കേരളത്തിൽ നിന്ന് ഒഴിവു വന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് പുതിയ സ്ഥാനാർത്ഥികളായി. യു.ഡി.എഫിൽ നിന്ന് രണ്ടും എൽ.ഡി.എഫിൽ നിന്ന് ഒന്നും എന്ന നിലയിലായിരുന്നു ഒഴിവ്. കാലാവധി അവസാനിക്കാൻ പോകുന്ന നിയമസഭയുടെ കാലയളവിൽത്തന്നെ ഈ ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതിനാൽ, സഭയിലെ അംഗബലത്തിൽ മുന്നിൽ നിൽക്കുന്ന ഇടതുപക്ഷത്തിന് മൂന്നിൽ രണ്ട് സീറ്റുകളും ലഭിച്ചു. യു.ഡി.എഫിന് നഷ്ടക്കച്ചവടമായി. ഒന്നിലൊതുങ്ങി.
ഒരു കാലത്ത് യുവതുർക്കിയും ഇപ്പോൾ കോൺഗ്രസിലെ മുതിർന്ന അംഗവുമായ വയലാർ രവിയുടേതായിരുന്നു ഒരൊഴിവ്. രണ്ടാമത്തേത് മുസ്ലിംലീഗ് അംഗം പി.വി. അബ്ദുൾ വഹാബിന്റേത്. കറകളഞ്ഞ വ്യവസായ പ്രമുഖൻ. ഇപ്പോൾ ആ പാർട്ടിയുടെ അഖിലേന്ത്യാ ട്രഷറർ എന്ന അർത്ഥപൂർണമായ പദവി കൈയാളുന്നു.
യു.ഡി.എഫിന് നേതൃത്വം നൽകിവരുന്ന കോൺഗ്രസ്, രാജ്യസഭാ സീറ്റുകളുടെ കാര്യത്തിൽ അങ്ങേയറ്റം ഉദാരമനസ്‌കരാണ്. ഘടകകക്ഷികൾക്ക് വാരിക്കോരി നൽകാൻ ഒരു മടിയും കാണിക്കാത്തവർ. ഘടകകക്ഷികളെ കഴിഞ്ഞിട്ടേയുള്ളൂ കോൺഗ്രസിന് സ്വന്തം കാര്യമെന്ന് തോന്നിപ്പിക്കുന്ന പെരുമാറ്റം. രാജ്യസഭയിൽ കോൺഗ്രസിന് തത്‌കാലം എം.പിമാരെ ആവശ്യമില്ലെന്ന് പറയാതെ പറഞ്ഞാണ് ഒഴിവ് വരുന്ന സീറ്റുകളെല്ലാം ഘടകകക്ഷികൾക്ക് ദാനം ചെയ്യുന്നത്. ഏതാനും വർഷങ്ങളിലായി തുടർന്നുവരുന്ന ശീലം. 2018ൽ ഒഴിവുവന്ന സീറ്റ് വെള്ളിത്താലത്തിൽ വച്ച് കെ.എം. മാണി മുമ്പാകെ സമർപ്പിച്ച് മാണിയെ മുന്നണിയിലേക്ക് ആനയിച്ചതിന് കേട്ട പഴി ചില്ലറയായിരുന്നില്ല. അതിനെത്തുടർന്നായിരുന്നു വി.എം. സുധീരൻ യു.ഡി.എഫ് സ്ഥിരാംഗത്വം രാജിവച്ച് പ്രതിഷേധിച്ചത് . മാണി പ്രമാണിയായി കേരള രാഷ്ട്രീയത്തിൽ വിരാജിച്ച നേതാവാണ് കെ.എം. മാണി. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ. കെ.എം. ജോർജ് സ്ഥാപിച്ച കേരള കോൺഗ്രസിനെ ഹൈജാക്ക് ചെയ്ത് കേരള കോൺഗ്രസ് എന്നതിനെ കേരള കോൺഗ്രസ് -മാണി ഗ്രൂപ്പ് എന്നാക്കി മാറ്റിയെടുത്ത രാഷ്ട്രീയതന്ത്രജ്ഞനാണ് കെ.എം. മാണി.
മാണി യു.ഡി.എഫിന്റെ നട്ടെല്ലായിരുന്നു. മദ്ധ്യതിരുവിതാംകൂറിലെ മാണിയും മലബാറിലെ ലീഗും കോൺഗ്രസിനൊപ്പം ചേരുമ്പോഴാണ് യു.ഡി.എഫ് അർത്ഥപൂർണമാകുക. ആ മാണി, ഇടക്കാലത്ത് യു.ഡി.എഫിനോട് കെറുവിച്ചു. ഇപ്പോൾ കാലാവധി തീരാൻ പോകുന്ന നിയമസഭയിൽ പ്രത്യേക ബ്ലോക്കായി നിൽക്കാൻ തീരുമാനിച്ച മാണി ഗ്രൂപ്പിനെ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി യു.ഡി.എഫ് പാളയത്തിലേക്ക് തിരിച്ചെത്തിക്കാനാണ് രാജ്യസഭാ സീറ്റ് , കോൺഗ്രസ് പണയം വച്ചത്. മാണിയുടെ മകൻ ജോസ് കെ.മാണി കോട്ടയത്ത് നിന്നുള്ള ലോക്‌സഭാംഗത്വം രാജിവച്ചാണ് രാജ്യസഭയിലേക്ക് പോയത്. ജോസ് ഇന്നിപ്പോൾ ഇടതുമുന്നണിയിലാണ്. ജോസ് രാജ്യസഭാംഗത്വം രാജിവച്ചാണിപ്പോൾ പാലായിൽ നിന്ന് മത്സരിച്ചത്. ആ ഒഴിവ് കിടക്കുന്നു.
അതിനും മുൻപേ ഒഴിവുവന്ന രാജ്യസഭാ സീറ്റ് നൽകിയത് സോഷ്യലിസ്റ്റ് അതികായൻ എം.പി. വീരേന്ദ്രകുമാറിനായിരുന്നു. 2009 ൽ ഇടതുമുന്നണിയോട് ഇടഞ്ഞ് മുന്നണി വിട്ട് പുറത്തുവന്ന് യു.ഡി.എഫിനൊപ്പം ചേക്കേറിയ വീരേന്ദ്രകുമാറിനും രാജ്യസഭാ സീറ്റ് വെള്ളിത്താലത്തിൽ വച്ചുതന്നെയാണ് കോൺഗ്രസ് സമ്മാനിച്ചത്. വീരേന്ദ്രകുമാർ മനസുകൊണ്ട് പൂർണമായി യു.ഡി.എഫ് ആയി നിന്നില്ല. അത് മാറ്റിയെടുക്കാൻ കൂടിയാവാം കോൺഗ്രസിന്റെ ഈ മഹാദാനം. പക്ഷേ, വീരേന്ദ്രകുമാർ മുന്നണി വിട്ടുപോരുക തന്നെ ചെയ്തു. നമ്മെ വിട്ടുപിരിഞ്ഞ വീരേന്ദ്രകുമാറിനും ആദരാഞ്ജലികൾ.
വീരേന്ദ്രകുമാർ രാജ്യസഭാംഗത്വം ഒഴിഞ്ഞിരുന്നു. അതിലേക്ക് ഇടതുമുന്നണിയിൽ നിന്നുകൊണ്ട് മകൻ ശ്രേയാംസ് കുമാർ മത്സരിച്ച് വിജയിക്കുകയും ചെയ്തു. അദ്ദേഹം ഇടതുസ്ഥാനാർത്ഥിയായി കല്പറ്റയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് ഫലം കാത്തുനില്പാണ്. വിജയിച്ചാൽ രാജ്യസഭാംഗത്വം ഒഴിയും.
അങ്ങനെയെങ്കിൽ രണ്ടൊഴിവുകളും നികത്തപ്പെടുക അടുത്ത നിയമസഭ നിലവിൽ വന്നുകഴിഞ്ഞാവും. അതിലെ അംഗബലമനുസരിച്ച് രണ്ടിലൊരു മുന്നണിക്ക് ഇവ ലഭിച്ചേക്കാം.
പറഞ്ഞുവന്നത് കോൺഗ്രസിന്റെ ത്യാഗമനസിനെപ്പറ്റിയാണ്. കൈയിൽ വന്നുചേർന്ന രണ്ട് രാജ്യസഭാ സീറ്റുകളും ഘടകകക്ഷികൾക്ക് ദാനം ചെയ്ത കോൺഗ്രസ്, ഇപ്പോൾ വന്ന ഒഴിവും മുസ്ലിംലീഗിന് താലത്തിൽ വച്ചു നൽകി. ഒഴിവ് വരുന്നുവെന്ന് കേട്ടപ്പോൾ മുതൽ ലീഗിന് അവകാശപ്പെട്ടതെന്ന് പ്രചരിപ്പിക്കപ്പെടുന്നുണ്ടായിരുന്നു. ത്യാഗമൊന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി...
വന്ന്, വന്ന് ഇപ്പോൾ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് രാജ്യസഭാംഗങ്ങളുടെ എണ്ണം ഒരാളിലേക്ക് ചുരുങ്ങിയിട്ടുണ്ട്. അത് മറ്റാരുമല്ല, സാക്ഷാൽ എ.കെ. ആന്റണിയാണ്. അടുത്ത വർഷമാദ്യം അദ്ദേഹവും ഒഴിയുകയാണ്.
ടീം പിണറായിയുടെ ഉദയം
എന്തിലുമേതിലും ഒരു പിണറായി ടച്ച് എന്നതാണല്ലോ, സമീപകാലത്തെ കേരള രാഷ്ട്രീയത്തിലെ ഏറ്റവും ത്രസിപ്പിക്കുന്ന കാഴ്ച! ആ ടച്ച് ഏറ്റവുമൊടുവിൽ കണ്ടത് പുതിയ രാജ്യസഭാ തിരഞ്ഞെടുപ്പിലാണ്. വോട്ടെടുപ്പ് നടക്കാനിടയില്ല. കാരണം ഒഴിവുള്ള മൂന്ന് സീറ്റുകളിലേക്കുമായി മൂന്ന് സ്ഥാനാർത്ഥികളേ ഇതുവരെയുള്ളൂ. ഇടതുസ്ഥാനാർത്ഥികൾക്കെതിരെ യു.ഡി.എഫോ യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ ഇടതുമുന്നണിയോ എതിരാളികളെ അവതരിപ്പിച്ചിട്ടില്ല.
നിയമസഭയിലെ കക്ഷി ബലാബലമനുസരിച്ച് സി.പി.എമ്മിൽ നിന്നുള്ള വി. ശിവദാസനും ജോൺ ബ്രിട്ടാസും മുസ്ലിംലീഗിൽ നിന്നുള്ള പി.വി. അബ്ദുൾ വഹാബും രാജ്യസഭയിലേക്കെത്തും.
സി.പി.എമ്മിൽ നിന്നുള്ള സ്ഥാനാർത്ഥികളിലാണ് ആ പിണറായി ടച്ചിന്റെ മനോഹരമായ പ്രകാശനം നടന്നിരിക്കുന്നത്. സ്ഥാനാർത്ഥികൾ രണ്ടുപേരും 'കണ്ണൂർ ലോബി' ആയത് കൊണ്ടല്ല അത് പറയുന്നത്. രണ്ടുപേരും കണ്ണൂർ ജില്ലയിൽ നിന്നുള്ളവർ തന്നെ. സി.പി.എം എന്നാൽ കണ്ണൂർ ജില്ലക്കാർ മാത്രമോയെന്ന് സന്ദേഹിക്കാൻ അത് ഉൾപ്പാർട്ടി വിമർശകരെ പ്രേരിപ്പിച്ചേക്കാം. പക്ഷേ, കണ്ണൂർ ലോബി എന്നതിനേക്കാൾ പിണറായി ലോബി എന്ന് ഈ രണ്ട് സ്ഥാനാർത്ഥികളെയും വിശേഷിപ്പിക്കാനാണ് രാഷ്ട്രീയനിരീക്ഷകർ അത്യുത്സാഹം കാണിക്കുന്നത്. അതിൽ തെറ്റ് പറയാനാവില്ല. ഇടതുപക്ഷ പത്രപ്രവർത്തനം വളരെ നന്നായി നടത്തുന്നയാൾ എന്നാണ് ജോൺ ബ്രിട്ടാസിന് സ്ഥാനാർത്ഥിത്വം നൽകിയതിന് ന്യായീകരണമായി സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ പറഞ്ഞത്. കുറച്ചൊക്കെ ശരിയായിരിക്കാം. പക്ഷേ ദോഷൈകദൃക്കുകൾ ബ്രിട്ടാസിൽ മറ്റ് ചില മുഖങ്ങളും ദർശിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മാദ്ധ്യമ ഉപദേഷ്ടാവായിരുന്നു അദ്ദേഹം. അതൊരു തെറ്റായ കാര്യമോ, രാജ്യസഭാംഗത്വത്തിന് അയോഗ്യത കല്പിക്കേണ്ട സംഗതിയോ അല്ല. പക്ഷേ ബ്രിട്ടാസിനൊരു പൂർവകാല ചരിത്രമുണ്ട്. പത്ത് വർഷത്തിൽ താഴെയേ ആയുള്ളൂ സംഗതി നടന്നിട്ട്. അത് അദ്ദേഹം പാർട്ടിയുടെ സ്വന്തം ചാനൽ ഉപേക്ഷിച്ച് റൂപർട്ട് മർഡോക് എന്ന കോർപ്പറേറ്റ് ഭീമന്റെ സ്വകാര്യചാനലിലേക്ക് കുടിയേറി എന്നതാണ്. അപ്പോൾ ഇടതുപക്ഷ പ്രതിബദ്ധതയിൽ വെള്ളം ചേർക്കപ്പെട്ടില്ലേ ! വൈകാതെ അദ്ദേഹം മർഡോകിനെ മടുത്ത് തിരിച്ചെത്തി. അവസരവാദ രാഷ്ട്രീയവും അതോടെ പ്രകടമായി. തിരിച്ചെത്തിയ ബ്രിട്ടാസിനെ വരവേറ്റത് പിണറായി നേരിട്ടാണ്. പിന്നീടിങ്ങോട്ട് പിണറായിയുടെ വലംകൈയായി നീങ്ങിയ ബ്രിട്ടാസിനെയാണ് കണ്ടത്. തുടർഭരണം പ്രതീക്ഷിക്കുന്ന പിണറായി വിജയന്, ഡൽഹി ചർച്ചകളിലെ സഹായിയാകാൻ ബ്രിട്ടാസ് വേണോ, അതോ അതിലപ്പുറമുള്ള മാനസികൈക്യത്തിന്റെ പിൻബലമാണോ? രണ്ടിലൊന്ന് ബ്രിട്ടാസിന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഫലിച്ചിട്ടുണ്ട്.
ശിവദാസനും പിണറായി വിജയന്റെ വിശ്വസ്തൻ. ഇപ്പോൾ സംസ്ഥാന വൈദ്യുതിബോർഡിലെ അനൗദ്യോഗിക അംഗം. ശിവദാസൻ സി.പി.എമ്മിന്റെ സംസ്ഥാനകമ്മിറ്റി അംഗമാണ്. പാർട്ടിയിൽ മറ്റ് പല ജില്ലകളിലും പാർട്ടിയുടെ ശ്രേണീഘടനയിൽ മുൻനിര പദവികളിലിരിക്കുന്ന തലമുതിർന്ന നേതാക്കളുണ്ട്. ഇതുവരെ പാർലമെന്ററി സ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെടാത്തവരുണ്ട്. അവരെല്ലാം തഴയപ്പെട്ടിടത്ത് ബ്രിട്ടാസ് എത്തിയതിലാണ് ആ പിണറായി ടച്ച്. കണ്ണൂർ ജില്ലയ്ക്ക് രണ്ടാമത്തെ സീറ്റ് കിട്ടിയതിലുമുണ്ടായി ആ പിണറായി ടച്ച് !
ദേശാഭിമാനിയിലെ പഴയ കെ. മോഹനന് ശേഷം രാജ്യസഭയിലേക്ക് പോകുന്നത് ജോൺ ബ്രിട്ടാസാണ്. ഉപ്പോളം വരുമോ ഉപ്പിലിട്ടത് എന്ന ചോദ്യമരുത്. പിണറായി വിജയൻ പങ്കെടുക്കാതിരുന്ന സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിലാണ് പിണറായി ടച്ച് ഏറ്റവും ശക്തമായി പ്രതിഫലിച്ചത് എന്നതിൽ നിന്ന് മനസിലാക്കേണ്ടത്, ടീം പിണറായിക്ക് ഉലച്ചിലൊന്നും ഇതുവരെയും സംഭവിച്ചിട്ടില്ല എന്നുതന്നെയാണ്!
മോഹമുക്തനായ ചെറിയാൻ ഫിലിപ്പ്
ചെറിയാൻ ഫിലിപ്പിനെ മോഹമുക്തനായ രാഷ്ട്രീയനേതാവ് എന്ന് വിശേഷിപ്പിച്ചത് മഹാനായ ഇ.എം.എസ് ആണ്. കോൺഗ്രസ് ദേശീയവേദി രൂപീകരിച്ച്, എ.കെ. ആന്റണിയുടെ നിഴലായി, ഉറച്ച കോൺഗ്രസുകാരനായി സഞ്ചരിക്കുമ്പോഴും കമ്മ്യൂണിസ്റ്റ് താത്വികാചാര്യനായ ഇ.എം.എസിനോട് അടുപ്പം പുലർത്തിയ ആളാണ് ചെറിയാൻ ഫിലിപ്പ്.
ചെറിയാൻ ഫിലിപ്പ് രചിച്ച കാൽനൂറ്റാണ്ട് എന്ന ഗ്രന്ഥം രാഷ്ട്രീയചരിത്ര വിദ്യാർത്ഥികൾക്ക് എക്കാലത്തെയും റഫറൻസ് ഗ്രന്ഥമാണെന്നതിൽ തർക്കമില്ല. ബുദ്ധിപരമായ സത്യസന്ധത പുലർത്തുന്ന പുസ്തകമെന്ന് ഇ.എം.എസ് ഈ പുസ്തകത്തെ വിശേഷിപ്പിക്കുകയുണ്ടായി. ഇപ്പോൾ ചെറിയാൻ പുതിയ രാഷ്ട്രീയചരിത്ര പുസ്തകരചനയിലേക്ക് കടക്കുന്നുവെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഇടതും വലതും എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിൽ കേരളത്തിലെ രണ്ട് പരമ്പരാഗത മുന്നണികളിലെയും ഉൾപ്പിരിവുകൾ പ്രതിപാദിക്കുമെന്നാണ് പറയുന്നത്. അത് കാൽനൂറ്റാണ്ട് രചിച്ചതിന് ശേഷമിങ്ങോട്ടുള്ള കാലയളവിലെ ചരിത്രമായിരിക്കുമെന്നും.
ചെറിയാൻ ഫിലിപ്പ് 2001ൽ കോൺഗ്രസിനോടിടഞ്ഞ് ഇടതുസഹയാത്രികനായതാണ്. കോൺഗ്രസിൽ സീറ്റ് നൽകാതെ തഴഞ്ഞതിലുള്ള രോഷമദ്ദേഹം പ്രകടിപ്പിച്ചു. നൽകിയ സീറ്റുകൾ ജയസാദ്ധ്യതയില്ലാത്തതെന്ന് പരിഭവിച്ചു. 2001ലും സീറ്റ് നൽകിയിരുന്നു. തിരുവനന്തപുരം നോർത്ത്. ഇന്നതിന്റെ ഭാഗങ്ങൾ ചേർന്ന മണ്ഡലം വട്ടിയൂർക്കാവാണ്. ആ നോർത്തിൽ ജയസാദ്ധ്യതയില്ലെന്ന് കാട്ടിയാണ് ചെറിയാൻ പിണങ്ങിയത്. 1996ൽ എം. വിജയകുമാർ വിജയിച്ച നോർത്തിലെ സാദ്ധ്യതയെപ്പറ്റി ചെറിയാൻ അന്ന് ആകുലപ്പെട്ടതിൽ തെറ്റില്ല. കാരണം വിജയകുമാറിന്റെ പ്രതാപകാലമാണ്. പക്ഷേ തിരഞ്ഞെടുപ്പ് മൂർദ്ധന്യത്തിലുണ്ടായ ചില വിവാദങ്ങളിലും അടിയൊഴുക്കിലും പെട്ട് വിജയകുമാർ തോറ്റു. ചെറിയാന് പകരം അവിടെ മത്സരിച്ച കെ. മോഹൻകുമാർ നിയമസഭ കയറി.
ഇടതുസഹയാത്രികനായി പുതുപ്പള്ളിയിൽ സാക്ഷാൽ ഉമ്മൻ ചാണ്ടിയോട് രക്തസാക്ഷിത്വം പുൽകാനായിരുന്നു ചെറിയാന്റെ വിധി. 2006 ൽ സി.പി.എം കല്ലൂപ്പാറ സീറ്റും 2011ൽ ജയസാദ്ധ്യത കുറവെന്ന് പറയാൻ പറ്റാത്ത വട്ടിയൂർക്കാവും ചെറിയാന് നൽകി. രണ്ട് തവണയും പരാജയപ്പെട്ടു. പക്ഷേ 2006 ൽ കെ.ടി.ഡി.സി അദ്ധ്യക്ഷപദവിയും 2016ൽ നവകേരള മിഷൻ കോ - ഓർഡിനേറ്റർ പദവിയും സി.പി.എം ചെറിയാന് നൽകി.
കോൺഗ്രസിലായപ്പോൾ പഴയ കോട്ടയത്ത് 1991ൽ മത്സരിച്ച് ടി.കെ. രാമകൃഷ്ണനോട് പരാജയപ്പെട്ടിട്ടുണ്ട് ചെറിയാൻ. പഴയ കോട്ടയത്ത് മേഴ്സി രവിയും ഇപ്പോൾ മാറിയ കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും വിജയിച്ചതാണ്. പക്ഷേ, ചെറിയാൻ നിർഭാഗ്യവശാൽ പരാജയമടഞ്ഞു. അത് ടി.കെ. രാമകൃഷ്ണന്റെ പ്രതാപകാലമായതിനാലാവാം. മാത്രവുമല്ല, പഴയ കോട്ടയത്തിൽ ഇടതു ശക്തികേന്ദ്രങ്ങൾ അല്പമുണ്ടായിരുന്നു താനും.
ഇ.എം.എസ് വിശേഷിപ്പിച്ചത് പോലെ ചെറിയാൻ മോഹമുക്തനാണോ? ഒരു രാഷ്ട്രീയനേതാവിന് അങ്ങനെയങ്ങ് മോഹമുക്തനായിരിക്കാൻ പറ്റുമോ? ഒരു മുന്നണിയിലുമില്ല മോഹമുക്തർ. സി.പി.എം പാളയത്തിൽ സഹയാത്രികനായി തുടരുന്ന ചെറിയാൻ ഫിലിപ്പ് രാജ്യസഭാ സീറ്ര് മോഹിച്ചതിൽ തെറ്റ് പറയാനാവില്ല. സി.പി.എം പ്രായോഗികബുദ്ധിമുട്ടുകളാണ് ചെറിയാനെ തഴയാൻ ന്യായീകരണമായി നിരത്തുന്നത്. ചെറിയാൻ പാർട്ടിയംഗമല്ല. പാർട്ടി പ്രാതിനിദ്ധ്യം പാർലമെന്റിൽ അല്ലെങ്കിൽ തന്നെ കുറവാണ്. പഴയ പ്രതാപമില്ല ഇന്ന് ഇടതുപക്ഷത്തിന്.
അത് തിരിച്ചറിഞ്ഞ്, തത്‌കാലം മോഹമുക്തനായി തുടരുകയാണ് ചെറിയാൻ ചെയ്യേണ്ടത്. പുസ്തകമെഴുത്തിന് അദ്ദേഹം മുതിരുന്നെങ്കിൽ തെറ്റ് പറയാനില്ല.