തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്തിന്റെ കുത്തേറ്റ് മരിച്ച ഷംനാദിന്റെ വേർപാട് വിശ്വസിക്കാനാകാതെ കുടുംബം. ഞായറാഴ്ച രാത്രി മലയിൻകീഴിലെ സുഹൃത്തിന്റെ വീട്ടിൽ വച്ച് മദ്യപിക്കുന്നതിനിടെയാണ് ശംഖുംമുഖം രാജീവ് നഗർ ടി.സി 34/61ൽ പരേതനായ ഷംസുദ്ദീന്റെ മകൻ ഷംനാദ് (33) കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ടുവരെ ഷംനാദ് വീടിന് സമീപത്തുണ്ടായിരുന്നു.

സുഹൃത്തുക്കൾ വിളിച്ചതിനെ തുടർന്നാണ് മലയിൻകീഴ് പണ്ടാരക്കണ്ടം ദുർഗാ ലെയിനിലെ അഭിവില്ല എന്ന വീട്ടിൽ ഷംനാദെത്തിയത്. സുഹൃത്തായ ബിനുവിന്റെ വീടാണിത്. ബിനുവിന്റെ ഭാര്യയും മക്കളും ഭാര്യയുടെ വീട്ടിൽ പോയിരുന്നതിനാൽ ഷംനാദും ബിനുവും സുഹൃത്തുക്കളായ മണിച്ചൻ എന്ന വിഷ്‌ണുരൂപ്,​ കുക്കു എന്ന രഞ്ജിത്ത് എന്നിവർ ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് അപ്രതീക്ഷിത വാക്കേറ്റവും കത്തിക്കുത്തുമുണ്ടാകുന്നത്. ആശുപത്രിയിലെത്തിക്കാനാകാതെ രക്തം വാർന്നാണ് ഷംനാദ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കിടന്ന ബെഡ്റൂമിലും സമീപത്തെ ബാത്ത്റൂമിലുമൊക്കെ രക്തം വാർന്നൊഴുകിയിരുന്നു.

സാമ്പത്തികമായി പിന്നാക്കാവസ്ഥയിലായിരുന്ന കുടുംബത്തിലെ അംഗമായ ഷംനാദ് ഹൃദ്രോഗിയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഹൃദ്രോഗിയായ അമ്മയും ഭാര്യയും ആറും രണ്ടരയും വയസുള്ള രണ്ട് ആൺമക്കളും അടങ്ങുന്നതാണ് കുടുംബം. ഭാര്യ ജസ്‌നയ്‌ക്കും ജോലിയില്ല. നേരത്തെ ഓട്ടോ ഡ്രൈവറായിരുന്ന ഷംനാദ് കുറച്ചുകാലമായി സ്ഥിരമായി ജോലിക്ക് പോകാറില്ലായിരുന്നു. സ്ഥിരം മദ്യപിക്കാറുണ്ടെങ്കിലും ഷംനാദ് പ്രശ്‌നക്കാരനല്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം.