തിരുവനന്തപുരം: 'ടോട്ടൽ ഫോർ യു' നിക്ഷേപങ്ങൾക്ക് ശബരിനാഥ് വൻപലിശ വാഗ്ദാനം ചെയ്തിരുന്നതായി നിക്ഷേപകർ കോടതിയിൽ മൊഴി നൽകി. 20 മുതൽ 80 ശതമാനം വരെ പലിശ സ്ഥിര നിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയ്തിരുന്നു.അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് വിവീജ രവീന്ദ്രനാണ് കേസ് പരിഗണിച്ചത്.
എട്ട് മാസത്തിനകം പൂർത്തിയാക്കണമെന്ന ഹെെക്കോടതി നിർദ്ദേശത്തെ തുടർന്നാണ് വിചാരണ ആരംഭിച്ചത്. സിഡ്കോയിലെ മുൻ മാനേജർ ചന്ദ്രമതിയും ശബരിയും ചേർന്നാണ് നിക്ഷേപത്തിന് പ്രേരിപ്പിച്ചതെന്ന് സിഡ്കോയിലെ മുൻ ജീവനക്കാരനും പാങ്ങപ്പാറ സ്വദേശിയുമായ മാധവൻ നായർ മൊഴി നൽകി. 20 സെന്റ് ഭൂമി വിറ്റ് കിട്ടിയ 11 ലക്ഷം രൂപ നിക്ഷേപിച്ചതായി മാധവൻ നായർ കോടതിയെ അറിയിച്ചു. ആദ്യമൊക്കെ പലിശ നൽകിയിരുന്നു.
ഡോക്ടർ രമണി,സ്ഥാപനത്തിന്റെ മാനേജർ മിലി എന്നിവരുടെ പ്രേരണയാലാണ് പണം നിക്ഷേപിച്ചതെന്നായിരുന്നു പൂജപ്പുര സ്വദേശി മിലന്റെ മൊഴി. ഇതുവരെ വിസ്തരിച്ച 20 പേരും പ്രതികൾക്കെതിരായാണ് മൊഴി നൽകിയത്. ക്രെെം ബ്രാഞ്ച് ഡിവെെ.എസ്.പി പി.രഘുവാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രതികൾക്കെതിരെ 11 കേസുകളുണ്ട്. ശബരിനാഥ്, ഡോക്ടർ രമണി,സിഡ്കോ മുൻ സീനിയർ മാനേജർ ചന്ദ്രമതി,ശബരിയുടെ ജീവനക്കാരായ ബിന്ദു, മിലി, പ്രമോദ് എെസക് എന്നിവരടക്കം 19 പ്രതികളാണ് വിചാരണ നേരിടുന്നത്.