തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 75 സീറ്റുകൾ ഉറപ്പായി കിട്ടുമെന്ന് അവലോകന യോഗം വിലയിരുത്തി. കടുത്ത മത്സരം നടന്ന ചില മണ്ഡലങ്ങളിൽ ഫലം മാറിമറിഞ്ഞാൽ ഇത് 81 സീറ്റു വരെ ആയേക്കാം.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഡി.സി.സി പ്രസിഡന്റുമാരുമായി നടത്തിയ ഓൺലൈൻ അവലോകന യോഗത്തിലാണ് ഈ വിലയിരുത്തൽ. 13 മണ്ഡലങ്ങളിലാണ് കടുത്ത മത്സരം നടന്നത്. ഇവിടങ്ങളിൽ പുതുതായി ചില സീറ്റുകൾ യു.ഡി.എഫിന് ലഭിക്കാൻ സാദ്ധ്യതയുണ്ട്. കഴിഞ്ഞ തവണ ഒറ്റ സീറ്റു പോലുമില്ലാതിരുന്ന കൊല്ലം ജില്ലയിൽ നാല് സീറ്റു വരെ ലഭിക്കും. തിരുവനന്തപുരം, ആലപ്പുഴ തുടങ്ങിയ ജില്ലകളിൽ കഴിഞ്ഞ തവണത്തെക്കാൾ നില മെച്ചപ്പെടും. മിക്ക മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കുറ്റമറ്റ വിധത്തിൽ നടത്താൻ കഴിഞ്ഞതായും യോഗം അഭിപ്രായപ്പെട്ടു. ബൂത്ത് തലത്തിലുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് 140 മണ്ഡലങ്ങളിലെയും വോട്ടിംഗ് അവലോകനം നടന്നത്. തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ വിശ്രമത്തിലായതിനാൽ , പകരം ഡി.സി.സി കൺട്രോൾ റൂം ചുമതലയുള്ള വി.ആർ.പ്രതാപനാണ് പങ്കെടുത്തത്.
പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ട പരാതികൾ ഓരോ ജില്ലയിലെയും റിട്ടേണിംഗ് ഓഫീസർമാർക്ക് നൽകാൻ പാർട്ടി അദ്ധ്യക്ഷൻ നിർദ്ദേശിച്ചു. എല്ലാ ഡി.സി.സികളിലും കൊവിഡ് കൺട്രോൾ റൂമുകൾ തുടങ്ങാനും ധാരണയായി.