vivek

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയിൽ ബോളിവുഡ് താരം വിവേക് ഒബ്റോയി നിർണായക വേഷത്തിൽ എത്തുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലൂടെയാണ് വിവേക് ഒബ്റോയി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ലൂസിഫറിലെ ബോബി എന്ന പ്രതിനായകവേഷം ഏറെ പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തു. മുണ്ടക്കയത്ത് ചിത്രീകരണം പുരോഗമിക്കുന്ന കടുവയിൽ സായ് കുമാർ, സിദ്ദിഖ്, ജനാർദ്ദനൻ, വിജയരാഘവൻ, അജുവർഗീസ്, ഹരിശ്രീ അശോകൻ, രാഹുൽമാധവ്, കൊച്ചുപ്രേമൻ, സംയുക്തമേനോൻ, സീമ, പ്രിയങ്ക എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. സിംഹാസനത്തിനുശേഷം ഷാജിയും പൃഥ്വിയും ഒന്നിക്കുന്നുവെന്ന പ്രത്യേക കൂടിയുണ്ട്.മാസ് ആക്ഷൻ ചിത്രമാണ് കടുവ.ആദം ജോണിന്റെ സംവിധായകനും ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിർവഹിക്കുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിലാണ് കടുവ നിർമ്മിക്കുന്നത്. അഭിനന്ദൻ രാമാനുജൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ഷമീർ മുഹമ്മദാണ് എഡിറ്റർ. ഒറ്റ ഷെഡ്യൂളിൽ ഷൂട്ടിംഗ് പൂർത്തിയാകും.