തിരുവനന്തപുരം: എ.വിജയരാഘവൻ സ്വന്തം പാർട്ടി തന്നെ തള്ളിയ സെക്രട്ടറിയാണെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
താൻ കേരളത്തിനു വേണ്ടി എന്തു ചെയ്‌തെന്ന് എ.കെ.ജി. സെന്ററിൽ പോയി ബോധ്യപ്പെടുത്തേണ്ടതില്ല. ചെയ്ത കാര്യങ്ങൾ ജനങ്ങൾക്കറിയാം. കേന്ദ്ര മന്ത്രി മിണ്ടാതിരിക്കണമെന്ന നിയമം കേരളത്തിൽ സി.പി.എം നടപ്പാക്കാൻ ആഗ്രഹിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെ മുഖ്യമന്ത്രിക്ക് സംസാരിക്കാമെങ്കിൽ സംസ്ഥാന സർക്കാരിന്റെ ദുഷ്‌ചെയ്തികൾക്കെതിരെയും, അഴിമതിക്കെതിരെയും പറയാനുള്ള അവകാശം ആരുടെ മുന്നിലും പണയം വച്ചിട്ടില്ല. ഓലപ്പാമ്പു കാണിച്ച് ഭയപ്പെടുത്താമെന്ന് സി.പി. എം കരുതരുത്.. മുഖ്യമന്ത്രി നടത്തിയ പരനാറി ,നികൃഷ്ട ജീവി പ്രയോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറിയ പരാമർശമാണ് താൻ ഉയർത്തിയത് .കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ജനങ്ങളുടെ ജീവൻ വച്ചാണ് മുഖ്യമന്ത്രി കളിച്ചത് . അതു കൊണ്ടാണ് ഇത്തരം വിമർശനം ഉയർത്തേണ്ടി വന്നതെന്നും ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.
അഴിമതിക്കേസിൽ ജാമ്യമെടുത്ത് പുറത്ത് നിൽക്കുന്ന പി. ചിദംബരമാണ് തന്റെ പരാമർശത്തിനെതിരെ എത്തിയിരിക്കുന്നത്. ബംഗാളിലും , തമിഴ്നാട്ടിലുമെന്ന പോലെ കേരളത്തിൽ സി.പി.എമ്മും കോൺഗ്രസ്സും തമ്മിൽ സഖ്യമില്ലെന്ന് കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾ ചിദംബരത്തെ ബോധ്യപ്പെടുത്തണമെന്നും വി. മുരളീധരൻ പറഞ്ഞു.