photo
അരുവിക്കര ജലസംഭരണി പായലും മലിനവസ്തുക്കളും മൂടിയ നിലയിൽ

നെടുമങ്ങാട്: അരുവിക്കര ഡാമിലെ ആഴം കൂട്ടി മണലും ചെളിയും നീക്കം ചെയ്യാനുള്ള പദ്ധതിയിൽ ' വെള്ളംകുടിച്ച് ' അധികൃതർ. ''ആഴം കൂട്ടിക്കോളൂ, കുടിനീര് കലങ്ങരുത് ' എന്ന കർശന ഉപാധിയോടെയാണ് സർക്കാർ അനുമതി നൽകിയത്. ഡാം റിസർവോയറും വൃഷ്ടി പ്രദേശങ്ങളും ആഴം കൂട്ടിയശേഷം ചെളിയിൽ നിന്ന് മണൽ വേർതിരിച്ച് വിൽക്കാനുള്ള 'കലവറ ' മോഡൽ പദ്ധതിയാണ് ഉദ്യോഗസ്ഥരെ വെള്ളം കുടിപ്പിക്കുന്നത്. മുങ്ങൽ വിദഗ്ദ്ധരായ തൊഴിലാളികളുടെ സഹായവും പരിചയസമ്പന്നരുടെ സേവനവും ലഭിച്ചിട്ടും പദ്ധതി മുന്നോട്ടുപോയില്ല.

പോംവഴി ആരാഞ്ഞ് ഡാം അതോറിട്ടി ഉദ്യോഗസ്ഥർ സാങ്കേതിക വിദഗ്ദ്ധരുടെ സഹായം തേടിയിരിക്കുകയാണ്.

48 ഹെക്ടർ വിസ്‌തൃതിയുള്ള റിസർവോയറിൽ എട്ട് മീറ്റർ ആഴത്തിൽ ജലം സംഭരിക്കാമെന്നിരിക്കെ നാലു മീറ്ററാണ് ഇപ്പോഴുള്ളത്. സംഭരണ ശേഷിയുടെ 40 ശതമാനവും മണലും ചെളിയും മാലിന്യവും അടിഞ്ഞുകൂടിയെന്നാണ് റിപ്പോർട്ട്. 2016ലാണ് ഇതിനുമുമ്പ് അരുവിക്കര ഡാമിൽ മാലിന്യ നീക്കം നടന്നത്. ഇറിഗേഷൻ വകുപ്പിന്റെ സഹായത്തോടെ മൂന്ന് ലക്ഷം രൂപ ചെലവിട്ട് ജല അതോറിട്ടി നടത്തിയ പരിശ്രമം വിജയകരമായിരുന്നു.

പമ്പിംഗ് തടസം പതിവായി

ചെളിയും മാലിന്യവും നിറഞ്ഞതോടെ, പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യം യന്ത്രസാമഗ്രികളിൽ കുടുങ്ങി കേടാകുന്നത് തുടർക്കഥയാണ്‌. പമ്പിംഗ് സ്റ്റേഷനുകളുടെ പ്രവർത്തനം തടസപ്പെടുന്നതും പതിവായി. ജലസഭരണിയോട് ചേർന്നുള്ള 86 എം.എൽ.ഡി ചിത്തിരക്കുന്ന് പ്ലാന്റിലും 76 എം.എൽ.ഡി ജപ്പാൻ കുടിവെള്ള പ്ലാന്റിലുമാണ് പമ്പിംഗ് തടസം പതിവാകുന്നത്. പ്ലാന്റുകളിൽ വെള്ളം കടത്തിവിടുന്ന ഇരുമ്പുവലകൾ മാലിന്യം മൂടി വെള്ളം കടക്കാത്ത അവസ്ഥയാണ്. വേനൽ മഴയ്‌ക്കൊപ്പം ജലസംഭരണയിൽ ടൺ കണക്കിന് മാലിന്യം കുമിഞ്ഞു കൂടിയതായി റിപ്പോർട്ടുണ്ട്.

കലങ്ങാതെ മണലെടുക്കാം

------------------------------------------

വെള്ളം കലങ്ങാതെ മണലെടുക്കാനുള്ള സാങ്കേതിക വിദ്യ നിലവിലുണ്ടെന്ന് അരുവിക്കര ജലസംഭരണി എക്‌സിക്യൂട്ടീവ് എൻജിനിയർ എസ്. രാജേഷ് വ്യക്തമാക്കി. സാങ്കേതിക വിദഗ്ദ്ധരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ടെൻഡർ നടപടി പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഡാമിൽ അടിഞ്ഞുകൂടുന്ന മാലിന്യവും പായലും നീക്കം ചെയ്യുന്ന ജോലികൾ തടസമില്ലാതെ നടക്കുന്നുണ്ട്. പമ്പിംഗ് തടസപ്പെടാത്ത വിധത്തിൽ സമീപപ്രദേശങ്ങളിലെ മാലിന്യനീക്കത്തിനാണ് മുൻഗണന. ഇതിനായി ആറുലക്ഷം രൂപയുടെ കരാറാണ് അനുവദിച്ചത്. വൃഷ്ടിപ്രദേശമായ പഴനിലം - കളത്തറ റോഡരികിൽ സംരക്ഷിതവേലിയുടെ നിർമ്മാണവും പുരോഗമിക്കുന്നുണ്ട്.

റിസർവോയറുകൾ ഇഴജന്തുക്കളുടെ താവളം

കാടുകയറിയ റിസർവോയറുകൾക്ക് സമീപത്തെ ജനവാസ പ്രദേശങ്ങളിൽ ഇഴജന്തു ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. അടുത്തിടെ തീരം റോഡിൽ വനം വകുപ്പ് അധികൃതർ പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. റിസർവോയർ പ്രദേശത്തെ റോഡുകളിൽ മിക്കയിടത്തും തെരുവുവിളക്ക് സ്ഥാപിച്ചിട്ടില്ല. ഇഴജന്തുക്കളെ ഭയന്നാണ് നാട്ടുകാരുടെ രാത്രിയാത്ര.

''റിസർവോയറുകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണലും മറ്റു മാലിന്യങ്ങളും

നീക്കി ജലസംഭരണ ശേഷി വർദ്ധിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം

---അഡ്വ. ആർ. രാജ്‌മോഹൻ ( മുൻ ജില്ലാ പഞ്ചായത്തംഗം)

 ഡാമിന്റെ വിസ്തൃതി 48 ഹെക്ടർ  ആഴം 8 മീറ്റർ

 ഇപ്പോഴുള്ളത് 4 മീറ്റർ

 മാലിന്യനീക്കം ഒടുവിൽ നടന്നത് 2016ൽ