urinal-disorder

പുരുഷന്മാരുടെ മൂത്രനിയന്ത്രണമില്ലായ്മയ്ക്ക് പ്രധാന കാരണം പ്രോസ്റ്റേറ്റ് വീക്കം, മൂത്രരോഗാണുബാധ, നാഡി വ്യവസ്ഥയിലെ രോഗങ്ങൾ, പ്രമേഹം കാരണമായ ഡയബറ്റിക് സിസ്റ്റോപതി, റാഡിക്കൽ പ്രോസ്റ്റാറ്റെക്ടമി, ടി.വി.ആർ.പി മുതലായ ശസ്ത്രക്രിയകൾ എന്നിവയാണ്.

ഇടുപ്പെല്ലിന്റെ മാംസപേശികൾക്കുള്ള വ്യായാമമാണ് ശസ്ത്രക്രിയ കഴിഞ്ഞുള്ള മൂത്ര നിയന്ത്രണമില്ലായ്മയ്ക്ക് ആദ്യപടിയായി രോഗിക്ക് നിർദ്ദേശിക്കുന്നത്. സാധാരണയായി മൂന്ന് മുതൽ ആറ് ആഴ്ചകൾ കൊണ്ട് ഇത്തരം രോഗികൾക്ക് മൂത്ര നിയന്ത്രണശേഷി തിരികെ കിട്ടുന്നതാണ്.

ശസ്ത്രക്രിയ കഴിഞ്ഞുള്ള മൂത്ര നിയന്ത്രണമില്ലായ്മയ്ക്ക് ആറ് മാസം കൊണ്ട് പുരോഗതിയില്ലെങ്കിൽ മറ്റ് ചികിത്സാ മാർഗ്ഗങ്ങൾ അവലംബിക്കണം.

ശസ്ത്രക്രിയയ്ക്കുശേഷമുള്ള മൂത്ര നിയന്ത്രമില്ലായ്മയുള്ള രോഗികളോട് വിശദമായ രോഗചരിത്രം ചോദിച്ചു മനസിലാക്കണം. രോഗിയെ വിശദമായി പരിശോധിക്കണം. മൂത്ര നിയന്ത്രണമില്ലായ്മയുടെ രൂക്ഷത, പുരോഗതി, ബുദ്ധിമുട്ട് മുതലായവ അവലോകനം ചെയ്യണം. എന്ത് പ്രവൃത്തി ചെയ്യുമ്പോഴാണ് മൂത്രനിയന്ത്രണമില്ലായ്മ വർദ്ധിക്കുന്നത് എന്ന് മനസിലാക്കണം. ഉദാഹരണത്തിന് ചുമയ്ക്കുമ്പോൾ ഉണ്ടാകുന്ന മൂത്രനിയന്ത്രണമില്ലായ്മ മൂത്ര നിയന്ത്രണ മാംസപേശികൾക്കുണ്ടായ ക്ഷതംമൂലമുണ്ടാകുന്നതാണ്. യൂറോഡൈനാമിക് പരിശോധന കൊണ്ട് മൂത്ര നിയന്ത്രണമില്ലായ്മ ഏത് തരത്തിലുള്ളതാണെന്ന് മനസിലാക്കാം.

പ്രോസ്റ്റേറ്റ് വീക്കമുള്ള രോഗികളിൽ 48 ശതമാനം പേർക്ക് ഓവർ ആക്ടീവ് ബ്ളാഡർ മൂലമുള്ള മൂത്ര നിയന്ത്രണമില്ലായ്മ ഉണ്ടാകാം.

പ്രോസ്റ്റേറ്റ് ശസ്ത്രക്രിയ കഴിഞ്ഞുള്ള മൂത്ര നിയന്ത്രണമില്ലായ്മയുള്ള രോഗികളോട് വിവിധങ്ങളായ ചികിത്സാരീതികളെപ്പറ്റി വിശദമായി പറഞ്ഞു മനസ്സിലാക്കണം.

ചികിത്സാരീതി തിരഞ്ഞെടുക്കുന്നതിന് മുമ്പ് സിസ്റ്റോസ്കോപ്പി ചെയ്യണം. യൂറോഡൈനാമിക് പരിശോധനകൾ മൂത്ര നിയന്ത്രണമില്ലായ്മയുടെ വിശദാംശങ്ങൾ മനസിലാക്കാൻ യൂറോളജിസ്റ്റിനെ സഹായിക്കുന്നു.

ഇടുപ്പെല്ലിന്റെ മാംസപേശികളുടെ വ്യായാമം ഇത്തരത്തിൽപ്പെട്ട എല്ലാരോഗികൾക്കും നിർദ്ദേശിക്കാം. ചുമയ്ക്കുമ്പോഴുള്ള മൂത്ര നിയന്ത്രണമില്ലായ്മ ബാക്കിയുള്ള ചികിത്സകൊണ്ട് പുരോഗതി ഉണ്ടായില്ലെങ്കിൽ ആർട്ടിഫിഷ്യൽ യൂറിനറി സ്ഫിങ്ടർ (എ.യു.എസ് ) ചികിത്സ പരിഗണിക്കാം. എ.യു.എസ് ദീർഘനാൾ നീണ്ടുനിൽക്കുന്ന സമ്പൂർണ ആശ്വാസം ഇത്തരം മൂത്ര നിയന്ത്രണമില്ലായ്മയുള്ള രോഗികൾക്ക് നൽകുന്നു.

എ.യു.എസിന്റെ പ്രവർത്തനരീതി രോഗിയെ പറഞ്ഞു മനസ്സിലാക്കണം. വിദേശ രാജ്യങ്ങളിൽ മാത്രം ലഭ്യമായ എ.യു.എസ് ചികിത്സ ഇപ്പോൾ ഇവിടെ ലഭ്യമാണ്.

കുറഞ്ഞതോതിൽ മൂത്രനിയന്ത്രണമില്ലായ്മയുള്ള രോഗികൾക്ക് സ്ളിംഗ് ഓപറേഷൻ ഫലപ്രാപ്തി തരുന്നു. എ.യു.എസുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ളിംഗ് സർജറി ചെലവ് കുറഞ്ഞതാണ്. വളരെ വർദ്ധമാനമായ തോതിൽ മൂത്ര നിയന്ത്രണമില്ലായ്മയുള്ള രോഗികളിൽ സ്ളിംഗ് സർജറി പാടില്ല. ഇത്തരക്കാർക്ക് എ.യു.എസ് ആണ് ഗോൾഡ് സ്റ്റാൻഡേർഡ് ചികിത്സ. റേഡിയേഷൻ ചികിത്സയ്ക്കുശേഷമുള്ള വലിയ മൂത്രനിയന്ത്രണമില്ലായ്മയ്ക്കും എ.യു.എസാണ് ചികിത്സാ മാർഗ്ഗം.