തിരുവനന്തപുരം: കൊവിഡ് വാക്സിൻ വിതരണം സംസ്ഥാനത്ത് മൂന്നു മാസം പിന്നിടവെ, പാർശ്വഫലങ്ങളെ പേടിച്ച് ഇനിയും വാക്സിനെടുക്കാൻ മടിക്കേണ്ട. വാക്സിനെടുത്തവർക്ക് ഗുരുതരമായ പാർശ്വഫലങ്ങളൊന്നും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. ചിലർക്ക് കുത്തിവയ്പ് എടുത്ത സ്ഥലത്ത് പേശികൾക്ക് വേദന അനുഭവപ്പെടാം. പനി,ശരീരവേദന,തലവേദന,ക്ഷീണം എന്നിവയും ചിലരിൽ കാണുന്നുണ്ട്. ശരീരത്തിന്റെ പ്രതിരോധ ശേഷിയേ അടിസ്ഥാനമാക്കിയാണിത്.
നിലവിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ വൈറസിന്റെ പിടിയിൽ നിന്നു രക്ഷനേടുന്നതിന് വാക്സിനാണ് ഏറ്റവും വലിയ പിടിവള്ളി. അത് പരമാവധി പേരിലെത്തിക്കുകയാണ് ആരോഗ്യവകുപ്പിന്റെ പ്രധാന വെല്ലുവിളിയും. കൊവീഷീൽഡാണ് സംസ്ഥാനത്ത് വ്യാപകമായി കുത്തിവയ്ക്കുന്നത്. ആദ്യ ഡോസെടുത്ത് 42 ദിവസത്തിനു ശേഷം 56 ദിവസത്തിനുള്ളിലാണ് രണ്ടാം ഡോസ് എടുക്കേണ്ടത്. സ്റ്റോക്ക് ലഭിക്കുന്ന മുറയ്ക്ക് കൊവാക്സിനും കുത്തിവയ്ക്കുന്നു. ആദ്യ ഡോസെടുത്ത് 28 ദിവസത്തിനു ശേഷം രണ്ടാമത്തെ ഡോസെടുക്കാം.
ആവശ്യക്കാർ
ഏറുന്നു
കൊവിഡിന്റെ രണ്ടാം തരംഗം ശക്തിപ്രാപിക്കുന്നതിന്റെ ഭാഗമായി പ്രതിദിനരോഗികളുടെ എണ്ണം വർദ്ധിച്ചതോടെ വാക്സിന് ആവശ്യക്കാരുടെ എണ്ണവും കൂടി.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് വരെയുള്ള കണക്കനുസരിച്ച് 58,53,435 പേരാണ് വാക്സിനേഷന് വിധേയരായത്. 51,75,516 പേർ ആദ്യഡോസും 6,77,919 പേർ രണ്ട് ഡോസും സ്വീകരിച്ചു കഴിഞ്ഞു. ഇതിൽ 56,03,562 പേർക്കും കൊവിഷീൽഡാണ് കുത്തിവച്ചത്. 2,49,873 പേർക്ക് കൊവാക്സിനും.
കോഴിക്കോട്ട്
ഹർത്താൽ പ്രതീതി
കോഴിക്കോട്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ നഗരം ഹർത്താലിന്റെ അവസ്ഥയിലായി. കടകളെല്ലാം അടഞ്ഞു കിടന്നു. ഹോട്ടലുകൾ തുറക്കാത്തതിനാൽ, അത്യാവശ്യകാര്യങ്ങൾക്ക് നഗരത്തിലെത്തിയവർ ഭക്ഷണം കിട്ടാതെ വലഞ്ഞു.
നഗരത്തിലേക്കുള്ള കവാടങ്ങളിലെല്ലാം പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് വാഹനങ്ങൾ പരിശോധിച്ചു. അനിവാര്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശിച്ചു. അറുപത് കഴിഞ്ഞവർക്കും കുട്ടികൾക്കും ചികിത്സയ്ക്കല്ലാതെ യാത്ര അനുവദിച്ചില്ല. ബീച്ചിലേക്കുള്ള പ്രവേശനം പൂർണമായും നിരോധിച്ചു.
സീറ്റിംഗ് കപ്പാസിറ്റിയിൽ കൂടുതൽ യാത്രക്കാരുമായി എത്തിയ ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു. കൂടുതലുള്ള യാത്രക്കാരെ ഇറക്കിയ ശേഷം പൊലീസ് ബദൽ സംവിധാനം ഒരുക്കി.
മാസ്ക് ധരിക്കാത്തവരെയും ശരിയായ രീതിയിൽ ധരിക്കാത്തവരെയും പിടികൂടി പിഴ ഈടാക്കി. നിയമലംഘനം ആവർത്തിച്ചാൽ കേസെടുക്കുമെന്ന മുന്നറിയിപ്പും നൽകി.
സ്വകാര്യ ബസുകൾ പൊതുവേ കുറവായിരുന്നെങ്കിലും പി.എസ്.സി പരീക്ഷ എഴുതാനിറങ്ങിയവർക്ക് പ്രയാസം നേരിട്ടില്ല.
ശ്വാസം മുട്ടി മെഡി. കോളേജുകൾ ;
കൊവിഡ് കിടക്കകൾ നിറഞ്ഞു
ഒഴിവില്ലാതെ ഐ.സി.യുകളും വെന്റിലേറ്ററുകളും
തിരുവനന്തപുരം : കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായതോടെ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളെ ചികിത്സിക്കുന്ന മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ രൂക്ഷമായ പ്രതിസന്ധിയിലേക്ക്. കൊവിഡ് വാർഡുകളിലെ കിടക്കകളെല്ലാം നിറഞ്ഞു. ഐ.സി.യുവും വെന്റിലേറ്ററുകളും ഒഴിവില്ല.
മൂന്നു ദിവസമായി താലൂക്ക്, ജനറൽ ആശുപത്രികളിൽ നിന്ന് ഗുരുതരാവസ്ഥയിലുള്ളവരെ മുന്നറിയിപ്പില്ലാതെ മെഡിക്കൽ കോളേജുകളിലേക്ക് മാറ്റുകയാണ്. ഇതോടെ കൊവിഡ് വാർഡുകളിൽ സ്ഥലം കണ്ടെത്തി കിടക്കകൾ സജ്ജമാക്കുകയാണ്. കൂടുതൽ വാർഡുകളും ഐ.സിയുകളും സജ്ജമാക്കിയാലും ഡ്യൂട്ടിക്ക് ആവശ്യത്തിന് ഡോക്ടർമാരും നഴ്സുമാരും മറ്റ് ജീവനക്കാരും ഇല്ലാത്തതും വെല്ലുവിളിയാണ്.
മെഡിക്കൽ കോളേജുകളിൽ എത്തുന്നവരിൽ ഏറെയും ഓക്സിജൻ കുറവുള്ളവരാണ്. കേരളത്തിൽ നിലവിൽ ഓക്സിജന് ക്ഷാമം ഇല്ലാത്തത് ആശ്വാസമാണ്.
വിപുലമായ സംവിധാനങ്ങളുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോലും സ്ഥിതി സങ്കീർണമാണ്. കൊവിഡ് വാർഡുകളിൽ വിരലിലെണ്ണാവുന്ന കിടക്കകളാണ് ഒഴിവുള്ളത്. കൊവിഡ് രോഗികൾക്കുള്ള നാല് ഐ.സി.യു യൂണിറ്റുകളിൽ 68 കിടക്കകളാണുള്ളത്. എല്ലാം നിറഞ്ഞു. മറ്റ് മെഡിക്കൽ കോളേജുകളിലും ഇതേ സ്ഥിതിയാണ്.
താഴേതട്ടിലെ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്ക് പ്രത്യേക സംവിധാനങ്ങളില്ല. കൊവിഡിന്റെ ആദ്യഘട്ടത്തിൽ മറ്റ് ആശുപത്രികൾ പലതും കൊവിഡ് ചികിത്സാകേന്ദങ്ങളാക്കുയും ഫസ്റ്റ്, സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സജ്ജമാക്കുകയും ചെയ്തിരുന്നു. രോഗികൾ കുറഞ്ഞതോടെ ഈ വർഷം ജനുവരിക്ക് ശേഷം കൊവിഡ് ആശുപത്രികളെല്ലാം പഴയ നിലയിലേക്ക് മടങ്ങി. ട്രീറ്റ്മെന്റ് സെന്ററുകൾ അവസാനിപ്പിക്കുകയും ചെയ്തു. താത്കാലിക ജീവനക്കാരുടെ കാലാവധിയും പൂർത്തിയായി. ഈ സംവിധാനങ്ങളെല്ലാം താഴേതട്ടിൽ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
(സർക്കാരിൽ )
ഐ.സി.യു കിടക്കകൾ - 2665
വെന്റിലേറ്ററുകൾ - 2225
(സ്വകാര്യമേഖലയിൽ )
ഐ.സി.യു കിടക്കകൾ -7008
വെന്റിലേറ്ററുകൾ -1800