നെടുമങ്ങാട്: താലൂക്കിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തി. ആർ.ടി.പി.സി.ആർ ടെസ്റ്റുകളും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ നിറുത്തിവച്ചിരുന്ന വാക്സിനേഷനും പുനരാരംഭിച്ചു. ഇന്ന്, വെള്ളനാട്, വിതുര, പെരിങ്ങമ്മല, കല്ലറ, ഭരതന്നൂർ, മാണിക്കൽ, പുല്ലമ്പാറ, ആനാട് എന്നീ കേന്ദ്രങ്ങളിൽ കൊവിഡ് പരിശോധന നടത്തുമെന്ന് താലൂക്കുതല കൊവിഡ് മിഷൻ ചുമതലയുള്ള ഡോ. മനോജ് അറിയിച്ചു. ആയിരത്തോളം പേരിൽ ഇന്നലെ പരിശോധന നടത്തിയതിൽ ഇരുപതോളം പേർക്ക് പോസിറ്റീവാണ്. രണ്ടാംഘട്ടത്തിൽ ഇതുവരെ 84 കേസുകൾ സ്ഥിരീകരിച്ച ആനാട് പഞ്ചായത്താണ് മുന്നിൽ നിൽക്കുന്നത്. 7 കേസുകൾ ഇന്നലെയും ഇവിടെ റിപ്പോർട്ട് ചെയ്തു. 140 പേർക്ക് വാക്സിൻ കുത്തിവച്ചു. താലൂക്കാസ്ഥാനമായ നെടുമങ്ങാട് റവന്യൂ ടവറിൽ 3 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യാപാര സമുച്ചയവും താലൂക്കോഫീസ് ഉൾപ്പടെ ഇരുപതോളം സർക്കാരോഫീസുകളും പ്രവർത്തിക്കുന്ന റവന്യൂ ടവറിൽ കൊവിഡ് പ്രോട്ടോക്കോൾ കർശനമാക്കാൻ തഹസിൽദാരും ഡിവൈ.എസ്.പിയും നിർദ്ദേശം നൽകി. പാലോട്, ആര്യനാട്, അരുവിക്കര എന്നീ കേന്ദ്രങ്ങളിൽ മുന്നൂറോളം പേർക്ക് ഇന്നലെ വാക്സിനേഷൻ നടത്തി. തദ്ദേശ സ്ഥാപനങ്ങളുടെയും ലോക്കൽ പൊലീസ് സ്റ്റേഷനുകളുടെയും മേൽനോട്ടത്തിൽ ഗ്രാമീണ മേഖലയിൽ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. കടകളും ജനവാസ മേഖലകളും പൊലീസ് നിരീക്ഷണത്തിലാണ്. എസ്.ഐമാരും ഗ്രേഡ് എസ്.ഐമാരും മൂന്ന് സിവിൽ പൊലീസ് ഓഫീസർമാരും അടങ്ങുന്ന സ്പെഷ്യൽ സ്ക്വാഡുകളായാണ് പരിശോധന ക്രമപ്പെടുത്തിയിട്ടുള്ളത്. മാസ്ക് ധരിക്കാത്തതിനും സാമൂഹികാകലം പാലിക്കാത്തതിനും പ്രതിദിനം 100 കേസെങ്കിലും ഓരോ സ്‌ക്വാഡും രജിസ്റ്റർ ചെയ്യണമെന്ന് മുകളിൽ നിന്ന് നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ആയിരത്തിലധികം പേർക്കാണ് കഴിഞ്ഞദിവസങ്ങളിൽ പിഴ ചുമത്തിയത്.