x

തിരുവനന്തപുരം: തലസ്ഥാനത്ത് സ്ഥിതി അതീവ സങ്കീർണമാക്കി കൊവിഡ് വ്യാപനം തുടരുന്നു. 6,104 പേർ ചികിത്സയിലുണ്ട്. 5199 പേർക്ക് രോഗം ബാധിച്ചത് ഇൗ ഒരാഴ്ചയ്‌ക്കിടെ. ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് ഇന്നലെയോടെ 10.1ആയി ഉയർന്നു. ഒരാഴ്ചയിൽ രോഗികളുടെ എണ്ണം 5000 ലധികമായി ഉയർന്നപ്പോഴും രോഗമുക്തരുടെ എണ്ണം മൂവായിരത്തോളം മാത്രമാണ്. ഇൗ അന്തരം ചികിത്സ സംവിധാനങ്ങളുടെ ദൗർലഭ്യതയ്‌ക്ക് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തൽ. 3009 പേരാണ് ഒരാഴ്ചയ്‌ക്കിടെ രോഗമുക്തരായത്. രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ ഇന്നലെ 2,792 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 26,705 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെ 990 പേർക്കാണ് കൊവിഡ് ബാധിച്ചത്. 651 പേർ രോഗമുക്തരായി. നഗര പരിധിയിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നത് ഉറപ്പാക്കാനും നിയമ ലംഘനങ്ങൾ തടയാനും 50 സെക്ടറൽ മജിസ്‌ട്രേറ്റുമാരെ നിയമിച്ചതായി കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.കോർപ്പറേഷന്റെ രണ്ടു വാർഡുകൾക്ക് ഒരു സെക്ടറൽ മജിസ്‌ട്രേറ്റ് എന്ന കണക്കിലാണ് നിയമിച്ചിട്ടുള്ളത്. ഇവർ ഓരോ മേഖലയിലും ശക്തമായ പരിശോധന നടത്തുമെന്നും കളക്ടർ പറഞ്ഞു.കോർപ്പറേഷൻ പരിധിയിൽ മണക്കാട്, വട്ടിയൂർക്കാവ്, പേരൂർക്കട, കരമന, നേമം, കവടിയാർ മേഖലകളിൽ രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നുണ്ട്. നഗരത്തിലേതിനു പുറമേ ജില്ലയുടെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സെക്ടറൽ മജിസ്‌ട്രേറ്റുമാരെ നിയോഗിച്ചിട്ടുണ്ട്. ഇവിടെയെല്ലാം ഉദ്യോഗസ്ഥരുടെ മേൽ നോട്ടത്തിൽ പരിശോധന കർശനമാക്കും.

സ്വകാര്യ ആശുപത്രികളിൽ 20 ശതമാനം കിടക്കകൾ

സ്വകാര്യ ആശുപത്രികളിൽ 20 ശതമാനം കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കാൻ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ധാരണയായി. കിടക്കകളുടെ എണ്ണം ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നാണ് നിർദ്ദേശം. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കുന്ന ആശുപത്രികൾ സർക്കാർ നിശ്ചയിച്ച നിരക്കിൽ കൊവിഡ് ചികിത്സ നൽകണമെന്നും നിർദ്ദേശമുണ്ട്. ജില്ലാ ഭരണകൂടവും സ്വകാര്യ ആശുപത്രികളും സംയുക്തമായി ചേർന്ന യോഗത്തിലാണ് തീരുമാനമായത്. പ്രതിദിന രോഗികളുടെ എണ്ണം ഇനിയും ഉയരാൻ സാദ്ധ്യതയുള്ളതിനാൽ കിടത്തി ചികിത്സയിലുള്ള രോഗികളുടെ എണ്ണവും രോഗം ഗുരുതരമാകുന്നവരുടെ എണ്ണവും കൂടും. പുതിയ രോഗികളിൽ കൂടുതൽ പേർക്ക് ഐ.സി.യുവും വെന്റിലേറ്ററുകളും ആവശ്യമായി വന്നാലും കിട്ടാതാകും. സർക്കാർ മേഖലയിലെ സൗകര്യങ്ങൾ തികയാത്ത സാഹചര്യം വരും. ഇത് മുന്നിൽ കണ്ടാണ് ഒന്നാംതല, രണ്ടാംതല ചികിത്സാ കേന്ദ്രങ്ങൾ ആവശ്യത്തിന് ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയത്. ഒപ്പം സ്വകാര്യ മേഖലയുടെ സഹകരണം കൂടി ഉറപ്പാക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.