തിരുവനന്തപുരം: കോൺഗ്രസുകാരനായിരിക്കെ നാല്പതാണ്ട് മുമ്പ് 'കാൽനൂറ്റാണ്ട്' എന്ന രാഷ്ട്രീയചരിത്ര പുസ്തകം രചിച്ച ചെറിയാൻ ഫിലിപ്പ് വീണ്ടും പുസ്തക രചനയിലേക്ക് കടക്കുന്നു. ഇടതു സഹയാത്രികനായി നിന്നുകൊണ്ട് കാൽനൂറ്റാണ്ടിന് ശേഷമിങ്ങോട്ടുള്ള കേരള രാഷ്ട്രീയ ചരിത്രമാണ് എഴുതുന്നത്. ഇടതും വലതും എന്ന പേരിലാകും രചനയെന്ന് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
രാജ്യസഭയിലേക്ക് സി.പി.എം പരിഗണിക്കുമെന്ന പ്രതീക്ഷ ചെറിയാൻ ഫിലിപ്പിനുണ്ടായിരുന്നു. കഴിഞ്ഞ തവണ ഒഴിവ് വന്നപ്പോൾ അടുത്തതവണ നോക്കാമെന്ന ഉറപ്പ് മുൻനിര നേതൃത്വത്തിൽ നിന്നുണ്ടായിട്ടും തഴയപ്പെട്ടതിൽ നിരാശയുണ്ടെങ്കിലും ആരോടും പരിഭവിക്കാനില്ലെന്ന നിലപാടിലാണ് അദ്ദേഹം. ഉറപ്പ് കിട്ടിയിട്ടും പിന്നീട് അതിന് പിന്നാലെ പോയിട്ടില്ല. ഇപ്പോൾ സി.പി.എം തീരുമാനം വന്ന ശേഷവും മുഖ്യമന്ത്രി അടക്കം ആരുമായും ബന്ധപ്പെട്ടിട്ടില്ല.
ഫേസ്ബുക്ക് പോസ്റ്രിൽ നിന്ന്:
'ഇടതും വലതും'- എഴുതിത്തുടങ്ങുന്നു. നാല്പത് വർഷം മുമ്പ് ഞാൻ രചിച്ച 'കാൽനൂറ്റാണ്ട്' എന്ന കേരള രാഷ്ട്രീയ ചരിത്രം ഇപ്പോഴും രാഷ്ട്രീയ, ചരിത്ര, മാദ്ധ്യമ വിദ്യാർത്ഥികളുടെ റഫറൻസ് ഗ്രന്ഥമാണ്. പുസ്തകത്തിന്റെ പിന്തുടർച്ചയായ നാല്പത് വർഷത്തെ ചരിത്രമെഴുതാൻ രാഷ്ട്രീയത്തിരക്ക് മൂലം കഴിഞ്ഞില്ല. ഉടൻ എഴുതിത്തുടങ്ങും. ചരിത്ര ഗതിവിഗതികളോടൊപ്പം വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തർനാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായും നിഷ്പക്ഷമായും പ്രതിപാദിക്കും.