1



പോത്തൻകോട്: പ്രതീക്ഷിച്ചതിലും നേരത്തെ ദൗത്യം വിജയിപ്പിച്ചതിന്റെ സന്തോഷത്തിയിലാണ് കണിയാപുരം സാന്ത്വനം കെയർ ആംബുലൻസിലെ ജീവനക്കാർ. ജനിച്ച് നാല് ദിവസം പിന്നിട്ടപ്പോൾ ഗുരുതര കരൾ രോഗം ബാധിച്ച് അപകടാവസ്ഥയിലായ പിഞ്ചുകുഞ്ഞിനെ ഡോക്ടർമാ‌ർ പറഞ്ഞതിനും അരമണിക്കൂർ മുമ്പേ പട്ടം എസ്‌.യു.ടിയിൽ നിന്നും 230 കിലോമീറ്റർ താണ്ടി കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ച നന്ദുവിനും ആദർശിനും അഭിനന്ദന പ്രവാഹം.

ഐ.എസ്.എസ്.ആർ.ഒ സയന്റിസ്റ്റായ മുഹമ്മദ് ബാസിമിന്റെയും ഡോ. ലുജിന അബ്ദുൾ സലാം ദമ്പതികളുടെ ആൺകുഞ്ഞ് ഹംദാനാണ് ഇവർ രക്ഷകരായത്. പ്രസവിച്ച ഉടനെ കുഞ്ഞിന് കരൾ രോഗത്തെ തുടർന്നുള്ള അമിത രക്തസ്രാവം ഉണ്ടായി. ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും പരമാവധി മൂന്നുമണിക്കൂറിനുള്ളിൽ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയാൽ പ്രതീക്ഷയുണ്ടെന്ന പട്ടം എസ്.യു.ടി ആശുപത്രിയിലെ ഡോക്ടർമാരുടെ നിർദ്ദേശം ഏറ്റെടുക്കാൻ പല ആംബുലൻസ് ഡ്രൈവർമാർ മടിച്ചപ്പോഴാണ് കണിയാപുരം സാന്ത്വനം കെയറിലെ ജീവനക്കാർ മുന്നോട്ടുവന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ പട്ടം എസ്.യു.ടി.ആശുപത്രിയിൽ നിന്നും പുറപ്പെട്ട ഇവർ പുലർച്ചെ 2ഓടെ അമൃത ആശുപത്രിയിലെത്തുകയായിരുന്നു. ആശുപത്രിയിൽ അടിയന്തിര ചികിത്സ ലഭ്യമാക്കിയ കുഞ്ഞ് അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ പറഞ്ഞു.

അണ്ടൂർക്കോണം പോത്തൻകോട് പണിമൂല വിളയിൽ വീട്ടിൽ നന്ദകുമാറാണ് ആംബുലൻസ് ഓടിച്ചിരുന്നത്. സഹായിയായി സാന്ത്വനം കെയർ ആംബുലൻസ് യൂണിറ്റിലെ നഴ്‌സ് വാവറമ്പലം കാവുവിള വീട്ടിൽ ആദർശും ഒപ്പമുണ്ടായിരുന്നു. വാഹനത്തിന് വഴിയൊരുക്കി കേരള പൊലീസ്, എ.ഇ.ടി കേരള, എ.ഒ.ഡി.എ തുടങ്ങിയ ആംബുലൻസ് ജീവനക്കാരുടെ സംഘടനയും, ' ഉയിരാണ് രക്ഷകൻ ' എന്ന വാട്സ് ആപ്പ് കൂട്ടായ്‌മയും ഒപ്പമുണ്ടായിരുന്നു.