തിരുവനന്തപുരം: കൊവിഡ് ചികിത്സയിലും പ്രതിരോധത്തിലും വിവിധ വകുപ്പുകളുടെ ഏകോപനം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ ചൂണ്ടിക്കാട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് നിവേദനം നൽകിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതിനാലാണ് ഗവർണറെ കണ്ടത്.
താൻ ചീഫ് സെക്രട്ടറിക്ക് നൽകിയ 14 നിർദ്ദേശങ്ങൾ അടിയന്തരമായി നടപ്പാക്കാൻ നിർദ്ദേശം നൽകണമെന്നും കൊവിഡ് വാക്സിൻ ക്ഷാമം പരിഹരിക്കാൻ കേന്ദ്രത്തിൽ ഗവർണർ സമ്മർദ്ദം ചെലുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പട്ടു. ഉപരാഷ്ട്രപതി വിളിച്ച യോഗത്തിൽ കേരളത്തിന്റെ ആവശ്യം ധരിപ്പിച്ചിട്ടുണ്ടെന്നും കൂടുതൽ വാക്സിനുവേണ്ടി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ സമർദ്ദം ചെലുത്തുമെന്നും ഗവർണർ ഉറപ്പ് നൽകിയതായി ചെന്നിത്തല പറഞ്ഞു.
പല ജില്ലയിലെയും കളക്ടർമാർ അപ്രായോഗികമായ രീതിയിലാണ് കൊവിഡ് നിയന്ത്രണം നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്തുകൾക്ക് പ്ലാൻ ഫണ്ടിൽ നിന്ന് കൊവിഡ് അടിയന്തര ആവശ്യത്തിനായി തുക ചെലവഴിക്കാൻ അനുമതി നൽകണം. കൊവിഡ് മാനദണ്ഡം പാലിച്ച് ആചാരങ്ങളോടെ തൃശൂർ പൂരം നടത്തണം. ആൾക്കൂട്ടം വേണമോയെന്ന് സർക്കാരും ദേവസ്വം ബോർഡും ചർച്ച ചെയ്ത് തീരുമാനിക്കണം.
ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പ് സർക്കാരിന്റെ മാത്രമല്ല പ്രതിപക്ഷത്തിന്റെയും കൂടിയുള്ള വിലയിരുത്തലാണ്. പ്രതിപക്ഷം പരാജയപ്പെട്ടാൽ പൂർണ ഉത്തരവാദിത്വം തനിക്കാണെന്നും അദ്ദേഹം പറഞ്ഞു.