road-

തിരുവനന്തപുരം:തീരമേഖലയ്‌ക്കും ടൂറിസത്തിനും പ്രതീക്ഷയേകി എൽ.ഡി.എഫ് സർക്കാർ തുടങ്ങിയ തീരദേശ ഹൈവേ മുടങ്ങിയ മട്ടായി. സ്ഥലം ഏറ്റെടുപ്പാണ് പ്രതിസന്ധിയായത്. മലപ്പുറത്ത് രണ്ട് റീച്ചുകളിൽ മാത്രമാണ് ജോലി നടക്കുന്നത്. 2018 ഒക്ടോബറിലാണ് കിഫ്ബി പദ്ധതിക്ക് ഭരണാനുമതി നൽകിയത്. 2019 മാർച്ച് 10 ന് മരാമത്തു മന്ത്റി ജി.സുധാകരനാണ് മലപ്പുറം ജില്ലയിലെ പടിഞ്ഞാറേക്കര പാലം മുതൽ ഉണ്ണ്യാൽ ജംഗ്ഷൻ വരെയുള്ള 15 കിലോമീ​റ്ററിലെ ഒന്നാം സ്ട്രെച്ചിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചത്.

@നീളം 680 കിലോമീ​റ്റർ

@വീതി 14മീറ്റർ

@ചെലവ് 6,500 കോടി.

@ഒമ്പതു ജില്ലകളിലായി 17റീച്ചുകൾ

@തീർക്കേണ്ടത് 2022-ൽ

വികസന സ്വപ്നം

തിരുവനന്തപുരത്ത് പൂവാർ മുതൽ കാസർകോട്ട് കർണാടക അതിർത്തി തലപ്പാടി വരെയാണ് ഹൈവേ. നിലവിലെ തീരദേശ റോഡുകളുടെ വീതി കൂട്ടും. മറ്റുള്ളിടത്ത് പുതിയ പാത നിർമ്മിച്ച് കൂട്ടിച്ചേർക്കും. പിണറായി സർക്കാരിന്റെ സ്വപ്നപദ്ധതിയായിരുന്നു ഇത്. 1993-ൽ തീരഹൈവേ വിഭാവനം ചെയ്ത നാട്പാക്,​ സ്ഥലം കിട്ടുന്നിടത്ത് 12 മീറ്ററും മറ്റിടങ്ങളിൽ എട്ട് മീറ്ററും വീതിയാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ സൈക്കിൾ ട്രാക്കുൾപ്പെടെ 14 മീറ്റർ വീതി വേണമെന്ന് കിഫ്ബി കർശന നിലപാട് എടുത്തു. തീരദേശത്ത് ഭൂമി ഏറ്റെടുക്കുന്നതിന്റെ പരിമിതികൾ മരാമത്ത് വകുപ്പ് കിഫ്ബിയെ ബോദ്ധ്യപ്പെടുത്തി. മന്ത്രി ജി.സുധാകരനും കിഫ്ബി സി.ഇ.ഒയും ചർച്ച നടത്തിയാണ് പദ്ധതി എങ്ങനെയും നടപ്പാക്കാൻ തീരുമാനിച്ചത്. പാത പോകുന്ന 44 മണ്ഡലങ്ങളിലെ എം.എൽ.എമാരുടെ സഹകരണത്തോടെ സ്ഥലമെടുപ്പ് ഊർജ്ജിതമാക്കാനും തീരുമാനിച്ചു. ഭൂമി ലഭ്യമായ സ്ഥലങ്ങളിൽ നിർമ്മാണം തുടങ്ങുക, മറ്റിടങ്ങളിൽ ന്യായവില നൽകി ഭൂമി ഏറ്റെടുക്കുക, ഒഴിപ്പിക്കുന്നവരെ പുനരധിവസിപ്പിക്കുക, ഒട്ടും സ്ഥലം കിട്ടാത്ത ഭാഗത്ത് ഫ്ളൈ ഓവർ നിർമ്മിക്കുക അല്ലെങ്കിൽ പാത തിരിച്ചുവിടുക തുടങ്ങിയ തീരുമാനങ്ങളും എടുത്തു.

ഇപ്പോഴത്തെ സ്ഥിതി

കിഫ്ബി ആദ്യം അംഗീകരിച്ച പദ്ധതിയിൽ സ്ഥലമെടുപ്പിനുള്ള തുക വകകൊള്ളിച്ചിരുന്നില്ല. പിന്നീട് മലപ്പുറം ജില്ലയിലെ രണ്ട് റീച്ചുകൾക്ക് സ്ഥലമെടുപ്പിന് 72 കോടി അനുവദിച്ചു. മറ്റു ഭാഗങ്ങളിലെ സ്ഥലമെടുപ്പിന് തുക ചോദിച്ച് മരാമത്ത് വകുപ്പ് കിഫ്ബിക്ക് റിപ്പോർട്ട് കൊടുത്തിട്ടുണ്ട്. ഈ സർക്കാരിന്റെ കാലാവധി തീരുന്നതിനാൽ മിക്കവാറും അടുത്ത സർക്കാർ ആവും തീരദേശ ഹൈവേയുടെ ഭാവി തീരുമാനിക്കുക.