മുടപുരം: കിഴുവിലം ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ മുടപുരം തെങ്ങുംവിളയിൽ പ്രവർത്തിക്കുന്ന 99 - ാം നമ്പർ അങ്കണവാടിക്ക് സ്ഥലം കണ്ടെത്തി പുതിയ മന്ദിരം നിർമ്മിക്കണമെന്നാവശ്യം ശക്തമാകുന്നു. 40 വർഷം മുൻപ് പ്രവർത്തനം തുടങ്ങിയ ഈ അങ്കണവാടി ഇപ്പോൾ പത്താമത്തെ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് കുട്ടികൾക്കും നാട്ടുകാർക്കും ജീവനക്കാർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
ഒരു അങ്കണവാടി വർക്കറും ഒരു ഹെൽപ്പറും ഇവിടെ ജീവനക്കാരായുണ്ട്. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും കുരുന്നുകൾക്ക് ഇവിടെ പാചകം ചെയ്യുന്ന ആഹാരം നൽകുന്നുണ്ട്. കുട്ടികൾക്കായി ധാരാളം കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളും ഇവിടെയുണ്ട്. ഇതിനുപുറമെ ടി.വിയും വാട്ടർ പ്യൂരിഫയർ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്രയേറെ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ചെറിയ വാടക കെട്ടിടത്തിൽ വീർപ്പുമുട്ടി കഴിയുകയാണ് ജീവനക്കാരും കുട്ടികളും. അങ്കണവാടിക്ക് വേണ്ടി കെട്ടിടം നിർമ്മിച്ച് പ്രശ്നപരിഹാരം കാണണമെന്നാണ് രക്ഷകർത്താക്കളുടെയും ജീവനക്കാരുടെയും ആവശ്യം.
മുടപുരം തെങ്ങുംവിളയിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് കെട്ടിടം നിർമ്മിക്കാൻ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഷൈലജാസത്യദേവൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ