തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാംവരവിൽ പ്രതിദിനം കുതിച്ചുയരുന്ന വ്യാപനം പ്രതിരോധിക്കാൻ രണ്ടാഴ്ചത്തേക്ക് രാത്രികാല കർഫ്യു ഉൾപ്പെടെ കേരളം കൂടുതൽ കടുത്ത നിയന്ത്രണങ്ങളിലേക്ക്. രാത്രി 9 മുതൽ രാവിലെ 5 വരെയുള്ള കർഫ്യു ഇന്ന് നിലവിൽ വരും. സംസ്ഥാനത്തെ സങ്കീർണ സാഹചര്യം വിലയിരുത്താൻ ഇന്നലെ ചീഫ് സെക്രട്ടറി വി.പി. ജോയി വിളിച്ച അടിയന്തര ഉന്നതതല യോഗത്തിലാണ് തീരുമാനം.
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രാത്രി കർഫ്യൂ എർപ്പെടുത്തണമെന്ന് രാവിലത്തെ യോഗത്തിൽ നിർദ്ദേശിച്ചത് പൊലീസ് ആണ്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കോർ കമ്മിറ്റി ഉച്ചയ്ക്കു ശേഷം ചേർന്ന് ഇത് അംഗീകരിക്കുകയായിരുന്നു. യോഗത്തിനു മുമ്പ് ജില്ലാ പൊലീസ് മേധാവികൾ, ജില്ലാ കളക്ടർമാർ എന്നിവരുമായി ചീഫ് സെക്രട്ടറി കൂടിയാലോചന നടത്തി. യോഗത്തിനു ശേഷം മുഖ്യമന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ചു. മന്ത്രിമാർ യോഗത്തിന്റെ ഭാഗമായിരുന്നില്ല. വരും ദിവസങ്ങളിൽ സ്ഥിതിഗതി വിലയിരുത്തി നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുന്നത് പരിഗണിക്കും.
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നിയമനടപടിയുണ്ടാകും. രോഗികളെ ചികിത്സാകേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചും അവരുമായി സമ്പർക്കമുണ്ടായവരെ ക്വാറന്റൈനിലാക്കിയും മറ്റുള്ളവരുടെ സഞ്ചാരം നിയന്ത്രിച്ചും മേയ് മാസത്തിനു മുമ്പ് വ്യാപനത്തോത് കുറയ്ക്കുകയാണ് ലക്ഷ്യം.
രാത്രി കർഫ്യൂ
കർഫ്യൂ സമയത്ത് അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്.
വ്യാപാര, വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കരുത്
സ്വകാര്യ,സർക്കാർ സ്ഥാപനങ്ങൾക്കും ബാധകം.
വാഹന ഗതാഗതം നിയന്ത്രിക്കും.
പൊതുഗതാഗതത്തിന് ബാധകമല്ല
മറ്റു നിയന്ത്രണം
സിനിമ തിയേറ്ററുകളും മാളുകളും വൈകുന്നേരം എഴ് വരെ
പകൽ സമയത്തും ജനത്തിരക്ക് നിയന്ത്രിക്കും
സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം നടപ്പാക്കണം
ഇത് വകുപ്പ് മേധാവികൾക്ക് നിശ്ചയിക്കാം.
സ്റ്റോക്കില്ല, വാക്സിനേഷൻ നിലയ്ക്കും
തിരുവനന്തപുരം : സ്റ്റോക്ക് ഇല്ലാത്തതിനാൽ സംസ്ഥാനത്ത് ഇന്നു മുതൽ കൊവിഡ് വാക്സിനേഷൻ നിലയ്ക്കും. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ആദ്യ ഡോസിനുള്ള മരുന്നില്ല. പുതിയ സ്റ്റോക്ക് എന്നു വരുമെന്ന് വിവരം ലഭിച്ചിട്ടില്ല. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് വാക്സിൻ സ്റ്റോറുകളിലായി 93,103 ഡോസ് സ്റ്റോക്കിൽ ഭൂരിഭാഗവും രണ്ടാം ഡോസ് നൽകാനുള്ളതാണ്. ഇന്നലെയും നാമമാത്രമായാണ് വാക്സിനേഷൻ നടന്നത്.
18 കഴിഞ്ഞവർക്കും വാക്സിൻ
ന്യൂഡൽഹി: അതിതീവ്ര രണ്ടാംതരംഗം ശക്തമായതോടെ ,18 വയസിനു മുകളിലുള്ള എല്ലാവർക്കും മേയ് ഒന്നു മുതൽ കൊവിഡ് പ്രതിരോധ വാക്സിൻ നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. ആരോഗ്യ പ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും 45 വയസിന് മുകളിലുള്ളവർക്കും കേന്ദ്രസർക്കാർ കേന്ദ്രങ്ങളിൽ വാക്സിൻ സൗജന്യമായി തുടരും.
ഇറക്കുമതി ചെയ്യുന്ന റെഡി ടു യൂസ് വാക്സിനുകൾ കമ്പനികൾക്ക് നേരിട്ടും വിറ്റഴിക്കാം
രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്സിന്റെ 50 ശതമാനം കേന്ദ്രസർക്കാരിന് നൽകണം
50 ശതമാനം പൊതുമാർക്കറ്റിലും സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും വില്ക്കാം
വില മേയ് ഒന്നിന് മുൻപ് പ്രസിദ്ധപ്പെടുത്തണം
കേന്ദ്രത്തിനു ലഭിക്കുന്ന വാക്സിൻ സംസ്ഥാനങ്ങൾക്ക് ക്വാട്ട നിശ്ചയിച്ച് നൽകും
വ്യാപനം കൂടിയ സംസ്ഥാനങ്ങൾക്ക് മുൻഗണന
രണ്ടാം ഡോസ് കുത്തിവയ്ക്കാനുള്ളവർക്ക് ആദ്യപരിഗണന