മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതായി ആരോപിച്ച കേന്ദ്രമന്ത്രി വി. മുരളീധരൻ നോർവയിലേക്ക് ഒന്ന് നോക്കണമെന്ന് ഉപദേശിച്ചിരിക്കുന്നു. അറുപതാം പിറന്നാളാഘോഷത്തിന് സർക്കാർ ചട്ടപ്രകാരമുള്ളതിനെക്കാൾ കൂടുതൽ കുടുംബാംഗങ്ങൾക്ക് വിരുന്നൊരുക്കിയതിന് നോർവീജിയൻ പൊലീസ് അവിടത്തെ പ്രധാനമന്ത്രിക്ക് പിഴയിട്ടിരുന്നു. പിഴയടച്ചതിനുശേഷം പ്രധാനമന്ത്രി എർണ സോൾബർഗ് ജനങ്ങളോട് മാപ്പ് പറയുകയും ചെയ്തു.
നോർവേയിലെ പ്രധാനമന്ത്രിയെ നോക്കുന്നതിന് മുമ്പ് രാജ്യത്തെയും അവിടത്തെ ജനങ്ങളെയുമാണ് നോക്കേണ്ടത്. ലോകത്ത് ഏറ്റവും മികച്ച ജീവിത നിലവാരം പുലർത്തുന്ന ജനങ്ങൾ താമസിക്കുന്ന രാജ്യമാണ് നോർവേ. പെട്രോളിന്റെയും കടൽ വിഭവങ്ങളുടെയും ആധിക്യത്താൽ അതിസമ്പന്നമായ നാട്. ക്രൈം സംഭവങ്ങൾ നാമമാത്രം. വിദ്യാഭ്യാസപരമായി വളരെ ഉന്നതി പ്രാപിച്ച ജനത. എല്ലാ ജനങ്ങൾക്കും സൗജന്യമായ ചികിത്സ ലഭിക്കുന്നു. തൊഴിലില്ലായ്മ വളരെ കുറവ്. എല്ലാവർക്കും ഉയർന്ന ശമ്പളം. സമ്പന്നരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം ചെറുത്. ജനസംഖ്യയും കുറവാണ്.
ഇന്ത്യയിലേക്ക് നോക്കുമ്പോൾ ഏറ്റവും പ്രകടമായ വ്യത്യാസം പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരമാണ്. ഇന്ത്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു എന്നത് ആശ്വാസകരമാണ്. തൊഴിലില്ലായ്മയും ബഹുഭൂരിപക്ഷം ജനങ്ങളുടെ ജീവിതാവസ്ഥയും വളരെ പരിതാപകരമായ അവസ്ഥയിലാണ്. ഇതിന് ഇന്ത്യ ഭരിച്ചവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജനങ്ങളുടെ മനോഭാവത്തിലും മാറ്റം വരണം. ഇന്ത്യയിൽ രാഷ്ട്രീയക്കാർ ചർച്ച കേന്ദ്രീകരിക്കുന്നത് പലപ്പോഴും വൈകാരികമായ വിവാദ വിഷയങ്ങളിലാണ്. ജനങ്ങൾക്ക് പ്രത്യേകിച്ച് ഒരു ഗുണവും ചെയ്യാത്തവ. ഇക്കാര്യത്തിൽ ജനങ്ങളുടെ അജ്ഞതയാണ് ഇക്കൂട്ടർ മുതലെടുക്കുന്നത്. മനുഷ്യന് പ്രയോജനം ചെയ്യാത്ത കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനും വെറുതെ വാചകമടിച്ച് സമയം കളയാൻ ജനങ്ങൾക്കും ഇഷ്ടമാണ്. കാരണം ജോലി ചെയ്യാൻ മറ്റ് ക്രിയാത്‌മകമായ മേഖലകളുടെ അഭാവം കാരണം ജനങ്ങൾക്ക് അധിക സമയമുണ്ട്. അതവർ ജാതിയുടെയും മതത്തിന്റെയും അനാവശ്യമായ തർക്കങ്ങളുടെയും പേരിൽ വെറുതെ ചെലവഴിക്കുന്നു.
പാർട്ടി ഏതായാലും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും മറ്റുമായിക്കഴിഞ്ഞാൽ ഒരുമാതിരിപ്പെട്ട മാനദണ്ഡ ലംഘനങ്ങൾക്കൊന്നും അവർക്കെതിരെ ഇവിടത്തെ പൊലീസ് കേസെടുക്കില്ല. നിയമങ്ങൾ സാധാരണക്കാരന് വേണ്ടി മാത്രമുള്ളതാണെന്ന് സംശയം തോന്നുന്ന മട്ടിലാണ് പല കാര്യങ്ങളുടെയും പോക്ക്.
കേരളത്തിൽ കാറിന്റെ ചില്ലുകൾ കർട്ടനിട്ട് മറയ്ക്കുന്നത് തടയാൻ പരിശോധന നടന്നു. അത് സാധാരണ പൗരന്മാരിൽ നിന്ന് മാറി ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളിലേക്ക് എത്താത്തതെന്ത് എന്ന ചോദ്യം ഉയർന്നപ്പോൾ പരിശോധന അവസാനിച്ചു. ഇതിൽ നിന്നൊക്കെ എന്താണ് മനസിലാക്കേണ്ടത്. ജനങ്ങളുടെ മനോഭാവത്തിലും വിദ്യാഭ്യാസ നിലവാരത്തിലും ചിന്താരീതിയിലും മാറ്റം വരുന്ന കാലത്തേ ഇവിടെ പ്രധാനമന്ത്രി മാനദണ്ഡം ലംഘിച്ചാൽ പൊലീസ് കേസെടുക്കൂ. അല്ലാതെ നിയമം പാലിക്കാൻ ഒരുദ്യോഗസ്ഥൻ മുതിർന്നാൽ അയാളുടെ ജീവിതം കുട്ടിച്ചോറാകും. യഥാ പ്രജ തഥാ രാജ എന്നാണല്ലോ പ്രമാണം.
ഉപദേശിക്കാൻ എല്ലാവർക്കും കഴിയും. പറയുന്ന കാര്യം സ്വയം ശീലിക്കാതെ ഉപദേശിച്ചാൽ അനുസരിക്കാൻ ആർക്കും തോന്നില്ല. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളുടെ ഉപദേശങ്ങൾ അതേപടി അനുസരിക്കാൻ ജനങ്ങൾ തയാറാകാത്തതിന്റെ കാരണവും വ്യത്യസ്തമല്ല.
ഒരിക്കൽ ഒരു അമ്മ തന്റെ കുട്ടിയുമായി ശ്രീരാമകൃഷ്ണ പരമഹംസന്റെ സവിധത്തിൽ വന്നു. എപ്പോഴും കൽക്കണ്ടം കഴിക്കുന്ന ദുശ്ശീലം കുട്ടി തുടരുന്നു. സ്വാമി ഒന്ന് ഉപദേശിച്ച് അത് മാറ്റിയെടുക്കണം. ഇതായിരുന്നു അമ്മയുടെ ആവശ്യം. സ്വാമി ഒന്നും മിണ്ടിയില്ല. നാളെ വരാൻ പറഞ്ഞു. പിറ്റേന്ന് കുട്ടിയുമായി അമ്മ വീണ്ടും വന്നു. ഇനി എപ്പോഴും കൽക്കണ്ടം കഴിക്കരുതെന്ന് സ്വാമി പറഞ്ഞു. കുട്ടി ആ ശീലം അതോടെ നിറുത്തുകയും ചെയ്തു. അവർ പോയതിനുശേഷം ചില ശിഷ്യന്മാർ അദ്ദേഹം ഇങ്ങനെ മറുപടി നല്‌കി - ഇന്നലെ എന്താണ് ഈ ഉപദേശം കൊടുക്കാതിരുന്നതെന്ന് ചോദിച്ചു. ഇന്നലെ ആ അമ്മ കുട്ടിയുമായി വന്നപ്പോൾ എന്റെ വായിൽ കൽക്കണ്ടം കിടക്കുകയായിരുന്നു. ആ ശീലം എനിക്കുമുണ്ട്. അത് സ്വയം നിറുത്താതെ മറ്റുള്ളവരെ ഉപദേശിച്ചിട്ട് കാര്യമില്ല. ആ ശീലം ഇന്നലെ നിറുത്തി. അതിനുശേഷം ഉപദേശിച്ചതു കൊണ്ടാണ് കുട്ടിക്ക് അതനുസരിക്കാൻ തോന്നിയത്. പരമാവധി സത്യസന്ധതയും ആത്മാർത്ഥതയും സ്വയം ശീലിച്ചാൽ പാർട്ടി ഭേദമെന്യെ ജനങ്ങൾ നേതാക്കളെ അനുസരിക്കും. രാജ്യം സാംസ്കാരികമായും സാമ്പത്തികമായും പുരോഗമിക്കുകയും ചെയ്യും. അങ്ങനെയൊരു കാലം അധികം ദൂരയല്ലെന്ന് പ്രതീക്ഷിക്കാം.