ആലപ്പുഴ :എസ്.എൻ.ഡി.പി യോഗം തുറവൂർ ധർമ്മപോഷിണി 545-ാം നമ്പർ ശാഖാസെക്രട്ടറിയും കേരളകൗമുദി സർക്കുലേഷൻ വിഭാഗം മുൻ ജീവനക്കാരനുമായ തുറവൂർ തിരുമല ഭാഗം കളരിക്കൽ വെളിയിൽ വീട്ടിൽ കെ.പി.ബാബു (59) വാഹനാപകടത്തിൽ മരിച്ചു. വെളളിയാഴ്ച വൈകിട്ട് 3.30ന് ദേശീയപാതയിൽ കലവൂർ ജംഗ്ഷന് വടക്കുവശം,ബാബു സഞ്ചരിച്ച ബൈക്കിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ച് റോഡിലേക്ക് വീണ ബാബുവിനെ മറ്റൊരു വാഹനത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ രാത്രി 11 മണിയോടെ മരിച്ചു. 30 വർഷത്തിലേറെയായി എസ്.എൻ.ഡി.പി.യോഗം തുറവൂർ ധർമ്മപോഷിണി 545-ാം നമ്പർ ശാഖയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. മെട്രോ വാർത്ത പത്രത്തിന്റെ സർക്കുലേഷൻ മാനേജരായിരുന്നു. മണ്ണഞ്ചേരി പൊലീസ് മേൽ നടപടി സ്വീകരിച്ചു. മൃതദേഹം ഇന്നലെ വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു. പത്മനാഭൻ-അമ്മിണി ദമ്പതികളുടെ മകനാണ്. ഭാര്യ: അജിതാബാബു. മക്കൾ: അഖിൽ ബാബു, ആദിശേഷ് ബാബു.