നെയ്യാറ്റിൻകര: മണവാട്ടി ജുവലറിയിൽ നിന്നു സ്വർണം പിടിച്ചുപറിച്ച് ഓടിയ പ്രതി അറസ്റ്റിൽ. തമിഴ്നാട് തിരുപ്പൂർ ജോളാർപേട്ട് അംബേദ്കർ നഗർ ഡോൺ ബോസ്ക്കോ സ്കൂളിന് സമീപം ബാബറി (42)നെയാണ് നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് 4 മണിയോട് കൂടിയാണ് സംഭവം. സ്വർണം വാങ്ങാനെന്ന വ്യാജേന ജുവലറിയിൽ വന്ന പ്രതി, മോതിരത്തിന്റെ വിവിധ മോഡലുകൾ ആവശ്യപ്പെടുകയായിരുന്നു. സെയിൽസ് മാൻ മോതിരങ്ങൾ കാണിക്കുന്ന സമയം ഇയാൾ ജീവനക്കാരനെ തള്ളിമറിച്ചിട്ട് വളകളും മോതിരങ്ങളും അടങ്ങിയ കവർ എടുത്ത് ഓടുകയായിരുന്നു. പിന്നാലെ ഓടിയ ജുവലറി ജീവനക്കാർ ഇയാളെ കൃഷ്ണൻകോവിൽ പരിസരത്തു നിന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. നെയ്യാറ്റിൻകര സി ഐ ബി. ശ്രീകുമാരൻ നായർ, സബ് ഇൻസ്പെക്ടർമാരായ ബി.എസ്. ആദർശ്, സജി ഗിൽഡ്, എ.എസ്.ഐ ലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.