തിരുവനന്തപുരം: കോൺഗ്രസ് വിട്ട് സി.പി.എം പാളയത്തിൽ ചേക്കേറിയ ചെറിയാൻ ഫിലിപ്പിനെ പരിഹസിച്ചും, കോൺഗ്രസിലേക്ക് തിരികെ ക്ഷണിച്ചും പാർട്ടി മുഖപത്രമായ വീക്ഷണത്തിന്റെ മുഖപ്രസംഗം. 'മോഹമുക്തനായ ചെറിയാന് വീണ്ടും അവഗണന' എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിൽ, ചെറിയാൻ മുമ്പ് കോൺഗ്രസ് നേതാക്കളോട് കാട്ടിയ അവഹേളനങ്ങളും ഓർമ്മപ്പെടുത്തുന്നുണ്ട്.
'മോഹമുക്തനായ കോൺഗ്രസുകാരൻ 'എന്ന് വിശേഷിപ്പിച്ച് കോൺഗ്രസിനകത്ത് വിമതനായി വേഷം കെട്ടിച്ച് തുടലിട്ട കുരങ്ങനെപ്പോലെ ചാടിക്കളിക്കെടാ കുഞ്ഞിരാമാ എന്നു പറഞ്ഞ് ചുടുചോറു മാന്തിച്ച ചെറിയാൻ ഫിലിപ്പിനെ സി.പി.എം വീണ്ടും വഞ്ചിച്ചു. പലപ്പോഴും നിരാശനായി സി.പി.എമ്മിന്റെ അടുക്കളപ്പുറത്ത് ഇരിക്കേണ്ടി വന്ന ചെറിയാന്, വലിയ സ്ഥാനമാനങ്ങളൊന്നുമില്ലെങ്കിലും കോൺഗ്രസിൽ പൂമുഖത്ത് ഒരു കസേരയുണ്ടായിരുന്നു. കോൺഗ്രസിൽ നിന്ന് പുറത്തായ ചെറിയാൻ എ.കെ. ആന്റണിക്കും ഉമ്മൻചാണ്ടിക്കുമെതിരെ ചൊരിഞ്ഞ അധിക്ഷേപങ്ങൾ സാമാന്യ മര്യാദ പോലും മറന്നുകൊണ്ടായിരുന്നു.
വിമതരെ സ്വീകരിക്കുന്നതിൽ സി.പി.എമ്മിന്റെ ഇരട്ടത്താപ്പിന്റെ തെളിവാണ് ചെറിയാൻ ഫിലിപ്പ്. ടി.കെ. ഹംസയെയും ലോനപ്പൻ നമ്പാടനെയും കെ.ടി. ജലീലിനെയും പരിഗണിക്കുകയും മന്ത്രി സ്ഥാനം നൽകുകയും ചെയ്ത സി.പി.എം, ചെറിയാനോട് ചിറ്റമ്മ നയമാണ് സ്വീകരിച്ചത്. കഴിഞ്ഞ തവണ രാജ്യസഭാ സീറ്റ് നൽകാമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. ഒടുവിൽ എളമരം കരീമിനെയാണ് പരിഗണിച്ചത്. ഇത്തവണ ഇടതുപക്ഷത്തിന് ലഭിച്ച രണ്ട് സീറ്റുകളും ഏകപക്ഷീയമായി ഏറ്റെടുത്തു. ഒന്ന് ചെറിയാന് ലഭിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും ചെറിയാൻ വീണ്ടും കബളിപ്പിക്കപ്പെട്ടു.
തിരുവനന്തപുരം വെസ്റ്റ് സീറ്റിന് വേണ്ടി ആഗ്രഹിച്ച് നോർത്ത് നൽകിയിട്ടും തൃപ്തിയാകാതെയായിരുന്നു ചെറിയാന്റെ മറുകണ്ടം ചാട്ടം. പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കുമെന്ന ചൊല്ല് അന്വർത്ഥമാക്കുന്നതായി ചെറിയാന്റെ ഗതി. മറുകണ്ടം ചാടി വരുന്നവരുടെ ചോര പരമാവധി ഊറ്റിക്കുടിച്ച് എല്ലും തൊലിയും മാത്രം അവശേഷിപ്പിക്കുന്ന കരിമ്പനയിലെ യക്ഷിയെപ്പോലെയാണ് സി.പി.എം. അപരാധങ്ങൾ ഏറ്റുപറഞ്ഞ് തെറ്റുകൾ തിരുത്തി ചെറിയാൻ കോൺഗ്രസിലേക്ക് തിരിച്ചുവന്നാൽ പാർട്ടി അദ്ദേഹത്തെ അർഹിക്കുന്ന പ്രാധാന്യത്തോടെ സ്വീകരിക്കുമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
മുഖപ്രസംഗത്തിൽ മുല്ലപ്പള്ളിക്ക് അതൃപ്തി
ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പാർട്ടി മുഖപത്രത്തിന്റെ മുഖപ്രസംഗത്തോടുള്ള അതൃപ്തി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വീക്ഷണം അധികൃതരെ അറിയിച്ചു. പാർട്ടി നേതൃത്വത്തോട് ആലോചിക്കാതെ മുഖപ്രസംഗം തയ്യാറാക്കിയതിലാണ് അതൃപ്തി.
എന്നാൽ ചെറിയാൻഫിലിപ്പ് കോൺഗ്രസിലേക്ക് വരുന്നതിൽ തടസമില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
കോൺഗ്രസിന്റെ ആശയങ്ങളും ആദർശങ്ങളും ഉൾക്കൊള്ളുന്ന ആർക്കും പാർട്ടിയിലേക്ക് കടന്നുവരാം. ഉപാധികളോടെ ആരെയെങ്കിലും സ്വീകരിക്കുന്ന കീഴ്വഴക്കം കോൺഗ്രസിലില്ല. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തൃശൂർ പൂരം നടത്തുന്ന കാര്യം സംഘാടകരും സർക്കാരും അവധാനതയോടെ ചിന്തിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.