d

തിരുവനന്തപുരം: അതിർത്തിയിലെ നിയന്ത്രണങ്ങളിൽ തമിഴ്നാട് കടുംപിടിത്തം തുടരുന്നതോടെ ജനങ്ങൾ ദുരിതത്തിലായി. ഇടറോഡുകൾ തുറക്കുന്നത് സംബന്ധിച്ച് കേരള ചീഫ് സെക്രട്ടറി വി.പി. ജോയി തമിഴ്നാട് സർക്കാരിനെ വീണ്ടും ബന്ധപ്പെട്ടങ്കിലും നടപടിയായില്ല. ഇതോടെ കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് കച്ചവടത്തിന് പോകുന്നവർ, ജോലിയുള്ളവ‌ർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ബുദ്ധിമുട്ടിലായി.

ഇതേക്കുറിച്ച് സംഘടനകൾ പരാതി നൽകിയെങ്കിലും കൊവിഡ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണമാണിതെന്നാണ് കന്യാകുമാരി ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. റോഡുകൾ അടച്ചതിനെക്കുറിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വീണ്ടും തമിഴ്നാട് ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തുമെന്നും സൂചനയുണ്ട്. തമിഴ്നാട്ടിലെ രാത്രി കർഫ്യൂവും ഞായറാഴ്ചകളിലെ നിയന്ത്രണവും കാരണം കർശന പരിശോധനയ്ക്ക് ശേഷമാണ് അത്യാവശ്യ വാഹനങ്ങൾ തമിഴ്നാട്ടിലേക്ക് കടത്തിവിടുന്നത്.

അടച്ച ഇടറോഡുകളിലെല്ലാം കനത്ത പൊലീസ് സുരക്ഷയും ഏ‌ർപ്പെടുത്തിയിട്ടുണ്ട്. അതിനിടെ ഇഞ്ചിവിളയിൽ കേരള പൊലീസിന്റെ പരിശോധന ആരംഭിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ പിഴയും താക്കീതും നൽകിയാണ് അതി‌‌ർത്തിയിൽ വാഹനങ്ങൾ കടത്തിവിടുന്നത്.