തിരുവനന്തപുരം : കൊവിഡ് വ്യാപനം കണക്കിലെടുത്ത് ശ്രീചിത്രയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അടിയന്തര ശസ്ത്രക്രിയകൾ മാത്രമാണ് നടത്തുന്നത്. മറ്റുള്ള ശസ്ത്രക്രിയകൾക്ക് കൊവിഡ് വ്യാപനം കുറയുന്നതനുസരിച്ച് പുതിയ തീയതി നൽകും. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് പേർക്കും രണ്ട് ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഹൃദയ ശസ്ത്രക്രിയാവിഭാഗം അടച്ചതായുള്ള പ്രചാരണം ശരിയല്ലെന്നും അവർ വ്യക്തമാക്കി. ഇന്ന് മുതൽ ഒ..പി പരിശോധനയിലും അഡ്മിറ്റ് ചെയ്യുന്നതിലും നിയന്ത്രണമുണ്ടാകും. ഒ.പിയിൽ എത്തുന്നവരുടെ എണ്ണം കുറയ്ക്കുന്നതോടെ ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ടെലിമെഡിസിൻ സംവിധാനവും ഏർപ്പെടുത്തി. ശ്രീചിത്രയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രോഗികൾക്ക് തുടർചികിത്സയ്ക്കായി ഡോക്ടറുമായി ടെലിഫോണിൽ സംസാരിക്കാം. ഡോക്ടർ ഒപ്പിട്ട മരുന്ന് കുറിപ്പടികളും ഓൺലൈനായി കൈമാറും. റിവ്യൂ ഫീസ് ഓൺലൈനായി അടയ്ക്കാനുള്ള ലിങ്ക് സന്ദേശമായി നൽകും. ടെലിമെഡിൻ ആവശ്യമായവർക്ക് 0471 - 2524535 / 435 / 615 നമ്പരിൽ ബന്ധപ്പെടുകയോ mrd@sctimst.ac.in എന്ന ഇ-മെയിലിലൂടെ അപേക്ഷ നൽകുകയോ ചെയ്യാം.