co

@ ഒറ്റ ദിവസം 4,​422 രോഗികളുടെ വർദ്ധന

@ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 16.77%

@ സർവകലാശാലാ പരീക്ഷകൾ മാറ്റി

@ മെഡിക്കൽ കോളേജുകളിൽ പ്രതിസന്ധി

തിരുവനന്തപുരം: കൊവിഡ് രണ്ടാം വരവ് അതീവ മാരകമാവുമെന്ന ഭീഷണി ശക്തമാക്കി ഇന്നലെ സംസ്ഥാനത്ത് 18,257 പേർക്ക് രോഗബാധ. കഴി‍ഞ്ഞ ദിവസം ഇത് 13,​835 ആയിരുന്നു. 24 മണിക്കൂറിനകം 4,422 രോഗികളുടെ വർദ്ധന. പ്രതിദിന രോഗികളുടെ എണ്ണത്തിൽ സംസ്ഥാന റെക്കാഡാണിത്. 16.77 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. 25 മരണം കൂടി കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. അതിവേഗ വ്യാപനമുയർത്തുന്ന വെല്ലുവിളിക്കൊപ്പം മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ കൊവിഡ് വാർഡുകളിൽ രോഗികൾ നിറഞ്ഞതോടെ സ്ഥിതി സങ്കീർണം.

ഇന്ത്യയിലാകെ ഇന്നലെ 2.61 ലക്ഷത്തിലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിന രോഗികൾ ലോകത്ത് ഏറ്റവും കൂടുതൽ ഇന്ത്യയിലായി.1501പേരാണ് 24 മണിക്കൂറിൽ രാജ്യത്താകെ മരിച്ചത്. അതിവേഗം വ്യാപിക്കുന്നതും മാരകവുമായ, ജനിതകമാറ്റം വന്ന വകഭേദം രാജ്യത്താകെ നിരവധി സാംപിളുകളിൽ കണ്ടെത്തിയതായാണ് റിപ്പോർട്ടുണ്ട്. രാജ്യത്ത് വാക്സിനും ഓക്സിജനും ക്ഷാമം നേരിടുന്നത് പ്രതിരോധ, ചികിത്സാ നടപടികൾക്ക് ഒരുപോലെ തിരിച്ചടിയാവുകയും ചെയ്യുന്നു.

 പരിശോധന കൂടി,​ രോഗികളും

ശനി, ഞായർ ദിവസങ്ങളിൽ കൂട്ടപ്പരിശോധനയ്ക്ക് ശേഖരിച്ചതിൽ 24 മണിക്കൂറിനിടെ 1,08,898 സാമ്പിളുകളുടെ ഫലം

വന്നപ്പോഴാണ് രോഗികളുടെ വൻവർദ്ധന വ്യക്തമായത്. ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. ബാക്കി ഫലം അടുത്ത ദിവസങ്ങളിൽ ലഭിക്കും. എറണാകുളം (2835)​ കോഴിക്കോട് (2560)​ ജില്ലകളിൽ ഇന്നലെ കൊവിഡ് രോഗികൾ രണ്ടായിരം കടന്നതും മറ്റ് അഞ്ചു ജില്ലകളിൽ രോഗികൾ ആയിരം കവിഞ്ഞതും വ്യാപനതീവ്രത വ്യക്തമാക്കുന്നു.

കരുതലുമായി സർക്കാർ

@ സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു

@ രോഗ നിയന്ത്രണത്തിന് കളക്ടർമാർക്ക് 5 കോടി വീതം

@ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധന

@ പ്രധാന അതിർത്തികളിൽ ഇന്നു മുതൽ പൊലീസ് പരിശോധന ക‌ർശനം

@ താലൂക്ക് ആശുപത്രികളിൽ കൂടുതൽ കൊവിഡ് കിടക്കകൾ

@ മെഡിക്കൽ കോളേജുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കി

വായുവിലൂടെ പകരും

ന്യൂഡൽഹി : കൊവിഡ് വൈറസ് വായുവിലൂടെയും പകരുമെന്ന് എയിംസ് ഡയറക്ടറും കൊവിഡ് ദൗത്യസംഘാംഗവുമായ ഡോ. രൺദീപ് ഗുലേറിയ. അടച്ചിട്ട മുറിയിൽ 10 മീറ്റ‍ർ അകലത്തിൽ കൊവിഡ് രോഗിയുണ്ടെങ്കിൽപ്പോലും രോഗം പകരും. മുറികളിൽ ആൾക്കൂട്ടം പാടില്ല. ജനാലകൾ തുറന്നിടണം. വെന്റിലേഷൻ നി‌ർബന്ധം. ആൾക്കൂട്ടമുള്ള മുറികളിൽ സർജിക്കൽ മാസ്കോ ഡബിൾ ലെയർ മാസ്കോ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.