തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബസുകളിലെ തിരക്കൊഴിവാക്കാൻ നഗരത്തിൽ കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ ആരംഭിച്ചു. തമ്പാനൂർ സെൻട്രൽ ബസ് ടെർമിനൽ നിന്നും കിഴക്കക്കോട്ടയിൽ നിന്നുമാണ് നിലവിൽ സർവീസ് ആരംഭിച്ചത്. രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാരെ അനുവദിക്കുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും വൈകിട്ട് 3 മുതൽ 6 വരെയുമാണ് സർവീസുകൾ നടത്തുന്നത്. അവധി ദിവസങ്ങളിൽ സാധാരണ രീതിയിലുള്ള സർവീസുമുണ്ടാകും. 3 മുതൽ 5 വരെ ട്രിപ്പുകളാണ് കൂടുതലായി ആരംഭിച്ചത്.
ബസുകളിൽ യാത്രക്കാർ നിന്ന് യാത്ര ചെയ്യരുതെന്ന് ഉത്തരവുണ്ടായിരുന്നെങ്കിലും നിർദ്ദേശം പാലിക്കപ്പെട്ടില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. കൂടുതൽ സർവീസുകൾ ഏർപ്പെടുത്തിയെങ്കിലും തമ്പാനൂരിലും കിഴക്കേകോട്ടയിലും ബസുകളിൽ കയറാൻ വൻ തിരക്ക് അനുഭവപ്പെടുന്നുണ്ട്. യാത്രക്കാർ കൂടുതലുള്ള റൂട്ടിൽ അധിക സർവീസ് വേണമോയെന്ന് സാഹചര്യത്തിനനുസരിച്ച് തീരമാനിക്കുമെന്നും അധികൃതർ വ്യക്തമാക്കി.