rain

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽക്കാലം അവസാനിക്കാൻ ഒരു മാസം ശേഷിക്കെ റെക്കോഡ് മഴയാണ് ലഭിച്ചത്. 10 വർഷത്തിനിടയിൽ ഏറ്റവുമധികം വേനൽ മഴ ലഭിച്ച വർഷം കൂടിയാണിത്.വേനൽ ആരംഭിക്കുന്ന മാർച്ച് ഒന്നു മുതൽ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 91.4 മില്ലീ മീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് 131.6 മില്ലിമീറ്റർ മഴയാണ് കിട്ടിയത്. ശരാശരിയെക്കാൾ 44 ശതമാനം അധികമാണിത്.കഴിഞ്ഞ വർഷം 7 ശതമാനം അധികവും 2019 ൽ 57 ശതമാനം കുറവും മഴയായിരുന്നു .ഇപ്പോഴത്തെ സാഹചര്യം തുടരുകയാണെങ്കിൽ ഇപ്രാവശ്യത്തെ വേനൽമഴ റെക്കാഡാവും. കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ് (112% അധികം) 104 ശതമാനം അധിക മഴ എറണാകുളം ജില്ലയിലും ലഭിച്ചു. ഒരു ജില്ലയിലും മഴക്കുറവ് ഇല്ല.

കാസർകോട് (53),വയനാട് (50),കോട്ടയം (68),

തിരുവനന്തപുരം (6) കോഴിക്കോട് (36) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ അധിക മഴ.

കിഴക്കൻ കാറ്റിന്റെ ശക്തി വർദ്ധിച്ചതും ഈർപ്പമുള്ള വായു പ്രവാഹം കൂടിയതും ലാനിന പ്രതിഭാസം സജീവമാകാത്തതുമാണ് വേനൽ മഴ അധികമാവാൻ കാരണം. ഇത് തുടരാനാണ് സാധ്യത.ബംഗാൾ തീരത്തെ ന്യൂനമർദ്ദവും തുണച്ചു.മേയ് മാസത്തിൽ ഇപ്പോഴത്തേക്കാൾ കൂടുതൽ മഴ ലഭിച്ചേക്കും.വേനൽ മഴയ്ക്ക് പതിവില്ലായിരുന്ന ഇടിമിന്നലും ഇപ്പോഴുണ്ട്. കിഴക്കൻ മലയോര മേഖലയിൽ ശക്തമായ കാറ്റും തുടരും.