തിരുവനന്തപുരം: വ്യാപാരികളോടുള്ള തിരുവനന്തപുരം നഗരസഭയുടെ ശത്രുതാ നിലപാട് അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കടകളിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകൾക്ക് അധിക ഫീസ് ഈടാക്കാൻ നഗരസഭ ചുമതലപ്പെടുത്തിയ സ്വകാര്യ ഏജൻസിയുടെ ജീവനക്കാർ കടകളിൽ കയറി ഭീഷണിപ്പെടുത്തുന്നു. പാതയോരങ്ങൾ കൈയേറി സ്വതന്ത്ര സഞ്ചാരത്തിന് വിഘാതമായി സ്ഥാപിക്കുന്ന പരസ്യബോർഡുകളും ഫ്ളക്സുകളും നിയന്ത്രിക്കുന്നതിനായി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിൽ നഗരസഭ നടത്തുന്ന ഈ നടപടി നിയമവിരുദ്ധമാണെന്ന് സമിതി ആരോപിച്ചു. പത്തിരട്ടിയിലധികം കെട്ടിട നികുതി നൽകി പ്രവർത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾക്ക് അധിക ബാധ്യത ഏർപ്പെടുത്തിയ നടപടി അംഗീകരിക്കുന്നില്ലെന്ന് ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കമലാലയം സുകു, ജില്ലാ പ്രസിഡന്റ് കെ. എസ്. രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി എസ്. എസ്. മനോജ്, ജില്ലാ ട്രഷറർ നെട്ടയം മധു എന്നിവർ പറഞ്ഞു.