തിരുവനന്തപുരം: രണ്ടു ദിവസത്തിനിടെ ജില്ലയിൽ 1659 പേർക്ക് കൊവിഡ് സ്ഥീരീകരിച്ചത് ആശങ്കപരത്തുന്നു. ഇന്നലെ മാത്രം രോഗികളുടെ എണ്ണം 900കടന്നു. വരും ദിവസങ്ങളിൽ ഇത് ആയിരത്തിന് മുകളിലാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.
രോഗവ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത് ദിവസവും പരിശോധനകളുടെ എണ്ണം കൂട്ടുകയാണ് ജില്ലാഭരണകൂടം. ഇതിനിടെ കൊവിഡ് വാക്സിന്റെ ക്ഷാമം അനുഭവപ്പെടുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നഗരപരിധിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിലേക്ക് അടുക്കുന്നതും തലസ്ഥാനത്ത് ആശങ്ക പരത്തുന്നുണ്ട്. രോഗവ്യാപനം പിടിച്ചു നിറുത്താനായില്ലെങ്കിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടിവരുമെന്ന് ജില്ലാഭരണകൂടം സൂചിപ്പിക്കുന്നു.
ഊർജിത കൊവിഡ് പരിശോധനയുടെ ഭാഗമായി കഴിഞ്ഞ രണ്ടുദിവസങ്ങളിൽ ജില്ലയിൽ നടത്തിയത് 29,008 കൊവിഡ് പരിശോധനകളാണ്. 22,284 ആർ.ടി.പി.സി.ആർ പരിശോധനകളും 6,245 റാപ്പിഡ് ആന്റിജൻ പരിശോധനകളും 479 മറ്റു പരിശോധനകളും ഇതിൽ ഉൾപ്പെടുന്നു. സർക്കാർ സ്ഥാപനങ്ങളിൽ സജ്ജീകരിച്ച പരിശോധനാകേന്ദ്രങ്ങളിൽ 16,689 പേർ പരിശോധന നടത്തി. മൊബൈൽ ലാബുവഴി 3,532 പേരുടെയും സ്വകാര്യ ലാബുകൾ വഴി 8,787 പേരുടെ പരിശോധനയും നടന്നു.
സംസ്ഥാനതലത്തിൽ നടക്കുന്ന സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് ജില്ലയിലും വ്യാപക പരിശോധന നടത്തിയത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുത്തവർ, കൊവിഡ് മുന്നണി പ്രവർത്തകർ, കൊവിഡ് വ്യാപനം വേഗത്തിൽ നടക്കുന്ന പ്രദേശങ്ങളിലുള്ളവർ, പൊതുഗതാഗത മേഖലയിലുള്ളവർ, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലയിലുള്ളവർ, ഹോട്ടലുകൾ, കടകൾ, മാർക്കറ്റുകൾ, സേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ, ഡെലിവറി എക്സിക്യൂട്ടിവുകൾ തുടങ്ങിയവരെ പ്രത്യേകമായി കണ്ടെത്തിയാണ് പരിശോധന. ഉയർന്ന തോതിൽ വ്യാപനം നടക്കുന്ന പ്രദേശങ്ങളിലും മാർക്കറ്റുകളിലും മൊബൈൽ ആർ.ടി.പി.സി.ആർ ടെസ്റ്റിംഗ് യൂണിറ്റുകളും ഉപയോഗപ്പെടുത്തി.