kovalam

കോവളം: പ്രതീക്ഷകൾക്കും പ്രതിസന്ധികൾക്കുമൊടുവിൽ കഴക്കൂട്ടം - കാരോട് ബൈപ്പാസിൽ മുക്കോല മുതൽ കാരോട് വരെയുള്ള സംസ്ഥാനത്തെ ആദ്യ കോൺക്രീറ്റ് റോഡ് നിർമ്മാണം അന്തിമഘട്ടത്തിലെത്തിയെങ്കിലും അനുബന്ധ സർവീസ് റോഡുകളുടെ നിർമ്മാണം വൈകുന്നു. എന്നാൽ 16 കിലോമീറ്രർ നീളമുള്ള റോഡ് മൂന്നുമാസത്തിനകം തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. നാലുവരിപ്പാതയും ഇരുവശങ്ങളിലായി സർവീസ് റോഡുകളും ഉൾപ്പെടെ 45 മീറ്റർ വീതിയാണ് പാതയ്ക്കുള്ളത്. സ്ഥലമെടുപ്പും സർവീസ് റോഡുകൾ നിർമ്മിക്കാനുള്ള താമസവും പദ്ധതിയെ വൈകിപ്പിച്ചിരുന്നു. കോട്ടുകാൽ, ആനാവൂർ, ഇരുമ്പിൽ, ചെങ്കൽ, പരശുവയ്ക്കൽ എന്നിവിടങ്ങളിൽ നിന്നാണ് റോഡ് നിർമ്മാണത്തിനുള്ള മണ്ണെടുത്തത്. അനുമതി ലഭിച്ച സ്ഥലങ്ങളിൽ നിന്നും മണ്ണെടുക്കുന്നതിന് ജിയോളജി വകുപ്പ് നിയന്ത്രണമേർപ്പെടുത്തിയത് വേഗത്തിലുള്ള നിർമ്മാണത്തിന് തടസമായെന്ന് ദേശീയപാത അധികൃതർ പറഞ്ഞു. നിർമ്മാണം പൂർത്തിയായ മുക്കോല മുതൽ തലയ്‌ക്കോട് വരെയുള്ള ഭാഗങ്ങളിൽ തെരുവ് വിളക്കുകൾ കത്തിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഈ മീഡിയനുകളിൽ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ചെടികളും പുൽത്തകിടിയും വച്ചുപിടിപ്പിക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്.


സ്ഥലം ഏറ്റെടുക്കൽ പ്രധാന കടമ്പ

ഇരുവശങ്ങളിലുമായി നിർമ്മിക്കേണ്ട സർവീസ് റോഡ് പലയിടത്തും പൂർത്തിയാക്കിയിട്ടില്ല. സ്ഥലം വിട്ടുകിട്ടുന്നതിനുള്ള കാലതാമസമാണ് ജോലികൾ വൈകാൻ കാരണമെന്ന് ദേശീയപാത അധികൃതർ വ്യക്തമാക്കി. മുക്കോല തലയ്‌ക്കോട് മുതൽ കാരോട് വരെയുള്ള റോഡ് തുറക്കുന്നതോടെ അടച്ചിട്ടിരിക്കുന്ന കോവളം ജംഗ്ഷനിലെ റോഡും തുറക്കും. നിയന്ത്രണത്തെ തുടന്ന് നിലവിൽ തമിഴ്നാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഇവിടെയെത്തി ഇടത്തോട്ടുള്ള സർവീസ് റോഡിലൂടെ ആഴാകുളത്തുള്ള അടിപ്പാതവഴി വിഴിഞ്ഞം റോഡിലേക്ക് കയറണം. തുടർന്ന് വിഴിഞ്ഞം - പൂവാർ റോഡിലൂടെയാണ് ഈ വാഹനങ്ങൾ പോകുന്നത്.


നിർമ്മാണം ആരംഭിച്ചത് 2015 ജൂണിൽ

നീളം - 16 കിലോമീറ്റർ, വീതി 45 മീറ്റർ

കഴക്കൂട്ടം - കാരോട് ബൈപ്പാസിന്റെ നീളം - 43 കിലോമീറ്റർ