കുറ്റ്യാടി: തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഗുണനിലവാരം കുറഞ്ഞ തേങ്ങ ഇറക്കുമതി ചെയ്യുന്നതോടെ കുറ്റ്യാടി തേങ്ങയുടെ വില ഇടിയുന്നു. ഗുണമേന്മയേറിയ കുറ്റ്യാടി തേങ്ങകൾക്കിടയിലാണ് വ്യാജൻ വിഹരിക്കുന്നത്. 15 ദിവസം മുൻപ് വരെ കുറ്റ്യാടി തേങ്ങ കിലോഗ്രാമിന് 44 രൂപയായിരുന്നു. ഇപ്പോൾ 38 രൂപയായി കുറഞ്ഞു. തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നും വലിയ വണ്ടികളിൽ തേങ്ങ കൊണ്ടുവന്ന് വിലങ്ങാട്, കായക്കൊടി, കണയങ്കോട് ഉള്ളിയേരി, എളേറ്റിൽ, വട്ടോളി എന്നിവിടങ്ങളിലെ പറമ്പുകളിൽ ഇറക്കി ചെറിയ ലോറികളിലാണ് കടകളിൽ എത്തിച്ച് വിൽപ്പന നടത്തുന്നത്. തമിഴ്‌നാട്ടിൽ നിന്നും 30 മുതൽ 32 രൂപ വരെ വിലയ്ക്കാണ് ഒരു കിലോ തേങ്ങ വാങ്ങുന്നത്. ആ തേങ്ങയാണ് 44 രൂപയ്ക്ക് കുറ്റ്യാടി മേഖലയിൽ കടകളിൽ വിൽപ്പന നടത്തിയത്. ഇവിടെ നിന്ന് തേങ്ങ തമിഴ്‌നാട്ടിലെ കങ്കായത്ത് എത്തിച്ച് വെട്ടി ഉണ്ടാകുമ്പോഴാണ് കുറ്റ്യാടി തേങ്ങ വ്യാജനാണെന്ന് മനസിലാകുന്നത്. നേരത്തെ പുറമേ നിന്ന് കൊണ്ടുവരുന്ന വലിയ തേങ്ങ കുറ്റ്യാടി തേങ്ങയുമായി ഇടകലർത്തിയാണ് വിൽപ്പന നടത്തിയത്. ഇപ്പോൾ ചെറിയ തേങ്ങയാണ് തമിഴ്‌നാട്ടിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഇതുകാരണം കച്ചവടക്കാർക്ക് വ്യാജ തേങ്ങാ തിരിച്ചറിയാനാകില്ല. ബിസ്‌ക്കറ്റ് കമ്പനികളിലേക്ക് ആണ് തേങ്ങ കൊണ്ടുപോകുന്നത്.
കുറ്റ്യാടി തേങ്ങ 100 കിലോ വെട്ടി ഉണക്കിയാൽ 33 കിലോ കൊപ്ര ലഭിക്കും. തമിഴ്‌നാട്,ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ തേങ്ങ 100 കിലോ ഉണങ്ങിയാൽ 28 കിലോഗ്രാം മാത്രമാണ് ലഭിക്കുക. വെളിച്ചെണ്ണയും കുറവായിരിക്കും. കുറ്റ്യാടി തേങ്ങയുടെ 100 കിലോ കൊപ്രയിൽ നിന്ന് 66 കിലോ വെളിച്ചെണ്ണ ലഭിക്കുമ്പോൾ, ഇറക്കുമതി തേങ്ങയിൽ നിന്നും നൂറു കിലോയ്ക്ക് 58 കിലോ വെളിച്ചെണ്ണയാണ് ലഭിക്കുക. കുറ്റ്യാടിയിൽ നിന്ന് തേങ്ങ കങ്കായത്ത് എത്തി വെട്ടി ഉണക്കിയാൽ മാത്രമേ വ്യാജൻ കടന്നുകൂടിയ വിവരം മനസിലാകൂ. ഇതുകാരണം ഇപ്പോൾ തേങ്ങ വില കുത്തനെ ഇടിയുകയും ചെയ്തു. ഒരു ലോഡ് തേങ്ങ ഇവിടെ എത്തിച്ച് വിൽപ്പന നടത്തുമ്പോൾ കച്ചവടക്കാർക്ക് ഒരുലക്ഷത്തിലേറെ രൂപ ലാഭം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം ഇവിടെ നിന്ന് തേങ്ങ കയറ്റുമതി ചെയ്യുന്നവർക്ക് ലക്ഷങ്ങൾ നഷ്ടം ഉണ്ടാകും. മൂന്നു മാസം മുൻപും ഇറക്കുമതി തേങ്ങ കുറ്റ്യാടി മേഖലയിൽ എത്തിയിരുന്നു. കർഷകർ പ്രതിഷേധവുമായി എത്തിയതോടെ വ്യാജ തേങ്ങ ലോബി പിന്മാറുകയും ചെയ്തു.