s

 പുത്തൻ ഫയർ ഫൈറ്റിംഗ് സ്യൂട്ടുകൾ റെഡി

തിരുവനന്തപുരം: ഫയർഫോഴ്സിന്റെ കരുത്തുകൂട്ടാൻ 209 പുത്തൻ അത്യാധുനിക വാഹനങ്ങൾ വാങ്ങുന്നതിന് പുറമെ ഫയർമാന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ഫയർഫൈറ്റിംഗ് സ്യൂട്ടുകളുടെ വിതരണവും ആരംഭിച്ചു. 3000 ഫയർ ഫൈറ്റിംഗ് സ്യൂട്ടുകൾ വടക്കൻ മേഖലയിലെ സ്റ്റേഷനുകളിൽ നൽകിയിട്ടുണ്ട്. ബാക്കിയുള്ളവ രണ്ട് മാസത്തിനുള്ളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വിതരണം ചെയ്യും. ഇതിന്റെ സപ്ലൈ ഓർഡർ ചെന്നൈ ആസ്ഥാനമായ സിസ്റ്റം ഫൈവ് എന്ന കമ്പനിക്ക് നൽകിയതായി അധികൃതർ അറിയിച്ചു. തെക്കൻ ജില്ലകളിൽ നിന്ന് സ്ഥലം മാറിപ്പോയ ജീവനക്കാർക്കും സ്യൂട്ടുകൾ നൽകും. നേരത്തെ കുറച്ച് സ്യൂട്ടുകൾ വാഹനത്തിൽ സൂക്ഷിക്കുകയായിരുന്നു പതിവ്. ദുരന്തങ്ങൾ നേരിടാൻ പോകുന്ന ഓരോ ക്രൂവും ഇത് ഉപയോഗിച്ച ശേഷം അടുത്ത് വരുന്നവർക്ക് കൈമാറുന്നതായിരുന്നു നിലവിലെ രീതി. പുതിയവ നൽകുന്നതോടെ രക്ഷാപ്രവർത്തനത്തിന് പോകുന്ന ഓരോ ഫയർമാനും അത്യാധുനിക സുരക്ഷാ സംവിധാനമുള്ള സ്യൂട്ടുകൾ ലഭിക്കും.

പുതിയ വാഹനങ്ങളും മറ്റ് ഉപകരണങ്ങളും വാങ്ങാൻ അനുവദിച്ച 100കോടിയോളം രൂപയിൽ നിന്നാണ് ഫയർ ഫൈറ്റിംഗ് സ്യൂട്ടുകളും വാങ്ങുന്നത്. ഇതിനൊപ്പം ജലത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് 1500 അക്വാട്ടിക് ജാക്കറ്റ് വാങ്ങുന്നതിനുള്ള നിർദ്ദേശം സർക്കാർ പരിഗണനയിലാണ്.


ഫയർ ഫൈറ്റിംഗ് സ്യൂട്ടുകൾ

ജീവനക്കാരുടെ സുരക്ഷയ്ക്കായി വിദേശരാജ്യങ്ങളിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന രീതിയിലുള്ള മൂന്ന് ആവരണമുള്ള ഫയർസ്യൂട്ടാണ് സേനയ്‌ക്ക് വിതരണം ചെയ്യുന്നത്. ഇതിന് 27,000 രൂപ വരെ വിലയുണ്ട്. ഹെൽമെറ്റിന് 12,000 രൂപയാണ് വില. എളുപ്പത്തിൽ ധരിക്കാനും തടസമില്ലാതെ പ്രവർത്തിപ്പിക്കാനും കഴിയുന്നതാണിത്. വലിയ തീപിടിത്തമുണ്ടാകുമ്പോൾ വളരെ അടുത്തെത്തി രക്ഷാപ്രവർത്തനം നടത്താനും റേഡിയേഷൻ, ആസിഡ് എന്നിവയെ പ്രതിരോധിക്കാനും ഇതിനാകും. തീ പടരാത്തതും ചൂടിനെ പ്രതിരോധിക്കുന്നതുമായ പാന്റും ഷർട്ടും, കാലുകൾക്കും കൈകൾക്കും പൊള്ളലേൽക്കാതിരിക്കാൻ സഹായിക്കുന്ന ഗംബൂട്ടും കൈയുറകളും, തലയും മുഖവും പൂർണമായും സംരക്ഷിക്കുന്ന ഹെൽമെറ്റുമടങ്ങുന്നതാണ് സ്യൂട്ടുകൾ.

 ആകെ - 4600 ഫയർ ഫൈറ്റിംഗ് സ്യൂട്ടുകൾ  27000 രൂപ വരെ വില