bus

തലശേരി: കൊവിഡ് നിയന്ത്രണം ശക്തമാക്കിയതോടെ സ്വകാര്യ ബസ് മേഖല വീണ്ടും പ്രതിസന്ധിയിലേക്ക്. ഓർഡിനറി ബസിനുള്ളിൽ സ്റ്റാൻഡിംഗ് പാടില്ലെന്ന നിർദ്ദേശമാണ് വീണ്ടും വെല്ലുവിളിയായത്. തലശേരി മേഖലയിൽ മാത്രം അഞ്ഞൂറോളം ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഈ ബസുകളൊക്കെ നഷ്ടത്തിലാണ് നിലവിൽ ഓടിക്കൊണ്ടിരിക്കുന്നത്. കൊവിഡ് നിയന്ത്രണം ശക്തമാക്കിയതോടെ കൂടുതൽ പ്രതിസന്ധി നേരിടുകയാണ്. നേരത്തെ സർക്കാർ ടാക്‌സിൽ ഇളവു നൽകിയിരുന്നു. കൊവിഡ് വ്യാപനം വർദ്ധിച്ചതിനാൽ മിക്ക സമയങ്ങളിലും യാത്രക്കാരില്ലാത്ത അവസ്ഥ നേരിടുകയാണ്. അന്യസംസ്ഥാന തൊഴിലാളികളാണ് പല റൂട്ടുകളിലും കാലത്തും വൈകീട്ടും യാത്ര ചെയ്യുന്നത്. കൊവിഡ് തുടങ്ങിയതിന് ശേഷം പലരും ബസ് യാത്ര നിർത്തി. യാത്ര ടു വീലറിലും ഫോർ വീലറിലുമാക്കി.

ഇന്ധന വില വർദ്ധനവ് കൂടിയായതോടെ ജീവനക്കാർക്ക് മാന്യമായ വേതനം എടുക്കാൻ കഴിയാത്ത അവസ്ഥയാണ്. ഡീസൽ വില നിത്യേന വർദ്ധിച്ചുവരികയാണ്. അമിത പലിശയ്ക്ക് ബ്ലേഡുകാരിൽ നിന്നും മാർവാഡികളിൽ നിന്നും വായ്പയെടുത്തവർ കുടുങ്ങിയിരിക്കുകയാണ്. ബാങ്ക് ലോൺ പോലും തിരിച്ചടക്കാൻ കഴിയുന്നില്ല. നിയന്ത്രണം ശക്തമാക്കി മുന്നോട്ടു പോയാൽ ബസുകൾ വീണ്ടും കട്ടപ്പുറത്തിടേണ്ടി വരും. വിൽക്കാമെന്ന് വെച്ചാൽ എടുക്കാനും ആളില്ല. പല ബസ് ഉടമകളും കൃഷിയിലേക്കും ആട് ഫാമിലേക്കുമെല്ലാം തിരിഞ്ഞിരിക്കുകയാണ്. മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് ബസ് ഓണേഴ്‌സ് അസോസിയേഷൻ തലശേരി താലൂക്ക് പ്രസിഡന്റ് കെ. വേലായുധൻ പറഞ്ഞു. കൊവിഡിന്റെ രണ്ടാം വരവോടെ പലരും വീട്ടിൽ നിന്ന് പുറത്തിറങ്ങാതായി. യാത്രക്കാരുടെ ഗണ്യമായ കുറവ് ഒരുതരത്തിലും മുന്നോട്ട് പോകാനാവില്ലെന്ന അവസ്ഥയിലാക്കിയിട്ടുണ്ട്.