തിരുവനന്തപുരം: തമിഴ്നാട് അതിർത്തിയിൽ ബാരിക്കേഡ് ഉപയോഗിച്ച് അടച്ച 12 ഇടറോഡുകളിൽ നിയന്ത്രണം തുടരുന്നു. അന്തർ സംസ്ഥാന യാത്രകൾക്ക് കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നല്ലാതെ അതിർത്തികൾ അടയ്‌ക്കരുതെന്നാണ് കേന്ദ്ര നിർദ്ദേശം. കന്യാകുമാരി ജില്ലയിലേക്കുള്ള എല്ലാ റോഡുകളും തമിഴ്നാട് സർക്കാർ വെള്ളിയാഴ്ച അടച്ചത് കേന്ദ്ര നിർദ്ദേശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് ചീഫ് സെക്രട്ടറി രാജീവ് രഞ്ജന് കേരള ചീഫ് സെക്രട്ടറി വി.പി. ജോയി കത്തയച്ചിരുന്നു. കേരളത്തിൽ നിന്ന് കന്യാകുമാരി ജില്ലയിലേക്ക് പ്രവേശിക്കാൻ ഇ പാസ് അല്ലെങ്കിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നാണ് നിർദ്ദേശം. എന്നാൽ കേരളത്തിലേക്ക് വരുന്ന വാഹനങ്ങളിൽ കേരള പൊലീസ് പ്രത്യേക പരിശോധന നടത്തുന്നില്ല. രണ്ട് സംസ്ഥാനങ്ങളിലുമായി കടന്നുപോകുന്ന തമിഴ്നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ സിറ്റി ബസുകൾ പതിവുപോലെ സർവീസ് നടത്തുന്നുണ്ട്.
അതിർത്തിയിലെത്തുന്ന ഇരുചക്ര വാഹനയാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ചശേഷം ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ കൊവിഡ് പരിശോധന നടത്തുകയാണ്. റിസൾട്ട് മൊബൈൽ ഫോൺ വഴി അറിയിക്കും. പോസിറ്റീവ് ആണെങ്കിൽ ആരോഗ്യപ്രവർത്തകർക്ക് വിവരം കൈമാറും. ലക്ഷണമുള്ളവരെ താപനില പരിശോധിച്ച ശേഷം മടക്കി അയയ്‌ക്കുകയാണെന്നും പരാതിയുണ്ട്. ഇതോടെ അതിർത്തിയിലുള്ളവർ കച്ചവടത്തിനും ജോലിക്കും പോകാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ വി.പി. ജോയി തമിഴ്നാട് ചീഫ് സെക്രട്ടറിയെ ബന്ധപ്പെട്ട് നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെടും.