തിരുവനന്തപുരം : കമ്പവല കുരുക്കഴിച്ച് മത്സ്യത്തൊഴിലാളികൾ മോചിപ്പിച്ച തിമിംഗില സ്രാവ് (വെള്ളുടുമ്പ് ) നീന്താൻ കഴിയാതെ ചത്തടിഞ്ഞു. ശനിയാഴ്ച കോവളത്തും ഇന്നലെ ചെറിയതുറയിലും കമ്പവലയിൽ കുടുങ്ങിയ സ്രാവാണ് ചത്തത്. ചെറിയതുറയിൽ കമ്പവല മുറിച്ച് കടലിലേക്ക് തള്ളിവിടാൻ ശ്രമിച്ചെങ്കിലും സ്രാവിന് നീന്തിപ്പോകാൻ കഴിഞ്ഞില്ല. തീരത്തടിഞ്ഞ് ഏറെനേരം കഴിഞ്ഞതോടെ സ്രാവ് ചത്തു. പാറക്കല്ലുകളിൽ തട്ടി തലയിൽ പരിക്കേറ്റതുകാരണം നീന്തിപ്പോകാനാകാകാതെ ശ്വാസം മുട്ടി ചത്തെന്നാണ് നിഗമനം. ജെ.ബി.ബി ഉപയോഗിച്ച് സ്രാവിനെ തീരത്തുനിന്നു മാറ്റാൻ ശ്രമിച്ച് പരാജയപ്പെട്ടതോടെ 30 മത്സ്യതൊഴിലാളികൾ ചേർന്ന് വടം ഉപയോഗിച്ചാണ് കരയിലേക്ക് മാറ്റിയത്. വെറ്ററിനറി സർജന്മാരായ ഡോ. എ.കെ. അഭിലാഷ്, ഡോ. സൈറ കുറുപ്പ് എന്നിവർ പോസ്റ്റ്മോർട്ടം നടത്തി. പിന്നീട് കഷണങ്ങളാക്കി കുഴിച്ചിട്ടു. സ്രാവിന് തലയ്ക്ക് നീർക്കെട്ട് ഉണ്ടായിരുന്നു. ചെകിളകളിൽ മണ്ണടിഞ്ഞ് ശ്വാസതടസ്സവും ഉണ്ടായി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.