തിരുവനന്തപുരം: പടിഞ്ഞാറേകോട്ട ഗോപുരവും തെക്കെകോട്ടയുടെ മതിലും പൊട്ടിപ്പൊളിഞ്ഞ് വീഴാതിരിക്കാൻ ശ്രീപദ്മനാഭസ്വാമിയോട് പ്രാർത്ഥിക്കാനേ തത്കാലം നിർവാഹമുള്ളൂ. ഗോപുരവും കോട്ടമതിലും സംരക്ഷിക്കാനുള്ള നടപടിക്കായി പുതിയ സർക്കാർ വരുന്നതുവരെ കാത്തിരിക്കണമെന്നാണ് പുരാവസ്‌തു വകുപ്പിന്റെ നിലപാട്. ഏറെക്കാലമായി കോട്ട തകർച്ചയുടെ ഭീഷണിയിലായിട്ടും അനങ്ങാത്തവർ ഇപ്പോൾ എങ്ങനെ ഉണർന്നുപ്രവർത്തിക്കുമെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്. കോട്ട അപകടാവസ്ഥയിലാണെന്ന് 12ന് കേരളകൗമുദി റിപ്പോർട്ടു ചെയ്‌തിരുന്നു. പടിഞ്ഞാറേകോട്ടയുടെ മുകൾഭാഗത്തെ ഗോപുരത്തിന്റെ ഭാഗം ഇളകി വീഴാവുന്ന നിലയിലാണ്. മുകളിൽ വേരൂന്നി വളരുന്ന മരമാണ് തകർച്ചയ്‌ക്ക് കാരണം. ചെടിപ്പടർപ്പുകൾ യഥാസമയം നീക്കം ചെയ്യാറില്ലെന്ന് സമീപവാസികളും സാക്ഷ്യപ്പെടുത്തുന്നു. സ്വദേശി ദർശൻ പദ്ധതി പ്രകാരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു ചുറ്റും വികസനം നടക്കുമ്പോഴാണ് തലസ്ഥാന നഗരത്തിന്റെ പ്രധാന അടയാളങ്ങളിലൊന്നായ കോട്ടയോട് അവഗണന തുടരുന്നത്.
കോട്ട സംരക്ഷിക്കൻ വേണ്ടത്
1. ഉടൻ തന്നെ അറ്റക്കുറ്റപ്പണി നടത്തുക
2. നിരന്തരമായ നിരീക്ഷണവും പരിപാലനവും
3. കൈയേറ്റം ഒഴിപ്പിക്കൽ നടപ്പിലാക്കുക
4. മതിലിനോട് ചേർന്ന് മാലിന്യം കത്തിക്കരുത്