vote

തിരുവനന്തപുരം: കഴക്കൂട്ടത്തെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച സ്‌ട്രോംഗ് റൂം തുറന്നതിൽ ദുരൂഹതയുണ്ടെന്ന് ബി.ജെ.പി ആരോപിച്ചു. വോട്ടെണ്ണൽ ദിവസം തുറക്കേണ്ട സ്‌ട്രോംഗ് റൂം എന്തടിസ്ഥാനത്തിലാണ് തുറന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കണം. തിരഞ്ഞെടുപ്പ് നടത്തുന്നത് ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷൻ ആണെങ്കിലും കേരളത്തിലെ ഉദ്യോഗസ്ഥർ എൽ.ഡി.എഫ് അനുകൂല സംഘടനാ പ്രതിനിധികളാണ്. അടിയന്തരമായി ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണമെന്നും ബി.ജെ.പി കഴക്കൂട്ടം നിയോജക മണ്ഡലം പ്രസിഡന്റ് ആർ.എസ്. രാജീവ് ആവശ്യപ്പെട്ടു.

യു.ഡി.എഫ് സ്ഥാനാർത്ഥി എസ്. എസ് ലാലും സ്‌ട്രോംഗ് റൂം തുറന്നതിനെതിരെ രംഗത്തുവന്നു. കേടായ യന്ത്രങ്ങൾ മാറ്രാനെന്ന പേരിലാണ് മുറി തുറന്നത്. ഇപ്പോൾ മറ്റ് തിരഞ്ഞെടുപ്പൊന്നും നടക്കാനില്ലെന്നിരിക്കെ എന്തുകൊണ്ടാണ് ധൃതി പിടിച്ച് സ്‌ട്രോംഗ് റൂം തുറന്നതെന്ന് അദ്ദേഹം ചോദിച്ചു. അതേസമയം ഇതിനെ എൽ.ഡി.എഫ് ചോദ്യം ചെയ്യാത്തത് സംശയകരമാണെന്ന് ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ബാലു എസ്. നായർ ആരോപിച്ചു.