തിരുവനന്തപുരം : കൊവിഡ് രണ്ടാംതരംഗത്തിന്റെ പ്രഹരം സംസ്ഥാനത്ത് രൂക്ഷമായി തുടരുകയാണ്. തുടർച്ചയായി നാലാം ദിവസവും രോഗികളുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്.രോഗബാധിതരായ 13,644 പേരെയാണ് ഇന്നലത്തെ പരിശോധനാഫലത്തിൽ തിരിച്ചറിഞ്ഞത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 1,03,004 ആയി. ആദ്യമായാണ് സംസ്ഥാനത്ത് ഒരേസമയം ചികിത്സയിലുള്ളവർ ലക്ഷം കവിയുന്നത്. 21 മരണം റിപ്പോർട്ട് ചെയ്തു.
38 ആരോഗ്യ പ്രവർത്തകർ രോഗബാധിതരായി. ജില്ലകളിൽ നിന്ന് ശേഖരിച്ച 3,00,971 സാമ്പിളുകളിൽ 87,275 എണ്ണത്തിന്റെ ഫലംകൂടി ലഭിച്ചതോടെ 15.63 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. യു.കെയിൽ നിന്നു വന്ന മൂന്ന് പേർക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചു.ഇന്നലെ രോഗംസ്ഥിരീകരിച്ചതിൽ 12,550 പേർ സമ്പർക്കരോഗികളാണ്. 826 പേരുടെ ഉറവിടം വ്യക്തമല്ല. 230 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4305 പേർകൂടി രോഗമുക്തരായി.
ഗുരുതരം എറണാകുളം, കോഴിക്കോട്
രോഗികളുടെ എണ്ണം കുതിച്ചുയരുന്ന എറണാകുളത്തും കോഴിക്കോടും സ്ഥിതി ഗുരുതരമാണ്.
കോഴിക്കോട് 2022, എറണാകുളത്ത് 1781 എന്നിങ്ങനെയാണ് പുതിയ കേസുകൾ. എറണാകുളത്ത് 15854 പേരും കോഴിക്കോട് 14959 പേരും ചികിത്സയിലാണ്. 9293 പേർ ചികിത്സയിലുള്ള മലപ്പുറമാണ് മൂന്നാം സ്ഥാനത്ത്.
മലപ്പുറം 1661, തൃശൂർ 1388, കണ്ണൂർ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസർകോട് 676, പാലക്കാട് 581, ഇടുക്കി 469, കൊല്ലം 455, പത്തനംതിട്ട 390, വയനാട് 388 എന്നിങ്ങനെയാണ് പുതിയ രോഗികൾ.