കഴക്കൂട്ടം: ഐ.എസ്.ആർ.ഒ ചാരക്കേസ് രണ്ടാമതും സി.ബി.ഐ അന്വേഷിക്കുമ്പോൾ പ്രതികൾ എന്ന് ആരോപിക്കപ്പെട്ടവരോടൊപ്പം പീഡിപ്പിക്കപ്പെട്ട ഒരു വക്കീലാണ് അഡ്വ. ബി.എസ്. പ്രസാദ് ഗാന്ധി. മറിയം റഷീദയുടെ കേസ് ഏറ്റെടുത്തതിന്റെ പേരിൽ രണ്ടു തവണ അഡ്വ. പ്രസാദ്ഗാന്ധിയുടെ വഞ്ചിയൂരിലുള്ള ഓഫീസിന് ഡി.വൈ.എഫ്.ഐക്കാർ കല്ലെറിഞ്ഞു. ഹൈക്കോടതിയിൽ നിന്ന് വരുന്ന വഴി ചേർത്തലയിലും അരൂരിലും വച്ച് രണ്ടു തവണ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടു. കോടതിയിലും പൊതുസമൂഹത്തിലും അഡ്വ. പ്രസാദ് ഗാന്ധിയും സഹപ്രവർത്തകരും ഒറ്റപ്പെട്ടു. ആരും സംസാരിക്കില്ല,ആരും കൂട്ടുകൂടില്ല. തീർത്തും ഒറ്റപ്പെട്ട അവസ്ഥയായിരുന്നു.
മറിയം റഷീദയുടെ വിസാ കാലാവധിയുമായി ബന്ധപ്പെട്ട കേസാണ് അഡ്വ. പ്രസാദ് ഗാന്ധി ആദ്യമായി ഏറ്റെടുത്തത്.മകളുടെ അഡ്മിഷനുമായി ബന്ധപ്പെട്ടാണ് മറിയം റഷീദ ബാംഗ്ലൂരിൽ എത്തിയത്. ഓവർസ്റ്റേയുമായി ബന്ധപ്പെട്ട കേസ് വാദിക്കുന്നതിനിടയിലാണ് ചാരക്കേസിൽ മറിയം റഷീദ അറസ്റ്റിലാകുന്നത്. ചാരക്കേസിന് മുമ്പേ മറിയം റഷീദയുടെ കേസുമായി പരിചയമുള്ളതിനാൽ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് ഉറപ്പായിരുന്നു. അതുകൊണ്ടാണ് ചാരക്കേസിൽ മറിയം റഷീദക്ക് വേണ്ടി കേസ് ഏറ്റെടുത്തത്. എന്നാലും കോടതിയിൽ ജഡ്ജിയോട് ഒരു കാര്യം ഉറപ്പു നൽകിയിരുന്നു. രാജ്യദ്രോഹ പ്രവർത്തനത്തിൽ മറിയം റഷീദ ഉൾപ്പെട്ടിട്ടുണ്ട് എന്ന തെളിവ് കിട്ടിയാൽ മറിയം റഷീദക്കെതിരെ ആദ്യം കേസ് വാദിക്കുന്നത് താനായിരിക്കുമെന്നതാണത്.
ആ ഒരു ചാരക്കേസോടെ രാജ്യത്തിന്റെ ശാസ്ത്ര സങ്കേതിക വളർച്ച ഇരുപത് വർഷം പിന്നോട്ട് പോയി. ലോകത്ത് ഒരു ചാര പ്രവർത്തകയും സാധാരണ യഥാർത്ഥ പാസ്പോർട്ട് ഉപയോഗിക്കില്ല. ഈ ഒരു ചെറിയ സാമാന്യ ബോധം മാത്രം മതിയായിരുന്നു അവരെ നിരപരാധിയാക്കാൻ. ഇതറിഞ്ഞിട്ടും ആരുടെയോ നേട്ടത്തിന് വേണ്ടി മറിയം റഷീദ ഇരയാക്കപ്പെട്ടു. അവർ സഹിച്ച പീഡനവും വേദനയും വിവരിക്കാൻ കഴിയാത്തതാണ്.
മറിയം റഷീദയെ കുറ്റവിമുക്തയാക്കിയിട്ടും കാര്യങ്ങൾ പുറത്തുവരാതിരിക്കാൻ ഗൂഢാലോചന നടന്നു എന്നതാണ് യാഥാർത്ഥ്യം. രാവിലെ പത്തു മണിക്കുള്ള വിമാനത്തിലാണ് മറിയം റഷീദ മാലിയിലേക്ക് പോകേണ്ടിയിരുന്നത്. അഡ്വ. പ്രസാദ്ഗാന്ധി എത്തുന്നതിന് മുമ്പ് തന്നെ പോലീസുകാർ മറിയം റഷീദയെ എയർപോർട്ടിൽ കൊണ്ടു പോയി എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി. വക്കീലിനെ കാണാനോ പത്രസമ്മേളനം നടത്താനോ അവസരം കൊടുത്തില്ല. മറിയം റഷീദയെ കാണാനായി അഡ്വ. പ്രസാദ് ഗാന്ധി തിരുവനന്തപുരം വിമാനത്താവളത്തിൽ സമരം ചെയ്തു. പിന്നീട് അറസ്റ്റ് ചെയ്ത് മാറ്റുകയാണ് ചെയ്തത്. അതു തന്നെ ഒരു ഗൂഡാലോചന ആയിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
നഷ്ടപരിഹാരം
നമ്പി നാരായണന് മാത്രമല്ല ആ കേസിൽ ഉൾപ്പെട്ട എല്ലാവരും നഷ്ടപരിഹാരത്തിന് അർഹരാണ്. നഷ്ടപരിഹാരത്തിനായി മറിയം റഷീദ സുപ്രീം കോടതിയിൽ അഡ്വ. പ്രസാദ്ഗാന്ധി വഴി 2019 ഫെബ്രുവരി 20ന് കേസ് ഫയൽ ചെയ്തിട്ടുണ്ട്.
ശാരീരിക പീഡനത്തിന് എൺപതിനായിരം അമേരിക്കൻ ഡോളറും ശാരീരിക പീഡനം സഹിച്ചതിനും ചികിത്സിച്ചതിനും മൂന്ന് ലക്ഷം ഇരുപതിനായിരം അമേരിക്കൻ ഡോളറും മാനസിക വേദനക്കും മാനനഷ്ടത്തിനും അഞ്ച് ലക്ഷം അമ്പെത്തെണ്ണായിരം അമേരിക്കൻ ഡോളറും വരുമാന നഷ്ടമായ നാൽപ്പത്തി രണ്ടായിരം അമേരിക്കൻ ഡോളറും ഉൾപ്പെടെ പത്തു ലക്ഷം അമേരിക്കൻ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ടാണ് സുപ്രീം കോടതിയിൽ കേസ് കൊടുത്തിരിക്കുന്നത്. 2019 മാർച്ച് 20ന് കേസുകളുടെ വിശദമായ കണക്കുകൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അഡ്വ.പ്രസാദ് ഗാന്ധി നിവേദനം സമർപ്പിച്ചിട്ടുണ്ട്.