തിരുവനന്തപുരം: നമ്പി നാരായണനും മറിയം റഷീദയുമായും മറ്റും ബന്ധപ്പെട്ട് കേരളത്തിൽ നടന്നത് ചാരക്കേസ് അന്വേഷണമായിരുന്നില്ലെന്ന് മുൻ റോ ഉദ്യോഗസ്ഥൻ രാജേഷ് പിള്ള ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ചാരക്കേസിന്റെ പിന്നിലെ സത്യത്തെക്കുറിച്ചറിയാൻ സി.ബി.ഐ. അന്വേഷിക്കാനൊരുങ്ങുന്നതിനിടെയാണ് , അന്വേഷണത്തിന് തുടക്കം കുറിച്ച ഉദ്യോഗസ്ഥരിലൊരാളായ രാജേഷ് പിള്ളയുടെ വെളിപ്പെടുത്തൽ.
ചാരക്കേസ് അന്വേഷിക്കുന്നത് മറ്റൊരു രീതിയിലാണ്. അതിൽ ഉൾപ്പെട്ടുവെന്ന് സംശയിക്കുന്നവരെ തുടർച്ചയായി നിരീക്ഷിച്ച് അവർക്ക് പ്രവർത്തിക്കാൻ അവസരം നൽകി പിന്നീട് തെളിവ് സഹിതം പിടി കൂടുന്നതാണ് രീതി. എന്നാൽ കേരളത്തിൽ നടന്നത് ബന്ധമുള്ളവരും അല്ലാത്തവരുമെല്ലാം പ്രസ്താവനകളിറക്കിയും ചോദ്യം ചെയ്തും ബഹളമുണ്ടാക്കിയുള്ള നടപടികളായിരുന്നു. അതോടെ ഏതാനും നാളത്തെ അന്വേഷണത്തിന് ശേഷം റോ ഇതിൽ നിന്ന് പിൻമാറി.
അതേസമയം, ചാരക്കേസിൽ ഉൾപ്പെടും മുമ്പേ മറിയം റഷീദ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ നിരീക്ഷണത്തിലായിരുന്നു. മറിയം റഷീദയെ ചാരക്കേസിൽ പിടി കൂടുന്നതിന് രണ്ടാഴ്ച മുമ്പേ ഡൽഹിയിലെ റോ ഓഫീസിൽനിന്ന് തിരുവനന്തപുരത്തെ ഓഫീസിൽ വിവരം ലഭിച്ചിരുന്നു. മാലിയിൽ നിന്നുള്ള മറിയം റഷീദ തിരുവനന്തപുരത്തെത്താൻ സാധ്യതയുണ്ടെന്നും ,അവരെ പിടിച്ചുവയ്ക്കണമെന്നുമായിരുന്നു നിർദേശം. പ്രധാനമന്ത്രി നരസിംഹറാവു ഇടപെട്ടതോടെ ചാരക്കേസിലെ അന്വേഷണത്തിൽ നിന്ന് റോ പിന്മാറി. കെ. കരുണാകരന് ചാരക്കേസുമായി ബന്ധമില്ലെന്ന് റോ റിപ്പോർട്ട് ചെയ്തിരുന്നു. ചാരക്കേസിലെ ഗൂഢാലോചനയിൽ സി.ബി.ഐ. നടത്തുന്ന അന്വേഷണം മുൻവിധിയില്ലാതെ തുടക്കം മുതലുള്ള കാര്യങ്ങളെക്കുറിച്ചാണെങ്കിൽ കേസിൽ സത്യം പുറത്തു വരും. അതേസമയം ,ഐ.എസ്.ആർ.ഒയിൽനിന്ന് വിവരങ്ങൾ ചോർത്താൻ ശ്രമിച്ചുവെന്ന് തന്നെയാണ് വിലയിരുത്തൽ. എന്നാൽ മാലി സ്ത്രീകൾ ചോർത്താൻ ശ്രമിച്ചത് ക്രയോജനിക്ക് സാങ്കേതിക വിദ്യയല്ല. പാകിസ്ഥാന് വേണ്ടിയായിരുന്നില്ല ചാരപ്രവർത്തനമെന്നാണ് മനസിലായതെന്നും രാജേഷ് പിള്ള പറഞ്ഞു.