ആറ്റിങ്ങൽ: നാളുകൾ കഴിയുംതോറും ആറ്റിങ്ങൽ നഗരം വികസനത്തിന്റെ പാതയിലാണ്. എന്നാൽ സ്വകാര്യ ബസുകൾക്കായി സ്ഥാപിച്ച ആറ്റിങ്ങൽ മുൻസിപ്പൽ ബസ് സ്റ്റാൻഡ് ഇപ്പോഴും പരിമിതികളിൽ ബുദ്ധിമുട്ടുകയാണ്. പരാതിപറഞ്ഞ് യാത്രക്കാരും സ്വകാര്യ ബസ് ജീവനക്കാരും കുഴഞ്ഞു. നവീകരണം ഉടനുണ്ടാകും, ബസ് സ്റ്റാൻഡ് മാമത്തേക്ക് മാറ്റും എന്നൊക്കെ പറയാൻ തുടങ്ങിയിട്ട് ഇരുപത് വർഷത്തിലേറെയായി. നഗരസഭയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന കേന്ദ്രമാണ് സ്വകാര്യ ബസ് സ്റ്റാൻഡ്. എന്നാൽ അതിനു തക്ക വികസനം ഇവിടെ നടപ്പാക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പലപ്പോഴായി ചില്ലറ പണികളൊക്കെ നടക്കുന്നുണ്ടെങ്കിലും ആസൂത്രിതമായ യാതൊരു പുരോഗതിയും ഇതുവരെ നടന്നിട്ടില്ല. ബസ് സ്റ്റാൻഡിന് ഇരുവശത്തും റോഡാണ്. അതിലൊന്ന് നാലുവരി പാതയായി വികസിക്കുന്ന ദേശീയപാതയുമാണ്. ദേശീയപാതയോടു ചേർന്ന് വ്യാപാര സമുച്ചയം നിർമ്മിച്ചാൽ ഇപ്പോൾ ലഭിക്കുന്നതിന്റെ പതിൻമടങ്ങ് വരുമാനം ഉണ്ടാക്കാമെന്നാണ് വിലയിരുത്തൽ.
പല കൗൺസിലും ഇതിനായി പദ്ധതികൾ തയാറാക്കിയിരുന്നു. എന്നാൽ അതെല്ലാം ബഡ്ജറ്റിൽ മാത്രം ഒതുങ്ങി. ചിറയിൻകീഴ് താലൂക്കിന്റെ ആസ്ഥാനമായ ആറ്റിങ്ങലിന്റെ വികസനത്തിന് ഏറെ കരുത്തുനൽകുന്നതാണ് നഗര ഹൃദയത്തിലുള്ള ഈ ബസ് സ്റ്റാൻഡ്.
.
വർഷങ്ങൾക്കു മുൻപ് ബസ് സ്റ്റാൻഡിൽ ദേശീയപാതയോടു ചേർന്ന് ഇരുനില കെട്ടിടം നിർമ്മിച്ചിരുന്നു. ഇവിടെ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ബസ് സ്റ്റാൻഡിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ബങ്കുകളിൽ നിന്നും നല്ലൊരു തുക വാടകയും നഗരസഭയ്ക്ക് ലഭിക്കുന്നുണ്ട്
ബസ് സ്റ്റാൻഡ് മാറ്റത്തിലെ പാളിച്ചകൾ
ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ തിരക്ക് കൂടുകയും അപകടങ്ങൾ പതിവാകുകയും ചെയ്തതോടെ 2000ത്തിലാണ് സ്റ്റാൻഡ് മാമത്തേക്ക് മാറ്റാൻ പദ്ധതിയിട്ടത്. മാമം കന്നുകാലിച്ചന്ത നടക്കുന്ന ഭൂമി ഇതിനായി ലക്ഷങ്ങൾ മുടക്കി ഒരുക്കുകയും ചെയ്തു. 2005ൽ ബസ് സ്റ്റാൻഡ് പ്രവർത്തിപ്പിക്കുന്നതിനായി വക്കം പുരുഷോത്തമൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ മുടക്കി കെട്ടിടവും റോഡ് ടാറിംഗും നടന്നു. അപ്പോഴാണ് ഭൂമിയുടെ ഉമസ്ഥതാവകാശം സംബന്ധിച്ച് തകർക്കം ഉയർന്നത്. അതോടെ ഈ വിഷയം കോടതിയിലായി. ബസ് സ്റ്റാൻഡ് മാറ്റം അങ്ങനെ സ്വാഹയായി. മാമത്തേക്ക് സ്റ്റാൻഡ് മാറ്റുന്നതിൽ ബസ് ഉടമകളും ജീവനക്കാരും എതിർപ്പു കൂടി പ്രകടിപ്പിച്ചതോടെ എല്ലാ പദ്ധതികളും താളം തെറ്റി. സമയക്രമം, ഫെയർ സ്റ്റേജ് തുടങ്ങിയ പ്രശ്നങ്ങളാണ് ഉമകൾ നിരത്തിയത്.
പാളിയ വികസനം
ഇപ്പോൾ ബസ് സ്റ്റാൻഡ് പ്രവർത്തിക്കുന്ന സ്ഥലത്തുതന്നെ ആധുനിക രീതിയിൽ സ്റ്റാൻഡ് നിർമ്മിക്കാനുള്ള പദ്ധതി ഇടയ്ക്ക് ചർച്ച ചെയ്തതാണ്. നിലവിലെ പഴകിയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി ഭൂമിക്കടിയിൽ പാർക്കിംഗ് സൗകര്യവും റോഡ് നിരപ്പിൽ ബസ് സ്റ്റാൻഡും അതിനു മുകളിൽ ഷോപ്പിംഗ് കോംപ്ലക്സും സ്ഥാപിക്കാനായിരുന്നു ആലോചിച്ചത്. ഇതിന് മതിയായ സാമ്പത്തികമില്ലാത്തതിനാൽ ഈ പദ്ധതിയിൽ നിന്നും നഗരസഭ പിൻമാറി.