13...................7578

14...................8778

15..................8126

16...............10,031

17..............13,835